Chiking
Latest News

കേരളത്തിനുള്ള പ്രളയസെസില്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനമായില്ല

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: കേരളത്തിനുള്ള പ്രളയസെസില്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനമായില്ല. കൗണ്‍സിലിന് തീരുമാനം എടുക്കാമായിരുന്നെന്ന് തോമസ് ഐസക് പ്രതികരിച്ചു. പ്രളയ സെസില്‍ അടുത്ത യോഗത്തില്‍ അന്തിമ തീരുമാനമെന്ന് ജെയ്റ്റിലി അറിയിച്ചു.

പ്രളയക്കെടുതി നേരിടാൻ കേരളത്തിനായി ദുരന്ത നിവാരണ സെസ് ഏര്‍പ്പെടുത്തില്ല. ഇക്കാര്യത്തിന് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ എല്ലാ സംസ്ഥാനങ്ങളുടെയും പിന്തുണ ലഭിച്ചില്ല. പകരം കേരളത്തില്‍ മാത്രമായി പ്രത്യേക സെസ് ഏര്‍പ്പെടുത്താനാണ് നിലവിലെ തീരുമാനം.

കേരളത്തിന് പ്രത്യേക പരിഗണന ആവശ്യമാണെന്ന് നേരത്തെതന്നെ സംസ്ഥാനം ജിഎസ്ടി കൗണ്‍സിലിനോടും കേന്ദ്രസര്‍ക്കാരിനോടും ആവശ്യപ്പെട്ടിരുന്നതാണ്.

കേരളത്തിലെ പ്രളയക്കെടുതി സംബന്ധിച്ച് ഉപസമിതി റിപ്പോര്‍ട്ട് അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് മുമ്പ് സമര്‍പ്പിക്കുമെന്നും റിപ്പോര്‍ട്ട് കേരളത്തിന് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ധനമന്ത്രി തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ഉപസമിതി വിവിധ സംസ്ഥാനങ്ങളുടെ അഭിപ്രായം മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അടുത്ത തവണ ഉപസമിതി തീരുമാനം കൗണ്‍സിലിനെ അറിയിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

അതേസമയം ലോട്ടറിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതി 18 ശതമാനത്തില്‍ നിന്ന് 28 ശതമാനത്തിലേക്ക് ഉയര്‍ത്തണമെന്ന നിര്‍ദ്ദേശം കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്നിട്ടുണ്ട്. പ്രതികൂലമായി ബാധിക്കാമെന്നതിനാല്‍ കേരളം ഇതിനെതിരെ നിലപാടെടുത്തു. എങ്കിലും ഇത് യോഗത്തിന്റെ അജണ്ടയില്‍ തുടരുകയാണ്.

6000 കോടിയുടെ നികുതി ഇളവ് ഇന്നത്തെ യോഗത്തില്‍ തീരുമാനമായെന്നാണ് വിവരം. ഹജ്ജ് യാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതിയില്‍ ഇളവ് വേണമെന്ന് കേരളം നിര്‍ദ്ദേശിച്ചിരുന്നു. ഇത് യോഗത്തില്‍ അംഗീകരിക്കപ്പെട്ടു. ഹജ്ജ് യാത്രയ്ക്ക് പുറപ്പെടുന്ന വിമാനങ്ങളെ ചാര്‍ട്ടേഡ് പട്ടികയില്‍ നിന്ന് ഒഴിവാക്കി സാധാരണ യാത്രാവിമാനങ്ങളെന്ന് പരിഗണിക്കാനാണ് യോഗത്തില്‍ തീരുമാനമായത് അതിനാല്‍ ഇനിമുതല്‍ വിമാനടിക്കറ്റ് നിരക്കില്‍ സാധാരണ ഏര്‍പ്പെടുത്തുന്ന അഞ്ച് ശതമാനമാകും ഈടാക്കുക. നേരത്തെ ഹജ്ജ് യാത്രയ്ക്ക് 28 ശതമാനമായിരുന്നു നികുതി നിരക്ക്.

Top