Chiking
Latest News

പ്രതിസന്ധിക്ക് പരിഹാരമാകില്ല; കെഎസ്ആര്‍ടിസി പിരിച്ചുവിട്ടത് 3861 പേരെ; നിയമനത്തിനായി കാത്തിരിക്കുന്നവര്‍ 1500ല്‍ താഴെ

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: ഹൈക്കോടതി വിധിപ്രകാരം താത്കാലിക കണ്ടക്ടർമാരെ പിരിച്ചു വിട്ടതിന് പകരമായി കെഎസ്ആര്‍ടിസിക്ക് ആവശ്യത്തിന് കണ്ടക്ടര്‍മാരെ ലഭിക്കില്ല. 3861 താല്‍ക്കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ലിസ്റ്റില്‍ നിയമനത്തിനായി കാത്തിരിക്കുന്നവര്‍ 1500ല്‍ താഴെ മാത്രമാണ്. നിയമനം കാത്തിരിക്കുന്ന സജീവ ഉദ്യോഗാര്‍ത്ഥികള്‍ 700പേരെന്ന് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. പിഎസ് സി നോണ്‍ ജോയിനിങ് ഡ്യൂട്ടി അഡൈ്വസ് ലഭിച്ചത് 4051 പേര്‍ക്കാണ്. നിലവിലെ സ്ഥിരം കണ്ടക്ടര്‍മാരുടെ എണ്ണം 9000-ല്‍ താഴെയെന്ന് വിവരാവകാശ രേഖ പറയുന്നു.

അതേസമയം കെ.എസ്.ആർ.ടി.സി.യുടെ 1763 സർവീസുകൾ ചൊവ്വാഴ്ച മുടങ്ങി. പിരിച്ചുവിട്ട താത്കാലികക്കാർക്ക് പിന്തുണയുമായി സ്ഥിരംജീവനക്കാർ നിസ്സഹകരണംകൂടി തുടങ്ങിയതോടെ യാത്രാക്ലേശം രൂക്ഷമായി.

തിരുവനന്തപുരം മേഖലയിൽ 622, എറണാകുളം കേന്ദ്രമായ മധ്യമേഖലയിൽ 769, കോഴിക്കോട് ഉൾപ്പെടുന്ന മലബാർ മേഖലയിൽ 372 എന്നിങ്ങനെയാണ് മുടങ്ങിയ ഷെഡ്യൂളുകൾ. മധ്യ, വടക്കൻ ജില്ലകളിലാണ് പ്രധാനമായും യാത്രാക്ലേശം.

സ്ഥിരംജീവനക്കാരെ ഉപയോഗിച്ച് പരമാവധി ബസുകൾ ഓടിക്കാൻ ശ്രമം നടക്കുന്നുണ്ട്. എന്നാൽ, താത്കാലിക കണ്ടക്ടർമാരെ നിയോഗിച്ചിരുന്ന ഷെഡ്യൂളുകൾ ഏറ്റെടുക്കാൻ സ്ഥിരംജീവനക്കാർ വിസമ്മതിക്കുകയാണ്. അധികവേതനം നൽകിയിട്ടും നിസ്സഹകരണം തുടരുകയാണ്. ജീവനക്കാരുടെ സംഘടനകളും സഹകരിക്കുന്നില്ല.

ബസുകളിൽ ജീവനക്കാരെ വിന്യസിക്കാനുള്ള ചുമതല മധ്യനിര മാനേജ്‌മെന്റിനാണ്. ഇവരിൽ നല്ലൊരു ശതമാനവും യൂണിയൻ നേതാക്കളുടെ ആശ്രിതരും രാഷ്ട്രീയ ചായ്‌വുള്ളവരുമാണ്. അതുകൊണ്ടുതന്നെ സ്ഥിരജീവനക്കാരുടെ വിന്യാസം ഫലപ്രദമായിട്ടില്ല.

തിങ്കളാഴ്ച മുതലാണ് താത്കാലികക്കാരെ ഒഴിവാക്കിത്തുടങ്ങിയത്. എന്നാൽ, തിങ്കളാഴ്ചത്തെ വരുമാനത്തിൽ ‍(7.49 കോടി രൂപ) കാര്യമായ കുറവില്ല. പമ്പ ബസുകൾ 56.27 ലക്ഷം രൂപ നേടി.

Top