Chiking
Latest News

ശബരിമല: നിരീക്ഷണ സമിതിയെ നിയോഗിച്ചുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണം; സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: ശബരിമലയില്‍ സുഗമമായ തീര്‍ഥാടനം ഉറപ്പാക്കാന്‍ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷണ സമിതിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സമിതിയെ നിയോഗിച്ചുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.  പൊലീസിനും എക്സിക്യൂട്ടീവിനും മേലുള്ള കടന്നുകയറ്റമാണിത്. ശബരിമലയിലെ പൊലീസിന്റെ പ്രവര്‍ത്തനത്തെ ഇതു ബാധിക്കുന്നുവെന്നും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ശബരിമലയില്‍ ഇത്തരമൊരു സമിതി പ്രയോഗികമല്ലെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു.

മണ്ഡലകാലത്ത് ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താനാണ് ഹൈക്കോടതി സമിതിയെ നിയോഗിച്ചത്. ദേവസ്വം ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി.ആര്‍. രാമന്‍,ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാന്‍ ജസ്റ്റിസ് എസ് സിരിജഗന്‍, ഡിജിപി എ ഹേമചന്ദ്രന്‍ എന്നിവരാണ് നിരീക്ഷണ സമിതിയിലെ അംഗങ്ങള്‍.

ശബരിമലയുടെ പൂര്‍ണ നിയന്ത്രണം മൂന്നംഗ സമിതിയില്‍ നിക്ഷിപ്തമാകുന്ന വിധത്തിലാണു സമിതിക്കു രൂപം നല്‍കിയിരിക്കുന്നത്. മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളിലും ഇടപെടാനും തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനും സമിതിക്ക് അവകാശമുണ്ട്. ദേവസ്വം ബോര്‍ഡിനും പൊലീസിനും ഉള്‍പ്പെടെ നിര്‍ദേശങ്ങള്‍ നല്‍കാന്‍ സമിതിക്ക് അധികാരമുണ്ട്.

സമിതിയിലെ ഒരംഗം എല്ലാ സമയത്തും സന്നിധാനത്തുണ്ടാകുമെന്നാണു സൂചന. അങ്ങനെ വന്നാല്‍ ശബരിമലയിലെ എല്ലാക്കാര്യവും മേല്‍നോട്ടസമിതിക്കു വിധേയമാകും. മേല്‍നോട്ടസമിതിയുടെ പ്രവര്‍ത്തനത്തിന് ഏതെങ്കിലും വിധത്തിലുള്ള ബുദ്ധിമുട്ടുണ്ടായാല്‍ ഹൈക്കോടതിയുടെ ശ്രദ്ധയില്‍ വരുമെന്നതു സര്‍ക്കാരിനു തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇതോടെ സര്‍ക്കാറിന് ശബരിമലയില്‍ ഉണ്ടായിരുന്ന മേല്‍ക്കൈ നഷ്ടമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

സുപ്രീം കോടതി വിധി നടപ്പിലാക്കാൻ ഹൈക്കോടതിയല്ല മേൽനോട്ടം വഹിക്കേണ്ടതെന്ന വാദമാണ് സർക്കാർ ഉയർത്തുന്നത്. ആവശ്യമാണെങ്കിൽ സുപ്രീം കോടതിക്ക് മേൽനോട്ട സമിതിയെ നിയോഗിക്കാമെന്നും സർക്കാർ നിലപാടെടുക്കുന്നു.

Top