Chiking
Latest News

ശബരിമല വിഷയത്തില്‍ സോണിയ ഗാന്ധി അതൃപ്തി അറിയിച്ചിട്ടില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ്; സംസ്ഥാന നേതൃത്വത്തിനും ഹൈക്കമാന്റിനും രണ്ട് നിലപാട്

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ സോണിയ ഗാന്ധി അതൃപ്തി അറിയിച്ചിട്ടില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. കറുത്ത ബാഡ്ജ് ധരിച്ചതില്‍ സോണിയാ ഗാന്ധി അതൃപ്തി അറിയിച്ചിട്ടില്ല. സംസ്ഥാന നേതൃത്വത്തിനും ഹൈക്കമാന്റിനും രണ്ട് നിലപാടാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

ശബരിമല വിഷയത്തില്‍ ലോക്‌സഭയില്‍ പ്രതിഷേധിക്കരുതെന്ന് കോണ്‍ഗ്രസ് എംപിമാര്‍ക്ക് സോണിയ ഗാന്ധി താക്കീത് നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ട്. ലിംഗ സമത്വത്തിന്റെ വിഷയമായതിനാല്‍ കറുത്ത ബാഡ്ജും ധരിച്ച് എംപിമാര്‍ എത്തുന്നത് ശരിയല്ല. ഈ വിഷയത്തെ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഉയര്‍ത്തില്ലെന്നും അവര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.

ശബരിമലയില്‍ രണ്ട് യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ലോക്‌സഭയില്‍ കറുത്ത ബാഡ്ജ് ധരിച്ച് എത്തി പ്രതിഷേധിക്കാനായിരുന്നു കേരളത്തില്‍ നിന്നുള്ള എംപിമാര്‍ മറ്റ് കോണ്‍ഗ്രസ് എംപിമാരോട് ആവശ്യപ്പെട്ടത്. ഇതിനായി ബുധനാഴ്ച സഭയില്‍ കറുത്ത ബാഡ്ജുകള്‍ വിതരണം ചെയ്യുന്നത് സോണിയയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിലക്കുമായി അവര്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസ് തുല്യതയ്ക്കും സ്ത്രീ പുരുഷ സമത്വത്തിനും വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണെന്നും എംപിമാര്‍ക്ക് താക്കീത് നല്‍കി. പ്രാദേശിക രാഷ്ട്രീയത്തിന്റെ ഭാഗമായി കേരളത്തില്‍ പ്രതിഷേധിക്കാമെന്നും ദേശീയ തലത്തില്‍ ഉയര്‍ത്തി കോണ്‍ഗ്രസിന്റെ നിലപാടുകളെ അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഏഴ് എംപിമാരാണ് കേരളത്തില്‍ നിന്നും കോണ്‍ഗ്രസിനുള്ളത്.

സോണിയഗാന്ധി നിലപാട് വ്യക്തമാക്കിയതോടെ ആണ് ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് വേണമെന്ന ആവശ്യത്തില്‍ നിന്ന് സംസ്ഥാന നേതൃത്വം പിന്നോട്ടുപോയത്. ബുധനാഴ്ച്ച ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സ്ത്രീ പ്രവേശനം തടയുന്നതിന് വേണ്ടി ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്ന് യു.ഡി.എഫ്. എം.പിമാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ചെയ്ത് ശേഷം മാത്രമേ ഓര്‍ഡിനന്‍സ് സംബന്ധിച്ച ആവശ്യമുന്നയിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുവെന്ന് വ്യാഴാഴ്ച കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഓര്‍ഡിനന്‍സ് ആവശ്യത്തിനൊപ്പം മുല്ലപ്പള്ളി രാമചന്ദ്രന്‍ നില്‍ക്കാത്തതും ഹൈക്കമാന്‍ഡ് വിയോജിപ്പ് കാരണമെന്നാണ് സൂചന.

വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ചെന്നിത്തലയും കൂട്ടരും ശബരിമലയില്‍ നിലപാട് എടുത്തത്. നവോത്ഥാന നിലപാടുമായി ശബരിമലയില്‍ കയറണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നവരുടെ വോട്ട് സിപിഐഎം ഉറപ്പിച്ചു കഴിഞ്ഞു. വിശ്വാസികളെ ലക്ഷ്യമിട്ട് ബിജെപിയും നില്‍ക്കുന്നു. എന്‍ എസ് എസ് പോലും ബിജെപിയ്‌ക്കൊപ്പമാണ് നീങ്ങുന്നത്.

ശബരിമല വിഷയത്തില്‍ അതിശക്തമായ നിലപാട് എടുത്തത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരനും ശക്തമായി തന്നെ രംഗത്തുണ്ടായിരുന്നു. വിശ്വാസികള്‍ക്കൊപ്പമായിരുന്നു ഉമ്മന്‍ ചാണ്ടിയും. ഇവരെല്ലാം യുവതീ പ്രവേശനത്തില്‍ പിണറായി സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ചു. ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒരു ഘട്ടത്തിലും തീവ്ര നിലപാട് എടുത്തിരുന്നില്ല. ഇതിനിടെ വിഷയത്തില്‍ സ്ത്രീ സമത്വത്തിനൊപ്പാണ് തന്റെ നിലപാടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുറന്നു പറഞ്ഞു. അപ്പോഴും കേരളത്തിലെ സാഹചര്യത്തിന് അനുസരിച്ച് തീരുമാനം എടുക്കാന്‍ കേരളത്തിലെ നേതൃത്വത്തിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കി. വിഷയം ദേശീയതലത്തിലെത്തിക്കുന്നതിന്റെ ഭാഗമായാണ് ഇന്നലെ പാര്‍ലമെന്റിന് പുറത്ത് ധര്‍ണ്ണ നടത്തിയത്. ഇത് അറിഞ്ഞതോടെ ശബരിമല യുവതീ പ്രവേശനത്തിന് എതിരെ ദേശീയ തലത്തില്‍ പ്രതിഷേധം നടത്തുന്നതില്‍ നിന്ന് കോണ്‍ഗ്രസ് എംപിമാരെ നിയന്ത്രിച്ചു സോണിയ ഗാന്ധി രംഗത്ത് വരികയായിരുന്നു.

ശബരിമല വിഷയത്തില്‍ കടന്നാക്രമണം വേണ്ടെന്നാണ് എകെ ആന്റണിയുടെ നിലപാട്. ഓര്‍ഡിനന്‍സ് എന്ന ആവശ്യവുമായി പ്രധാനമന്ത്രി മോദിയെ കാണാനുള്ള യുഡിഎഫ് എംപിമാരുടെ നീക്കം ആന്റണി എതിര്‍ത്തു. മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ ഈ നീക്കം അറിഞ്ഞപ്പോള്‍ തന്നെ ആന്റണി എതിര്‍പ്പറിയിച്ചിരുന്നു. ആന്റണിയുടെ നിലപാട് കൂടി മനസ്സിലാക്കിയാണ് സോണിയയുടെ താക്കീത് എത്തുന്നതെന്നാണ് സൂചന. മുല്ലപ്പള്ളിയും മോദിയെ കാണുന്നതിനെ അനുകൂലിക്കുന്നില്ല. മോദി ഓര്‍ഡിനന്‍സ് കൊണ്ടു വരണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത് തന്നെ ബിജെപിയുമായുള്ള സമരസപ്പെടലാകുമെന്ന വിലയിരുത്തലാണ് മുല്ലപ്പള്ളിക്കുള്ളത്. ബിജെപിയും കോണ്‍ഗ്രസും ഒരു വണ്ടിയിലാണ് യാത്ര ചെയ്യുന്നതെന്ന സിപിഐഎം ആരോപണത്തിനും ഇത് കരുത്ത് പകരും. ഇത് മനസ്സിലാക്കിയാണ് മുല്ലപ്പള്ളി നീക്കത്തെ എതിര്‍ത്തത്.

കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് ചര്‍ച്ചയാകുന്നതോടെ കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയില്ലെന്ന് വ്യക്തമാവുകയാണ്. ഇത് പ്രവര്‍ത്തകരേയും ആശയക്കുഴപ്പത്തിലാക്കും. ഓര്‍ഡിനന്‍സ് ആവശ്യത്തില്‍ നിന്ന് പോലും പിന്മാറേണ്ടിവരും. സോണിയയെ പിന്തുണച്ച് സിപിഐഎമ്മും മറ്റും എത്തുകയും ചെയ്യും. ഇതോടെ ശബരിമലയില്‍ നിലപാട് ഇല്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറും.

കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് അതുകൊണ്ട് തന്നെ കേരളത്തില്‍ ചെന്നിത്തലയ്ക്കും കൂട്ടര്‍ക്കും വലിയ തിരിച്ചടിയാകും. എന്‍ എസ് എസ് പോലും കോണ്‍ഗ്രസിനെ കൈവിടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തും. അങ്ങനെ വന്നാല്‍ അത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിക്ക് കേരളത്തില്‍ കാരണമാകുമെന്ന് ഹൈക്കമാന്റിനെ ധരിപ്പിക്കാനാകും ചെന്നിത്തലും മറ്റും ശ്രമിക്കുക. ഈ തന്ത്രമുപയോഗിച്ച് ഹൈക്കമാന്റിന്റെ എതിര്‍പ്പുകളെ മറികടക്കാനും കഴിയും. എന്നാല്‍ ലിംഗ സമത്വത്തില്‍ വിട്ടു വീഴ്ചയ്ക്ക് രാഹുലും സോണിയയും ഒരുപോലെ തയ്യാറല്ലാത്തതു കൊണ്ട് തന്നെ ഈ നീക്കം പൂര്‍ണ്ണ ഫലപ്രാപ്തിയിലെത്താനും സാധ്യതയില്ല. ശബരിമലയെ ബിജെപി അനുകൂലിക്കുന്നതുകൊണ്ട് തന്നെ അതിനെ പിന്തുണയ്ക്കാന്‍ രാഹുലും തയ്യാറാകില്ല.

Top