Chiking
Latest News

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാത്തത് ആചാരം; മുത്തലാഖ് വിഷയത്തിലെ ഓര്‍ഡിനന്‍സ് സാമൂഹിക നീതിയും ലിംഗ സമത്വവും ഉദ്ദേശിച്ച്; നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി മോദി

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: ശബരിമലയില്‍ 10 മുതല്‍ 50 വയസ്സുവരെയുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് ആചാരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുത്തലാഖ് വിഷയത്തിലെ ഓര്‍ഡിനന്‍സ് സാമൂഹിക നീതിയും ലിംഗ സമത്വവും ഉദ്ദേശിച്ച് ഏര്‍പ്പെടുത്തിയതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ശബരിമല വിഷയത്തിലും മുത്തലാഖ് വിഷയത്തിലും ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്ക് ആദ്യമായാണ് മോദി മറുപടി പറയുന്നത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.

ശബരിമല വിധിയോട് വിയോജിപ്പ് രേഖപ്പെടുത്തിയ വനിതാ ജഡ്ജിയുടെ വിധിക്കുറിപ്പു പ്രത്യേകം വായിക്കേണ്ടതാണ്. അവിടുത്തെ വിഷയം ആചാരമാണ്. എല്ലാവര്‍ക്കും നീതി ലഭിക്കണമെന്ന അഭിപ്രായമാണ് ഇന്ത്യയ്ക്കുള്ളത്. ചില ക്ഷേത്രങ്ങള്‍ക്ക് അവരുടേതായ ആചാരങ്ങളുണ്ട്. ചില ക്ഷേത്രങ്ങളില്‍ പുരുഷന്മാര്‍ക്ക് പ്രവേശിക്കാനാകില്ല. അവിടെ പുരുഷന്‍മാര്‍ പോകാറുമില്ല. അക്കാര്യത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും ബന്ധിപ്പിക്കേണ്ട.

മുത്തലാഖ് ഓര്‍ഡിനന്‍സ് സുപ്രീം കോടതി വിധിക്കുശേഷമാണ് കൊണ്ടുവന്നത്. വിഷയത്തില്‍ ഭരണഘടനയ്ക്കു കീഴില്‍നിന്ന് പരിഹാരം കണ്ടെത്തുമെന്ന് ബിജെപിയുടെ പ്രകടനപത്രികയിലും പറഞ്ഞിട്ടുണ്ട്. പാകിസ്താനിലാണെങ്കിലും മുത്തലാഖ് നിരോധിച്ചിട്ടുണ്ട്. വിഷയം ലിംഗ സമത്വത്തിന്റേതാണ്, സാമൂഹിക നീതിയുടേതുമാണ്. വിശ്വാസത്തിന്റേതല്ല, അതിനാല്‍ രണ്ടും വ്യത്യസ്തമായി കാണണം.

Image result for modi interview

അയോധ്യ വിഷയത്തില്‍ നിയമ നടപടികള്‍ അവസാനിച്ചശേഷം മാത്രമായിരിക്കും സര്‍ക്കാര്‍ മുന്നോട്ടുപോകുക. കേസിലെ നിയമ നടപടികള്‍ അവസാനിക്കട്ടെ, സര്‍ക്കാര്‍ എന്ന നിലയില്‍ അതിനുശേഷം ഉത്തരവാദിത്തങ്ങള്‍ നടപ്പാക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഭരണഘടനയ്ക്ക് അനുസൃതമായി മാത്രമായിരിക്കും വിഷയത്തില്‍ തീരുമാനമെടുക്കുകയെന്ന് ബിജെപി പ്രകടന പത്രികയില്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്. അയോധ്യ കേസില്‍ സുപ്രീംകോടതിയില്‍ കോണ്‍ഗ്രസിന്റെ അഭിഭാഷകര്‍ തടസങ്ങള്‍ സൃഷ്ടിക്കുകയാണ്. അതേസമയം, രാമക്ഷേത്ര നിര്‍മാണത്തിന് ഓര്‍ഡിനന്‍സ് പുറത്തിറക്കുന്നതിനുള്ള സാധ്യത പ്രധാനമന്ത്രി തള്ളിയില്ല. ഓര്‍ഡിനന്‍സ് ഉടനില്ല. സുപ്രീംകോടതി വിധി വരുംവരെ കാത്തിരിക്കും. ഹിന്ദി ഹൃദയഭൂമിയില്‍ ഭരണവിരുദ്ധവികാരം തിരിച്ചടിയായെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ജനങ്ങള്‍ ബിജെപിയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്. 2019ലും ബിജെപി അധികാരത്തിലെത്തും. വീഴ്ചകള്‍ പരിഹരിക്കാന്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

റിസര്‍വ് ബാങ്ക് മേധാവി സ്ഥാനത്തുനിന്ന് ഉര്‍ജിത് പട്ടേല്‍ രാജി വച്ചതു സ്വന്തം താല്‍പര്യപ്രകാരമാണ്. രാജി വയ്ക്കുന്നതിന് ആറ്-ഏഴ് മാസങ്ങള്‍ക്കു മുന്‍പ് ഉര്‍ജിത് പട്ടേല്‍ ഇക്കാര്യം എന്നോടു പറഞ്ഞിരുന്നു. അദ്ദേഹം അക്കാര്യം എഴുതിത്തരികയും ചെയ്തിരുന്നു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്ന നിലയില്‍ അദ്ദേഹം മികച്ച പ്രകടനമാണു നടത്തിയത്.

നോട്ട് നിരോധനത്തിന് ഒരു വര്‍ഷം മുന്‍പു തന്നെ ഇതുസംബന്ധിച്ചു ജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കിയതാണ്. കള്ളപ്പണം കൈവശമുണ്ടെങ്കില്‍ പിഴ അടച്ചു പണം നിക്ഷേപിക്കണമെന്നു നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ മറ്റുള്ളവരെപ്പോലെ മാത്രമായിരിക്കും മോദിയും പ്രതികരിക്കുകയെന്നാണു പലരും കരുതിയത്. കുറച്ചുപേര്‍ മാത്രമാണ് ഇക്കാര്യത്തില്‍ സ്വന്തം താല്‍പര്യപ്രകാരം മുന്നോട്ടുവന്നത്.

റഫാല്‍ വിഷയത്തില്‍ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ ഇന്ത്യയുടെ സുരക്ഷാ സേനയെ ആണ് ദുര്‍ബലപ്പെടുത്തുന്നത്. വെറുതേ തന്റെ നേരെ അഴുക്ക് വീശിയെറിയുകയാണ്. ഒന്നും അവര്‍ക്കു തെളിയിക്കാനായില്ല. കോണ്‍ഗ്രസ് എത്ര ആരോപണം ഉന്നയിച്ചാലും പ്രതിരോധ ഇടപാടുകളുമായി താന്‍ മുന്നോട്ടുപോകും. രാജ്യസുരക്ഷയില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. സൈന്യത്തെ ദുര്‍ബലപ്പെടുത്തുന്നവരാണ് ആരോപണം ഉന്നയിക്കുന്നത്. എന്റെ ജവാന്മാരെ അവരുടെ വിധിക്കു വിട്ടുകൊടുക്കില്ല. എനിക്കെതിരെ എന്ത് ആരോപണങ്ങളുണ്ടായാലും അവരുടെ ആവശ്യങ്ങളെന്താണോ അവ നടപ്പാക്കിക്കൊടുക്കും.

Image result for modi interview

പാകിസ്താനുമേല്‍ ഏതുവിധത്തിലുമുള്ള സമ്മര്‍ദ്ദവും ചെലുത്തും. എന്നാല്‍ അവര്‍ ശരിയായ വഴിക്കു വരുമെന്നു കരുതുന്നത് അബദ്ധമാണ്. മിന്നലാക്രമണമോ മറ്റെന്തെങ്കിലുമോ ആകട്ടെ, ഭീകരപ്രവര്‍ത്തനത്തെ പരിശോധിക്കാന്‍ പാകിസ്താനുമേല്‍ സമ്മര്‍ദ്ദം ചെലുത്തും. പാകിസ്താനുമായി മികച്ച ബന്ധവും ചര്‍ച്ചകളുമാണ് ഇന്ത്യയുടെ താല്‍പര്യം. എന്നാല്‍ അവര്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഉടനെങ്ങും നിര്‍ത്തില്ല. യുപിഎ ആണെന്നും എന്‍ഡിഎ ആണേലും ചര്‍ച്ചകളെ എതിര്‍ത്തിട്ടില്ല. അതു രാജ്യത്തിന്റെ നയമാണ്. പാക്കിസ്ഥാനെ രാജ്യാന്തര തലത്തില്‍ ഒറ്റപ്പെടുത്തുന്നതില്‍ ഇന്ത്യ വിജയിച്ചു.

ധോക് ലാ വിഷയത്തില്‍ ഇന്ത്യയെ ചതിക്കുന്ന നടപടികള്‍ ചൈനയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അയല്‍രാജ്യങ്ങളുമായി സൗഹാര്‍ദ അന്തരീക്ഷമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.

എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് രാജ്യം വിട്ടവരെയൊക്കെ ഇന്നോ നാളെയോ തിരികെയെത്തിക്കും. ഇതിനായി നിയമ, നയതന്ത്ര വഴികള്‍ പുരോഗമിക്കുകയാണ്. ഇന്ത്യയുടെ പണം തട്ടിയെടുത്തവരില്‍നിന്ന് ഓരോ പൈസയും തിരികെ പിടിക്കും. ജിഎസ്ടിയെ ഗബ്ബര്‍ സിങ് ടാക്‌സെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറയുന്നത്. ഒരാള്‍ ചിന്തിക്കുന്ന രീതിയിലാണ് അവര്‍ സംസാരിക്കുന്നത്. രാജ്യത്തെ എല്ലാ രാഷ്ട്രീയ കക്ഷികളോടും അഭിപ്രായം ചോദിച്ചിട്ടല്ലേ ജിഎസ്ടി നടപ്പാക്കിയത്?. പ്രണബ് മുഖര്‍ജി ധനമന്ത്രിയായിരുന്ന കാലത്തും ജിഎസ്ടിക്കായുള്ള നടപടികള്‍ തുടര്‍ന്നിരുന്നു.

മുന്‍ പ്രധാനമന്ത്രിമാരുടെ വിദേശ സന്ദര്‍ശങ്ങള്‍ പോലെതന്നെയാണ് എന്റേതും. അവിടെയെത്തി ആളുകളുമായി ഇടപഴകുന്നതുകൊണ്ടാണ് തന്റെ സന്ദര്‍ശനങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യയുടെ ശബ്ദം കേള്‍ക്കപ്പെടണമെന്ന് ഉറപ്പാക്കുന്നതുകൊണ്ടാണ്. രാജ്യാന്തര തലത്തിലെ വിവിധ യോഗങ്ങള്‍ എടുക്കൂ, മുന്‍ പ്രധാനമന്ത്രിമാരും ഇതുപോലെ പോയിട്ടുണ്ട്. എന്നാല്‍ താന്‍ ചെന്നപ്പോഴാണ് ഇന്ത്യയുടെ ശബ്ദം കേട്ടുതുടങ്ങിയത്. നേരത്തേ, പ്രധാനമന്ത്രിമാര്‍ പല സ്ഥലങ്ങളില്‍ പോകുന്നതും വരുന്നതും അവിടങ്ങളിലുള്ളവര്‍ ശ്രദ്ധിക്കുക പോലുമില്ലായിരുന്നു.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയ വിഷയം കള്ളവും തെറ്റിധാരണ ഉണ്ടാക്കുന്നതുമാണ്. അതുകൊണ്ടാണ് അതിനെ ‘ലോലിപോപ്’ എന്നു വിശേഷിപ്പിച്ചത്. എല്ലാ കാര്‍ഷിക കടങ്ങളും എഴുതിത്തള്ളിയെന്നാണു പറയുന്നത്. അങ്ങനെയൊന്നു സംഭവിച്ചിട്ടില്ലെന്നതാണു സത്യം. അവരുടെ സര്‍ക്കുലറുകള്‍ പരിശോധിക്കൂ. അവ തെറ്റിധരിപ്പിക്കില്ലല്ലോ.

Top