Chiking
Latest News

ഓണ്‍ലൈന്‍ തട്ടിപ്പ് തുടരുന്നു;റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍ നിന്നും തട്ടിയത് രണ്ട് ലക്ഷത്തോളം രൂപ

Web Desk
Indian Telegram Android App Indian Telegram IOS App

കോട്ടയം; വ്യാജ ഫോണ്‍ കോളിലൂടെ റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ പെന്‍ഷന്‍ തുക അടക്കം രണ്ടു ലക്ഷത്തോളം രൂപ കൈക്കലാക്കി ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം. റിസര്‍വ് ബാങ്കിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. ആറു ദിവസങ്ങള്‍ക്കു മുന്‍പു നടന്ന തട്ടിപ്പിനെക്കുറിച്ച് സൈബര്‍ സെല്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.

കഴിഞ്ഞ 22ന് ഉച്ചയ്ക്കാണ് കോട്ടയം തിരുവാറ്റയിലെ ഇറിഗേഷന്‍ വകുപ്പ് റിട്ട. ചീഫ് എന്‍ജിനീയര്‍ പി.കെ.ഏബ്രഹാമിനു പണം നഷ്ടമായത്. മൂന്നു മണിയോടെ റിസര്‍വ് ബാങ്കില്‍ നിന്ന് സുബ്രഹ്മണ്യനാണെന്നു പരിചയപ്പെടുത്തിയ ഫോണ്‍ കോളെത്തി. മുന്‍പു നിരവധി തവണ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി റിസര്‍വ് ബാങ്ക് അധികൃതര്‍ വിളിക്കാറുള്ളതിനാല്‍ ഏബ്രഹാമിന് ആ ഫോണ്‍ കോളില്‍ സംശയം തോന്നിയില്ല. എത്ര എടിഎം കാര്‍ഡ് ഉപയോഗിക്കുന്നുണ്ടെന്നും കാര്‍ഡുകള്‍ നിലവില്‍ ബ്ലോക്കാണെന്നും പറഞ്ഞാണു തട്ടിപ്പുകാരന്‍ വിശ്വാസം ആര്‍ജിച്ചത്.

ഫോണ്‍ ഭാര്യ ഓമനയെ ഏല്‍പ്പിച്ചതോടെ എടിഎം കാര്‍ഡ് നമ്പര്‍, സിവിവി, എക്‌സ്പയറി ഡേറ്റ് തുടങ്ങിയ വിവരങ്ങളും തട്ടിപ്പുകാ!ര്‍ ചോദിച്ചറിഞ്ഞു. ഇതിനിടെ ഈ സംഘം ഫോണിലേക്കയച്ച ചില വ്യാജ സന്ദേശങ്ങള്‍ തിരികെ അയച്ചു തരാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നു ഫോണിലെത്തിയ ബാങ്ക് ഇടപാടിനുള്ള വണ്‍ ടൈം പാസ് വേര്‍ഡും (ഒടിപി) ഇതേ രീതിയില്‍ തിരികെ വാങ്ങിയ സംഘം പല തവണയായി 1.84 ലക്ഷം രൂപ മൂന്നു ബാങ്കുകളുടെ അക്കൗണ്ടുകളില്‍ നിന്നായി കവര്‍ന്നു.

പെന്‍ഷന്‍ ലഭിച്ച തുകയാണ് അക്കൗണ്ടിലുണ്ടായിരുന്നത്. തുടര്‍ന്ന് ഇവര്‍ പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ചു തട്ടിപ്പു നടത്തുന്ന സംഘമാണ് ഈ സംഭവത്തിനു പിന്നിലെന്നു ബോധ്യപ്പെട്ടതായി സൈബര്‍ സെല്‍ അധികൃതര്‍ അറിയിച്ചു.

Top