Chiking
Latest News

ഹര്‍ത്താലിന്റെ പേരില്‍ നടന്നത് തെരുവ് യുദ്ധം; സംസ്ഥാനം സംഘര്‍ഷഭരിതം; നെടുമങ്ങാടും തലശേരിയിലും ബോംബേറ്; ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു; പാര്‍ട്ടി ഓഫീസുകള്‍ അടിച്ചുതകര്‍ത്തു; ഇതുവരെ അറസ്റ്റിലായത് ഇരുന്നൂറോളം പേര്‍; അക്രമികളുടെ അഴിഞ്ഞാട്ടം തുടരുന്നു

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: ശബരിമല കര്‍മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനം സംഘര്‍ഷഭരിതമായി. സംസ്ഥാനമൊട്ടാകെ വ്യാപകമായ ആക്രമണമാണ് ഹര്‍ത്താല്‍ അനുകൂലികള്‍ അഴിച്ചുവിട്ടത്. പലയിടത്തും ബിജെപി-സിപിഐഎം പ്രവര്‍ത്തകര്‍ ഏറ്റമുട്ടി. തൃശൂരില്‍ മൂന്നും കാസര്‍ഗോഡ് ഒന്നും വീതം ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. കോഴിക്കോട് പ്രകടനം കഴിഞ്ഞുമടങ്ങിയ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. ചേവായൂരിന് സമീപം അനില്‍കുമാര്‍ (46) എന്ന പ്രവര്‍ത്തകനാണ് കുത്തേറ്റത്. തൃശൂരില്‍ സുജിത്ത് (37), ശ്രീജിത്, രതീഷ് എന്നിവര്‍ക്കാണു കുത്തേറ്റത്. ഇവരെ തൃശൂര്‍ അശ്വനി ആശുപത്രിയിലെത്തിച്ചു. ആരുടെയും നില ഗുരുതരമല്ല. ഏങ്ങണ്ടിയൂരില്‍ ഒരു ബിജെപി പ്രവര്‍ത്തകനു നേരത്തെ കുത്തേറ്റിരുന്നു. കാസര്‍ഗോഡും ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു. കാസര്‍ഗോഡ് നഗരസഭാ മുന്‍ ബിജെപി കൗണ്‍സിലര്‍ പാറക്കട്ട സ്വദേശി ഗണേഷിനാണ് കുത്തേറ്റത്.

വ്യാപാരികള്‍ കടകള്‍ തുറന്നുവെങ്കിലും പ്രതിഷേധക്കാര്‍ കടകള്‍ അടിച്ചു തകര്‍ക്കുകയും കല്ലേറ് നടത്തുകയും ചെയ്തു. മലയീന്‍കീഴും നെടുമങ്ങാട്ടും വന്‍ സംഘര്‍ഷം ഉണ്ടായി. പതിനഞ്ചോളം വ്യാപാര സ്ഥാപനങ്ങള്‍ അടിച്ചു തകര്‍ത്തു. നെടുമങ്ങാട് പോലീസ് സ്റ്റേഷന് നേരെ ബോംബേറുണ്ടായി. പൊലീസുകാര്‍ നിന്ന ഭാഗത്തേക്കാണ് ബോംബെറിഞ്ഞത്. മൂന്ന് ബോംബുകള്‍ പൊലീസ് സ്റ്റേഷന് മുന്നിലേക്ക് അക്രമികള്‍ എറിഞ്ഞു. സംഘര്‍ഷം നിയന്ത്രിക്കാന്‍ നിന്ന പൊലീസുകാരുടെ തൊട്ടുമുമ്പിലാണ് ബോംബുകള്‍ വീണ് പൊട്ടിയത്. ഇതോടെ പൊലീസുകാര്‍ ചിതറിയോടി. ബഹളത്തിനിടെ നെടുമങ്ങാട് എസ്‌ഐയുടെ കൈ ഒടിഞ്ഞു.

Image result for വ്യാപക ആക്രമണം പാലക്കാട്

ഇടുക്കിയില്‍ ഹര്‍ത്താല്‍ പൂര്‍ണമാണ്. കട്ടപ്പനയില്‍ ഹര്‍ത്താല്‍ അനുകൂലികളും പോലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. ജില്ലയില്‍ പതിനഞ്ചോളം ബിജെപി പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലിലാണ്. ഉടുമ്പന്നൂരില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെ ബിജെപി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് പ്രകടനമായെത്തിയ സിപിഐഎം പ്രവര്‍ത്തകര്‍ ബിജെപി ഓഫീസിന് നേരെ കല്ലെറിഞ്ഞു, കൊടിമരം തകര്‍ത്തു.

ഇതിനിടെ, പാലക്കാട് സിപിഐ ജില്ലാകമ്മിറ്റി ഓഫിസ് ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ചുതകര്‍ത്തു. ഓഫിസിനു മുന്‍പില്‍ നിര്‍ത്തിയിട്ട അഞ്ചു ബൈക്കുകളും രണ്ടു കാറും എറിഞ്ഞുതകര്‍ത്തു. ഓഫിസിന്റെ ജനലുകളും തകര്‍ത്തിട്ടുണ്ട്. പ്രകടനം നടത്താനായി വിക്ടോറിയ കോളജിനുസമീപം ഒത്തുകൂടിയ പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകുന്നതിനിടെയായിരുന്നു അക്രമം. സിപിഐഎം- കര്‍മസമിതി പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറും ഉണ്ടായി. ഹര്‍ത്താനുകൂലികളെ പിരിച്ചുവിടാന്‍ പൊലീസ് നാലു റൗണ്ട് കണ്ണീര്‍വാതകം പ്രയോഗിച്ചു.

ഇതിനിടെ വൈകുന്നേരം അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ചു പാലക്കാട് സിപിഐഎം നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ബിജെപി ജില്ലാ ഒ‍‍ാഫിസിനുനേരെ പ്രകടനം നടത്തിയ സിപിഐഎം പ്രവർത്തകർക്കെതിരെ പെ‍ാലീസ് കണ്ണീർവാതകം പ്രയേ‍ാഗിച്ചു. ബിജെപി ഒ‍ാഫിസിനുനേരെ കല്ലേറുണ്ടായി. പലർക്കും പരുക്കേറ്റു.

Image result for വ്യാപക ആക്രമണം പാലക്കാട്

മഞ്ചേരി എട്ടിയോട്ട് അയ്യപ്പക്ഷേത്രം ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ പിടിച്ചെടുത്തു. ശ്രീകോവിലിന് മുന്നില്‍ കൊടിനാട്ടി. വഴിപാട് കൗണ്ടറുകള്‍ക്ക് പൂട്ടിടുകയും ചെയ്തു. ദേവസ്വം ബോര്‍ഡ് ജീവനക്കാരെ പ്രതിഷേധക്കാര്‍ പുറത്താക്കി. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രമാണ് ഇത്.

പന്തളത്ത് ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. സിപിഐഎം ഏരിയാകമ്മിറ്റി ഓഫീസിന് നേരെ കല്ലെറിഞ്ഞു. പൊന്നാനിയിലെ പ്രകടനത്തിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പൊലീസുമായി ഏറ്റുമുട്ടി. 4 പൊലീസുകാര്‍ക്ക് പരിക്കേറ്റു. നിലമ്പൂരില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി.

Image result for വ്യാപക ആക്രമണം പാലക്കാട്

സിപിഐഎം അരൂര്‍ ഏരിയ കമ്മിറ്റി ഓഫീസിന് മുന്നില്‍ സംഘര്‍ഷമുണ്ടായി. ബിജെപി- സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. കോട്ടയം എസ്പി ഹരിശങ്കറിന്റെ അച്ഛന്റെ തറവാടു വീടായ നാലുകുളങ്ങര കണ്ണാട്ട് വീട്ടിലേക്കു കര്‍മസമിതി മാര്‍ച്ച് നടത്തി. ബിജെപി പ്രകടനത്തിനിടെ കാക്കാഴം മേല്‍പ്പാലത്തിനു സമീപം കല്ലേറുണ്ടായി. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

തലശേരിയില്‍ ബോംബേറുണ്ടായി. സിപിഐഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. തലശേരി ദിനേശ് ബീഡി കമ്പനിക്ക് സമീപമാണ് ബോംബേറുണ്ടായത്.തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക അക്രമമുണ്ടായി. ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിനിടെയാണ് മര്‍ദനമുണ്ടായത്. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന് പരിക്കേറ്റു.

Image result for വ്യാപക ആക്രമണം പാലക്കാട്

കോഴിക്കോട് മിഠായിത്തെരുവില്‍ സംഘര്‍ഷമുണ്ടായി. പൊലീസും സമരക്കാരും ഏറ്റുമുട്ടി. പ്രതിഷേധത്തിനിടെ കല്ലേറുണ്ടായി. വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. മിഠായിത്തെരുവിലെ ക്ഷേത്രത്തില്‍ നിന്ന് വന്‍ ആയുധ ശേഖരണം പിടിച്ചെടുത്തു. കണ്ണൂരും പത്തനംതിട്ടയും തൃശൂരും പാലക്കാടും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞു. അന്യസംസ്ഥാനത്ത് നിന്നുള്ള ബസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ടയര്‍ കത്തിച്ചും കല്ലും മരക്കഷ്ണങ്ങളും നിരത്തിയും പ്രതിഷേധക്കാര്‍ വഴിതടഞ്ഞു.

അതേസമയം, അക്രമികളെ പിടികൂടാന്‍ പോലീസിന്റെ ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോ രൂപികരിച്ചു. ഹര്‍ത്താല്‍ അക്രമങ്ങളില്‍ തുടര്‍നടപടിയെടുക്കും. അക്രമികളുടെ വിവരങ്ങള്‍ ശേഖരിച്ച് എല്ലാ ജില്ലകളിലും സൂക്ഷിക്കും. ഹര്‍ത്താലില്‍ ഇതുവരെ 266 അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. 334 പേര്‍ കരുതല്‍ തടങ്കലിലാണ്. അക്രമികളെ പിടികൂടാന്‍ ജില്ലകളില്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു.

Image result for വ്യാപക ആക്രമണം പാലക്കാട്

അതേസമയം, പന്തളത്ത് സംഘര്‍ഷത്തിനിടെ  കര്‍മ സമിതി പ്രവര്‍ത്തകന്റെ മരിച്ചത് തലക്കേറ്റ ക്ഷതം മൂലമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തലയോട്ടിക്ക് ക്ഷതമേറ്റിരുന്നു. രക്തസ്രാവം ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ട്. ഇതോടെ മരണകാരണം ഹൃദയാഘാതമാണെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം പൊളിഞ്ഞു.

ഇതിനിടെ, ശബരിമല യുവതി പ്രവേശനത്തിനെതിരെ ശബരിമല നിരീക്ഷണ സമിതി രംഗത്തെത്തി. യുവതികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കുന്നതിലാണ് വിമര്‍ശനം. ചിലര്‍ക്ക് മാത്രം സംരക്ഷണം നല്‍കുന്നത് മറ്റ് തീര്‍ത്ഥാടകരെ ബാധിക്കുന്നുവെന്നാണ് നിരീക്ഷണ സമിതി പറഞ്ഞത്.

Image result for വ്യാപക ആക്രമണം പാലക്കാട്

അതേസമയം, ഹര്‍ത്താല്‍ ദിവസവും ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. ശബരിമല യുവതി ദര്‍ശനത്തെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി ആക്രമങ്ങള്‍ നടക്കുമ്പോഴും ശബരിമലയും പരിസര പ്രദേശങ്ങളും ശാന്തമാണ്. ഉച്ച വരെയുള്ള കണക്കനുസരിച്ച് അരലക്ഷത്തോളം പേര്‍ ഇന്ന് ദര്‍ശനം നടത്തി. കനത്ത പോലീസ് വലയത്തിലാണ് സന്നിധാനവും പരിസരവും.

എന്നാല്‍ മണ്ഡലകാലത്ത് ഭക്തജനങ്ങളുടെ ഒഴുക്ക് കുറഞ്ഞെന്ന് പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ ആരോപിച്ചു. സാധാരണ ദിവസവും 12 ലക്ഷം ആളുകള്‍ എത്താറുള്ള മണ്ഡലകാല തീര്‍ത്ഥാടനകാലത്ത് ഇത്തവണ പതിനായിരം മുതല്‍ പതിനയ്യായിരം വരെ ആളുകള്‍ മാത്രമാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.ആചാരലംഘനം നടത്താനായി സര്‍ക്കാര്‍ ദിവസവും ഓരോരുത്തരെ ശബരിമലയിലേക്ക് അയക്കുകയാണെന്നും ശശികുമാര വര്‍മ പറഞ്ഞു.

ചിത്രങ്ങള്‍ കാണാന്‍ പിക്ടോറിയല്‍ മെനുവില്‍ പോകുക.

Top