Chiking
Latest News

ആളുകള്‍ കൂകിവിളിക്കുകയാണെന്ന് ദിലീപ്; കൈയടിയും ആര്‍പ്പുവിളികളുമാണെന്ന് ലാല്‍ജോസ്; അവസാനം വാക്കുതര്‍ക്കത്തിലായി; തിയേറ്റര്‍ ഓപ്പറേറ്ററിന്റെ വാക്കുകള്‍ ഊര്‍ജം പകര്‍ന്നു; ആ സീന്‍ കട്ട് ചെയ്തില്ല; മീശമാധവനിലെ അറിയാക്കഥകള്‍ ഇങ്ങനെ

Web Desk
Indian Telegram Android App Indian Telegram IOS App

കൊച്ചി: ഏറെ പ്രതിസന്ധികളിലൂടെ കടന്നുപോയ ചിത്രമാണ് മീശമാധവനെന്ന് സംവിധായകന്‍ ലാല്‍ ജോസ്. ദിലീപിനെ നിര്‍മാതാക്കളുടെ സംഘടന രണ്ടുവര്‍ഷം വിലക്ക് ഏര്‍പ്പെടുത്തുന്നത് മീശമാധവന്റെ ചിത്രീകരണം തുടങ്ങുന്ന സമയത്താണ്. നിര്‍മാണം ഏറ്റിരുന്ന സ്വര്‍ഗചിത്ര അപ്പച്ചന്‍ അവസാന നിമിഷം പിന്മാറി. ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മീശമാധവനിലെ അറിയാക്കഥകള്‍ പ്രേക്ഷകരുമായി പങ്കുവെച്ചത്.

ലാല്‍ ജോസിന്റെ വാക്കുകള്‍:

മീശമാധവനില്‍ കുട്ടിക്കാലത്തുനിന്നും സിനിമ തുടങ്ങാമെന്ന് തീരുമാനിക്കുന്നത് തെങ്കാശിപ്പട്ടണത്തില്‍ നിന്നുമാണ്. അത് വളരെ മനോഹരമായി രഞ്ജന്‍ പ്രമോദ് തിരക്കഥയില്‍ എഴുതി. എന്നാല്‍ തിരക്കഥയുടെ നീളം അല്‍പം കൂടുതലുണ്ടായിരുന്നു. രസകരമായ എല്ലാ നിമിഷങ്ങളും ചിത്രീകരിച്ചു. അവസാനം ചിത്രം പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ മൂന്നേകാല്‍ മണിക്കൂര്‍ ഉണ്ട് നീളം. അതില്‍ നിന്നും അരമണിക്കൂര്‍ കുറക്കേണ്ടി വന്നു. കവലയില്‍ വെച്ചുള്ള ദിലീപും ഇന്ദ്രജിത്തും തമ്മിലുള്ള ആക്ഷന്‍ രംഗം അതുപോലെ തന്നെ എടുത്തുമാറ്റി.

അവസാനം ഇതിന്റെ ഫൈനല്‍ ഔട്ട്പുട്ട് കണ്ടപ്പോള്‍ തിരക്കഥാകൃത്തായ രഞ്ജന് ഈ സിനിമ ഓടുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. അതുപോലെ മീശമാധവന്റെ ഷൂട്ടിങ് നടക്കുന്ന സമയത്ത് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്.

അന്ന് കാവ്യ മറ്റൊരു ചിത്രത്തിലും അഭിനയിക്കുന്നുണ്ടായിരുന്നു. മീശമാധവന്റെ ചിത്രീകരണത്തിനിടയില്‍ നിന്നും കാവ്യയെ ആ സിനിമയുടെ ഡബ്ബിങിന് വിടണമെന്ന് അവര്‍ വാശിപിടിച്ചു. അങ്ങനെ ഈ സിനിമയുടെ ഷൂട്ടിങ് മുടങ്ങുന്ന സാഹചര്യം വരെ ഉണ്ടായി. മീശമാധവന്റെ ഷൂട്ടിങിനിടെയാണ് ഒരു നിര്‍മാതാവിന്റെ ചെക്ക് മടങ്ങിയതിന് ദിലീപ് കേസുകൊടുക്കുന്നത്. ആ നിര്‍മാതാവ് അറസ്റ്റിലായി. അതിനുശേഷം നിര്‍മാതാക്കളുടെ സംഘടന ദിലീപിനെ രണ്ട് വര്‍ഷത്തേയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി.

എങ്ങനെയെങ്കിലും കരിയര്‍ തിരിച്ചുപിടിക്കാനുള്ള ഓട്ടത്തിലായിരുന്നു ഞങ്ങള്‍. മീശമാധവന്‍ ഷൂട്ടിങ് തുടങ്ങിയ സമയത്താണ് ദിലീപിനെതിരെ വിലക്ക് വരുന്നത്. ഒരാള്‍ ഒരു ചെക്ക് കൊടുത്തു, അത് മൂന്നാമത്തെ തവണ മടങ്ങിയപ്പോഴാണ് കേസാക്കുന്നത്. അറസ്റ്റ് ചെയ്തത് ശനിയാഴ്ചയായതുകൊണ്ട് ഒരുദിവസം ലോക്കപ്പില്‍ കിടന്നു. അവര്‍ അതു വലിയ പ്രശ്‌നമാക്കി. അവസാനം വാദി പ്രതിയായി. ദിലീപിനെ രണ്ടുവര്‍ഷം വിലക്കുകയും ചെയ്തു.

അത് ബാധിച്ചത് ഈ സംഭവുമായി ബന്ധമില്ലാത്ത സിനിമയെയാണ്. ദിലീപിന് വളരെ വിഷമമായി. ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്ന പാട്ട് ചിത്രീകരിക്കുന്ന സമയത്താണ് ദിലീപിന് വിലക്ക് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത കേള്‍ക്കുന്നത്. ദിലീപ് ആകെ നിരാശനായി. സിനിമ പാതിവഴിയില്‍ മുടങ്ങിപ്പോകുമെന്ന അവസ്ഥ. ‘ജീവിതത്തില്‍ ഒരുപാട് അഗ്‌നിപരീക്ഷകള്‍ നേരിടേണ്ടിവരും, സിനിമ രണ്ടുകൊല്ലം കഴിഞ്ഞേ റിലീസ് ചെയ്യാന്‍ സാധിക്കൂ എങ്കില്‍ അതുമതി, നമ്മള്‍ ഷൂട്ടിങ് മുടക്കില്ലെന്ന്, ഞാന്‍ ദിലീപിനോട് പറഞ്ഞു.

കാരണം നിര്‍മാതാക്കള്‍ കടം മേടിച്ച് തുടങ്ങിയ സിനിമ കൂടിയാണ് മീശമാധവന്‍. സ്വര്‍ഗചിത്ര അപ്പച്ചനോടാണ് ഈ സിനിമയുടെ വണ്‍ലൈന്‍ ആദ്യം പറയുന്നത്. അദ്ദേഹം കഥ കേട്ടിട്ട് സംവിധായകന്‍ സിദ്ദിഖുമായി ചര്‍ച്ച ചെയ്യാന്‍ നിര്‍ദേശിച്ചു. സിദ്ദിഖ് സാറും വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. സ്വര്‍ഗചിത്ര അപ്പച്ചനെ വിളിച്ച് ഈ ചിത്രം നിര്‍മിക്കണമെന്ന് അപ്പച്ചനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അവസാനനിമിഷം അപ്പച്ചന്‍ സാര്‍ ഈ സിനിമയില്‍ നിന്നും പിന്മാറി. അങ്ങനെയാണ് ഈ ചിത്രം സുധീഷിലേയ്ക്കും സുബൈറിലേയ്ക്കുമെത്തുന്നത്. അവര്‍ ഒരു സാഹസികന്മാരായതിനാലാണ് ഈ സിനിമ തന്നെ തുടങ്ങുന്നത്. നാട്ടില്‍ നിന്നും സകല ആള്‍ക്കാരോടും കടംമേടിച്ചാണ് നിര്‍മാണത്തിനുള്ള പണം ഇവര്‍ കണ്ടെത്തിയത്.

അങ്ങനെ ചിത്രീകരണം കഴിഞ്ഞു. അതിന്റെ ഫൈനല്‍ വര്‍ക്കിനു വേണ്ടി ഞങ്ങള്‍ മദ്രാസില്‍ പോയി. അവസാന ഔട്ട്പുട്ട് കാണാന്‍ രഞ്ജനെ വിളിച്ചു. സിനിമ കണ്ട ശേഷം രഞ്ജന് എന്തോ ഒരപകടം മണത്തു. കാരണം ആ ആക്ഷന്‍ സീന്‍ ഒക്കെ എടുത്തുകളഞ്ഞിരുന്നു. ‘രണ്ടാം ഭാവം’ സിനിമയുടെ അവസ്ഥ വരുമോ എന്ന ആശങ്ക എന്നോട് പങ്കുവച്ചു. മറ്റൊന്നും പറയാതെ അദ്ദേഹം തിരിച്ച് നാട്ടിലേയ്ക്കുപോയി.

സിനിമ റിലീസിങിന് തീരുമാനിച്ചു. എന്നാല്‍ കുറച്ച് പൈസ കൂടി ആവശ്യമായി വന്നു. അങ്ങനെ അതിന്റെ റൈറ്റ്‌സ് വില്‍ക്കാനായി അന്യഭാഷക്കാരെ ചിത്രം കാണിക്കാന്‍ തീരുമാനിച്ചു. ആ സമയത്ത് മമ്മൂക്കയുടെയും ലാലേട്ടന്റെയും പടങ്ങള്‍ ഡബ്ബിങിനായി തമിഴിലൊക്കെ മേടിക്കാറുണ്ട്.

എവിഎം സ്റ്റുഡിയോയിലെ പ്രിവ്യു തിയറ്ററിലാണ് മീശമാധവന്‍ ഇവര്‍ക്കായി പ്രദര്‍ശിപ്പിച്ചത്. തെലുങ്കിലെ മുന്‍നിര നിര്‍മാതാക്കള്‍ വന്നിരുന്നെങ്കിലും ആരുമൊന്നും പറയാതെ പോയി. എന്നാല്‍ ശ്രീനിവാസറാവു എന്ന നിര്‍മാതാവ് എന്റെ അടുത്തുവന്ന് ഈ ചിത്രം തനിക്കുവേണമെന്ന് പറഞ്ഞു. ആ കാലത്ത് മലയാളത്തില്‍ ദിലീപിന്റെ സിനിമകള്‍ക്ക് പരമാവധി അഞ്ചുലക്ഷം രൂപയ്ക്കാണ് റൈറ്റ്‌സ് പോയിട്ടുള്ളത്. ഞാന്‍ രണ്ടും കല്‍പിച്ച് പത്തുലക്ഷം രൂപ പറഞ്ഞു. അദ്ദേഹം അത് സമ്മതിച്ചു. ഇവിടെ സംഗീതസംവിധായകനുകൊടുക്കാന്‍ 50000 രൂപ പോലും കൊടുക്കാനില്ലാത്ത സമയമാണ്. അടുത്ത മാസം ജൂലൈ നാലിന് റിലീസും ചെയ്യണം. ദൈവദൂതനെ പോലെയാണ് ആ നിര്‍മാതാവ് അവതരിപ്പിച്ചത്. ഈ പൈസ ലഭിച്ച് കടങ്ങളൊക്കെ കൊടുത്തുതീര്‍ത്താണ് മീശമാധവന്‍ റിലീസ് ചെയ്തത്.

സിനിമ സെന്‍സറിങ്ങിനു പോയിരുന്നു. തിരുവനന്തപുരത്ത് എന്റെ സുഹൃത്തുക്കളെയൊക്കെ കൂട്ടി ശ്രീപത്‌നമാഭ തിയറ്ററില്‍ പോയി കണ്ടു. അവര്‍ക്കൊക്കെ ഒരുപാട് ഇഷ്ടപ്പെട്ടു. പിറ്റേദിവസം സിനിമ റിലീസ് ചെയ്യും. ആദ്യദിനം കാണാന്‍ ധൈര്യമില്ലായിരുന്നു. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ നല്ല റിപ്പോര്‍ട്ട് വന്നു.

എന്നാല്‍ ദിലീപിനെ ഒന്നുവിളിക്കാമെന്ന് വിചാരിച്ചു. അങ്ങനെയൊരു ബൂത്തില്‍ ചെന്നു. അപ്പോള്‍ അവിടെയൊരു സംവിധായകന്‍ ബൂത്തില്‍ മറ്റൊരു ഫോണിലാണ്. അയാള്‍ വിളിക്കുന്നത് ദിലീപിനെയാണ്. സിനിമയെക്കുറിച്ച് വളരെ മോശമായാണ് അദ്ദേഹം ദിലീപിനോട് സംസാരിച്ചത്. സിനിമ ലാഗ് ഉണ്ടെന്നും ആക്ഷന്‍ രംഗങ്ങള്‍ നന്നായില്ലെന്നും അയാള്‍ പറയുന്നുണ്ടായിരുന്നു. ഇതൊക്കെ കഴിഞ്ഞ് അദ്ദേഹം ബൂത്തില്‍ നിന്നും ഇറങ്ങിയപ്പോള്‍ കാണുന്നത് എന്നെ. അദ്ദേഹത്തിന്റെ മുഖം ഒന്ന് മഞ്ഞച്ചു.

സിനിമ ഇഷ്ടമായില്ലെ എന്നു ചോദിച്ചു, ‘പോര ലാലു’ എന്നുപറഞ്ഞ് അദ്ദേഹം പോയി. ഞാന്‍ ടെന്‍ഷന്‍ അടിച്ച് ദിലീപിനെ വിളിച്ചു. ദിലീപും ഇതേ അഭിപ്രായമാണ് പറഞ്ഞത്, ആക്ഷന്‍ രംഗത്തുള്ള സലിം കുമാറിന്റെ ഭാഗം ഭയങ്കരമോശമാണെന്നും ചിലയിടത്ത് കൂവലുണ്ടെന്നും അത് കട്ട് ചെയ്യണമെന്നും പറഞ്ഞു. ‘തിയറ്ററില്‍ പോയി ഞാന്‍ സിനിമ കാണട്ടെ എന്നിട്ട് തീരുമാനിക്കാം ഏത് ഭാഗം കട്ട് ചെയ്യേണ്ടതെന്നു ഞാന്‍ പറഞ്ഞു.

അങ്ങനെ സിനിമ കണ്ടു, ചിത്രം തുടങ്ങി അവസാനിക്കുന്നതുവരെ കയ്യടിയും ബഹളവും. ചിത്രം കണ്ടിറങ്ങി ഞാന്‍ ദിലീപിനെ വിളിച്ച് കാര്യം പറഞ്ഞു. എന്നാല്‍ ദിലീപ് സമ്മതിക്കുന്നില്ല, മറ്റ് സ്ഥലങ്ങളില്‍ കൂവലുണ്ടെന്നാണ് കേള്‍ക്കുന്നതെന്നു പറഞ്ഞു. അങ്ങനെ ഞങ്ങള്‍ തമ്മില്‍ ചെറിയവാക്ക് തര്‍ക്കവും ഉണ്ടായി. അവസാനം ചിത്രം വീണ്ടും എഡിറ്റ് ചെയ്യാന്‍ തീരുമാനിച്ചു. സെക്കന്‍ഡ് ഷോ കഴിഞ്ഞ് ശ്രീകുമാര്‍ തിയറ്ററില്‍ എഡിറ്റ് ചെയ്യാന്‍ എത്തി. അന്ന് ഫിലിം ആയതിനാല്‍ ഓരോ തിയറ്ററിലും പോയി കട്ട് ചെയ്യണം. അന്ന് ശ്രീകുമാര്‍ തിയറ്ററിലെ ഓപ്പറേറ്റര്‍ എന്നോട് പറഞ്ഞു, ‘എന്തിനാണ് സാര്‍ ഈ സീന്‍ കട്ട് ചെയ്യുന്നത്, ഇത് നൂറുദിവസം ഓടാന്‍ പോകുന്ന സിനിമയാണ്. പ്രൊജക്ടര്‍ റൂമിലെ ഈ ഹോളില്‍ കൂടി ഒരുപാട് സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. പത്തുമിനിറ്റ് കട്ട് ചെയ്താല്‍ അതില്‍ ഏറ്റവും ഗുണം അനുഭവിക്കുന്നത് ഞാനാണ്. കാരണം നേരത്തെ എനിക്ക് വീട്ടില്‍ പോകാം. ഇതിലെ ഒരു സീന്‍ പോലും കളയരുത് സാര്‍, ആളുകള്‍ വളരെ സന്തോഷത്തോടെയാണ് സിനിമ കണ്ടിറങ്ങുന്നത്.’

അപ്പോള്‍ എനിക്ക് വല്ലാത്തൊരു ഊര്‍ജം കിട്ടി. ഇനി ആരുപറഞ്ഞാലും ആ സീന്‍ കട്ട് ചെയ്യില്ലെന്ന് ഞാന്‍ തീരുമാനിച്ചു. ഈ സിനിമയുടെ വിധി ഇങ്ങനെയാകുമെന്ന് ഞാന്‍ വിചാരിച്ചു. അങ്ങനെ മീശമാധവന്‍ 202 ദിവസം ഓടി. വലിയ ദുരന്തമുണ്ടാകുമ്പോള്‍ അതിനെ തുടര്‍ന്ന് നല്ലൊരു സന്തോഷം വരുമെന്ന് പണ്ട് കേട്ടിട്ടുണ്ട്. അത് സത്യമാണെന്ന് ബോധ്യപ്പെട്ടത് മീശമാധവനിലൂടെയാണ്. ഈ ചിത്രത്തിലൂടെ ദിലീപ് സൂപ്പര്‍സ്റ്റാറായി. അതുവരെ നടന്‍ എന്ന പേരില്‍ മാത്രമാണ് ദിലീപ് അറിയപ്പെട്ടിരുന്നത്. പിന്നീട് അദ്ദേഹത്തിന് താരമൂല്യം വന്നു.

എന്റെ സിനിമകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട സിനിമ മീശമാധവനാണ്. പൈസ വാരിയ സിനിമകള്‍ വേറെ ഉണ്ടാകാം. മീശമാധവന്‍ സിനിമ ചെയ്ത സംവിധായകന്‍ എന്ന വിശേഷണത്തിലാണ് പലരും എന്നെ ഇപ്പോഴും സ്വീകരിക്കുന്നത്. എന്റെ ജീവിതയാത്രയിലെ വലിയ ഇന്ധനമായിരുന്നു ഈ സിനിമ.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

Top