Chiking
Latest News

എഎഫ്‌സി ഏഷ്യാ കപ്പ്; ഇന്ത്യയുടെ ആദ്യ ലക്ഷ്യം തായ്‌ലാന്റിനെതിരെ

Web Desk
Indian Telegram Android App Indian Telegram IOS App

അബുദാബി: ഇന്ന് ഏഷ്യാ കപ്പില്‍ തങ്ങളുടെ ആദ്യ പോരിന് ഇറങ്ങുകയാണ് ഇന്ത്യ. ടീമിന് ഒരു ലക്ഷ്യം മാത്രമെ ഇന്ന് ഉള്ളൂ എന്ന് ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു പറയുന്നു. അത് വിജയിക്കുക എന്നതാണ്. തായ്‌ലാന്റ് വലിയ ടീമൊക്കെ ആയിരിക്കാം എന്നാലും ഇന്ന് ജയിച്ചു തന്നെ ഇന്ത്യ തുടങ്ങും എന്നും ഗുര്‍പ്രീത് പറഞ്ഞു. ഇന്ത്യയുടെ ക്യാപ്റ്റന്‍ ആം ബാന്‍ഡ് ഇന്ന് അണിയുന്നതും ഗുര്‍പ്രീത് ആണ്.

നോക്കൗട്ട് പ്രതീക്ഷ പുലര്‍ത്തുന്ന ഇന്ത്യയ്ക്ക് തായ്‌ലാന്‍ഡിനെതിരേയുള്ള മത്സരം നിര്‍ണായകമാണ്. ജയത്തോടെ തുടക്കമിട്ടാല്‍ മുന്നോട്ടുള്ള പോക്ക് സുഗമമാകും.

അവസാന സൗഹൃദമത്സരത്തില്‍ കരുത്തരായ ഒമാനെതിരേ നേടിയ സമനില ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരുന്നു. ജെജെ ലാല്‍പെഖുവയെ ഏക സ്‌ട്രൈക്കറാക്കിയാകും ഇന്ത്യ കളിക്കുന്നത്. അറ്റാക്കിങ് മിഡ്ഫീല്‍ഡില്‍ സുനില്‍ ഛേത്രി, ഉദാന്ത സിങ്, ഹോളിച്ചരണ്‍ നര്‍സാറി എന്നിവര്‍ കളിക്കും. അനിരുദ്ധ് ഥാപ്പയും പ്രണോയ് ഹാല്‍ദാറുമുണ്ടാകും. പ്രീതം കോട്ടാല്‍, സന്ദേശ് ജിംഗാന്‍, അനസ് എടത്തൊടിക, സുഭാഷിഷ് ബോസ് എന്നിവരാകും പ്രതിരോധത്തില്‍. ഗോള്‍ കീപ്പറായി ഗുര്‍പ്രീത് സന്ധുവുണ്ടാകും.

തായ്‌ലാന്‍ഡ് അദിസാക് ക്രായ്‌സോറന്‍തീരസില്‍ ഡാങ്ഡസിറോച്ച് ചാറ്റോങ് ത്രയത്തെ മുന്നേറ്റത്തിലിറക്കും. ചനാതിപ് സോങ്ക്രാസിനാകും പ്ലേമേക്കര്‍ റോളില്‍. ജപ്പാന്‍ ലീഗിലെ മിന്നുന്ന താരമാണ് ചനാതിപ്. ക്രായ്‌സോറന്റെ മിന്നുന്ന ഫോമും ഇന്ത്യയ്ക്ക് തലവേദനയാകും. ഫിഫ റാങ്കിങ്ങില്‍ തായ് ടീമിനേക്കാള്‍ മുന്നിലുള്ള ഇന്ത്യയ്ക്ക് സമീപകാല പ്രകടനങ്ങളും ആത്മവിശ്വാസം പകരുന്ന ഘടകമാണ്.

രണ്ടാഴ്ചയിലേറെയായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം അബുദാബിയിലെത്തിയിട്ട്. കാലാവസ്ഥയുമായും കളിക്കളങ്ങളുമായുമെല്ലാം ഇണങ്ങാനാണ് ഈ ദിവസങ്ങള്‍ ടീം ഉപയോഗിച്ചത്. ഒരു ടൂര്‍ണമെന്റിനായി ഇത്രയും നേരത്തേയെത്തുന്നതും കൂടുതല്‍ സൗഹൃദമത്സരങ്ങള്‍ കളിച്ചതും പുതിയകാര്യം. ഏഷ്യന്‍ കപ്പിനായി യുഎഇയിലെത്തിയ ആദ്യടീമും ഇന്ത്യയാണ്.

ആതിഥേയരെപ്പോലെതന്നെ പിന്തുണയ്ക്കാനെത്തുന്ന സ്വന്തം കാണികളുടെ കാര്യത്തിലും ഇന്ത്യ സമ്പന്നമാണ്. മലയാളികളുള്‍പ്പെടെ ഇന്ത്യക്കാര്‍ ഏറെയുള്ള അബുദാബിയില്‍ മികച്ച പിന്തുണ കിട്ടുമെന്നാണ് ടീമിന്റെ പ്രതീക്ഷ.

പതിനാറ് രാജ്യങ്ങള്‍ വിവിധ കാരണങ്ങളാല്‍ വിട്ടുനിന്ന 1964ലെ ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം സ്ഥാനമാണ് ഇന്നും ഇന്ത്യയുടെ ഏഷ്യന്‍ കപ്പിലെ മികച്ച വിജയം. പിന്നീട് 1984ലും 2011ലും ഇന്ത്യ കളിക്കാന്‍ യോഗ്യതനേടി. പക്ഷേ, രണ്ടാം റൗണ്ടിലേക്ക് ഒരിക്കലും കടക്കാനുമായില്ല. ഇന്ത്യയെപ്പോലെതന്നെ തിളങ്ങുന്ന ഒരു ഭൂതകാലം തായ്‌ലാന്‍ഡിനുമുണ്ട്. ഏഷ്യന്‍ കപ്പില്‍ 1972ല്‍ മൂന്നാം സ്ഥാനത്തായിരുന്നു അവര്‍. 1992 മുതല്‍ 2007 വരെ തുടര്‍ച്ചയായി അവര്‍ ഏഷ്യന്‍ കപ്പില്‍ കളിക്കാന്‍ യോഗ്യതനേടിയിട്ടുമുണ്ട്. ഇപ്പോള്‍ എഎഫ്‌സി റാങ്ക് 22 ആണെങ്കിലും ഇന്ത്യയെ പിടിച്ചുകെട്ടാനാവുമെന്ന കണക്കുകൂട്ടലിലാണ് അവരും ആദ്യമത്സരത്തിന് ഇറങ്ങുന്നത്.

അതേ സമയം ശനിയാഴ്ച നടന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ യുഎഇയും ബഹ്‌റൈനും സമനിലയില്‍ പിരിഞ്ഞു. കളിയുടെ എഴുപത്തെട്ടാം മിനിട്ടില്‍ ബഹ്‌റൈനു വേണ്ടി മൊഹമ്മദ് അല്‍ റൊമൈഹിയാണ് ഗോള്‍ നേടിയത്. എണ്‍പത്തെട്ടാം മിനുട്ടില്‍ യുഎഇയുടെ അഹമ്മദ് ഖലീല്‍ ഗോള്‍ മടക്കി.

Top