Chiking
Latest News

ലോകം കണ്ട അത്ഭുതമായി വനിതാ മതില്‍ മാറും: വെള്ളാപ്പള്ളി നടേശന്‍

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: ലോകം കണ്ട അത്ഭുതമായി വനിതാ മതില്‍ മാറുമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനിതാമതിലിനെ പൊളിക്കാന്‍ പലതലങ്ങളില്‍ ശ്രമം നടക്കുന്നു. എന്നാല്‍ ഇതൊന്നും വിലപ്പോകില്ല. വനിതാ മതില്‍ വന്‍ വിജയമാകും. ലോകം കണ്ട അത്ഭുതമായി മതില്‍ മാറുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഒരു മാസമായി ഭരണസ്തംഭനമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. മന്ത്രിമാരും ഉദ്യോഗസ്ഥരും ഒരു മാസമായി വനിത മതിലിന് പുറകെയാണ് എന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. മന്ത്രിസഭ പോലും ചേരാത്തത് അംഗീകരിക്കാന്‍ ആകില്ല. എന്തിനാണ് വനിതാ മതില്‍ എന്നതിന് ഇപ്പോഴും വ്യക്തത ഇല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ വനിതാമതില്‍ ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ തന്നെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളുടെ അവകാശം സംരക്ഷിക്കുക എന്നത് വര്‍ഗസമരത്തിന്റെ ഭാഗമാണ്. അത് കമ്മ്യൂണിസ്റ്റ് രീതിയാണെന്നും വനിതാ മതില്‍ വന്‍മതിലാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വനിതാമതിലിനെ എതിര്‍ക്കുന്ന എന്‍എസ്എസിനെ പരോക്ഷമായി പിണറായി വിജയന്‍ വിമര്‍ശിച്ചു. നവോത്ഥാന പാരമ്പര്യം ഉള്ള ഒരു സംഘടന അയ്യപ്പ ജ്യോതിയെ പിന്തുണച്ചു. ഏതില്‍ നിന്നൊക്കെ സമദൂരം എന്ന് പരിശോധിക്കണം. വനിതാ മതിലിന്റെ കാര്യത്തില്‍ സംഘടനയ്ക്ക് ഇരട്ടത്താപ്പെന്നും എന്‍എസ്എസിനെ പേരെടുത്ത് പറയാതെ പിണറായി വിജയന്‍ വിമര്‍ശിച്ചു.

അതിനിടെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാറിനും മുഖ്യമന്ത്രിയുടെ വിമര്‍ശനം ഉണ്ടായി. ശബരിമലയില്‍ സ്ത്രീകള്‍ വരരുതെന്ന് പറയാന്‍ ഒരു മന്ത്രിക്കും അവകാശമില്ല. സ്ത്രീകളെ എങ്ങനെയെങ്കിലും ശബരിമലയില്‍ കയറ്റുക സര്‍ക്കാരിന്റെ അജണ്ടയല്ല. സുപ്രീംകോടതി വിധി നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ നയം. പോകാന്‍ സ്ത്രീകള്‍ തയ്യാറായാല്‍ പൊലീസ് എല്ലാ പിന്തുണയും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top