Chiking
Latest News

നിയമസഭയില്‍ ചര്‍ച്ചയ്ക്കിടെ വിഗ്രഹാരാധാന സംബന്ധിച്ച മന്ത്രി എ.കെ.ബാലന്റെ പരാമര്‍ശം വിവാദത്തില്‍

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: വിഗ്രഹാരാധന സംബന്ധിച്ച് നിയമസഭയില്‍ ചര്‍ച്ചയ്ക്കിടെ മന്ത്രി എ.കെ. ബാലന്‍ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. പ്രതിപക്ഷമാണ് പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. പരാമര്‍ശം പിന്‍വലിച്ചു മന്ത്രി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വിഗ്രഹാരാധനയ്ക്കും ബഹുദൈവ വിശ്വാസത്തിനുമെതിരെ പോരാടിയ ഇസ്‌ലാം മതത്തിന്റെ വക്താക്കളായ ലീഗ് കപട വിശ്വാസികളാകരുതെന്നായിരുന്നു കേരള പൊലീസ് ഭേദഗതി ബില്‍ ചര്‍ച്ചയ്ക്കിടെ ബാലന്റെ പരാമര്‍ശം.

വനിതാ മതിലുമായി ബന്ധപ്പെട്ടു ലീഗ് എംഎല്‍എ പി.കെ. ബഷീര്‍ നടത്തിയ പരാമര്‍ശത്തിനു മറുപടി നല്‍കുമ്പോഴായിരുന്നു ബാലന്റെ വിവാദപ്രസ്താവന. ബഹുദൈവ വിശ്വാസികളുടെ കാര്യത്തില്‍ ഏകദൈവ വിശ്വാസികള്‍ ഇടപെടേണ്ടെന്നാണു മന്ത്രി പറഞ്ഞതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സാംസ്‌കാരിക വകുപ്പിന്റെ ചുമതല കൂടിയുള്ള മന്ത്രിയില്‍ നിന്നു പ്രതീക്ഷിക്കാത്ത മറുപടിയാണിതെന്നും അദ്ദേഹം പറഞ്ഞു. പരാമര്‍ശം രേഖയില്‍ നിന്നു നീക്കണമെന്നു വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.

ഏകദൈവ വിശ്വാസികളും ബഹുദൈവ വിശ്വാസികളും രണ്ടു ചേരികളിലാണു നില്‍ക്കേണ്ടത് എന്നാണു മന്ത്രി പറയുന്നതെങ്കില്‍ ഇഎംഎസിന് എങ്ങനെ ശരീഅത്തിന്റെ കാര്യത്തില്‍ ഇടപെടാനാകുമായിരുന്നുവെന്നു പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍ ചോദിച്ചു. ബാബറി മസ്ജിദ് നില്‍ക്കുന്ന സ്ഥലത്തു നിന്നു മുസ്‌ലിം സമൂഹത്തെ അടിച്ചോടിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തികളുടെ ഭാഷയിലാണു ബാലന്‍ സഭയില്‍ സംസാരിച്ചതെന്നും മുനീര്‍ ആരോപിച്ചു.

Top