Chiking
Latest News

ആര്‍എസ്എസ് കലാപത്തിന് എന്‍എസ്എസ് ഉത്തേജനം നല്‍കുന്നുവെന്ന് കോടിയേരി; എന്‍എസ്എസ് സമദൂരത്തോടെയല്ല കാര്യങ്ങളെ കാണുന്നതെന്ന് കാനം (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: എന്‍എസ്എസിന്റെ പ്രസ്താവനയ്‌ക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസിന്റെ കലാപശ്രമങ്ങള്‍ക്ക് ഉത്തേജനം നല്‍കുന്ന പ്രസ്താവനയാണ് എന്‍എസ്എസിന്റേത്. ആചാരത്തിന്റെ പേരില്‍ സര്‍ക്കാരിനെതിരെയുള്ള പടയൊരുക്കം ആര്‍എസ്എസിനെ സഹായിക്കാനാണെന്നും കോടിയേരി പറഞ്ഞു.

അതേസമയം എന്‍എസ്എസ് സമദൂരത്തോടെയല്ല കാര്യങ്ങളെ കാണുന്നതെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. സമൂഹത്തെ വിശ്വാസത്തിന്റെ പേരില്‍ വിഭജിച്ച് ഇടതുപക്ഷത്തെ ആക്രമിക്കുന്നു. എന്‍എസ്എസിന്റെ ശ്രമം നടക്കില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

അതേസമയം, എന്‍എസ്എസിന്റെ നിലപാട് കലാപകാരികളെ സംരക്ഷിക്കുന്നതാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സുകുമാരന്‍ നായരുടെ വാക്കുകള്‍ കലാപാഹ്വാനം പോലെയാണ്. ഇത് അത്ഭുതപ്പെടുത്തുന്നു. വിശ്വാസം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു.

വളരെ വലിയ നവോത്ഥാന പാരമ്പര്യമുള്ള പ്രസ്ത്ഥാനമാണ് എന്‍എസ്എസ്. ജാതി മത വിവേചനങ്ങള്‍ക്ക് എതിരായ പോരാട്ടങ്ങളില്‍ വലിയ താല്‍പ്പര്യത്തോടെ എന്‍എസ്എസ് പങ്കെടുത്തിട്ടുണ്ട്. മതത്തിന്റെ പേര് പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുകയും അരാജകത്വം ഉണ്ടാക്കുകയും ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ച് അധികാരത്തില്‍ എത്താന്‍ വേണ്ടി ശ്രമിക്കുകയും ചെയ്യുന്ന ഒരു കക്ഷിയാണ് ബിജെപിയും ആര്‍എസ്എസും. അവരെ പിന്തുണക്കുന്ന ഒരു സമീപനവും എന്‍എസ്എസ് സ്വീകരിക്കാന്‍ പാടില്ലെന്നും കടകംപള്ളി പറഞ്ഞു.

സംസ്ഥാനത്ത് കലാപത്തിന് കാരണം സര്‍ക്കാരാണെന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞത്. നവോത്ഥാനത്തിന്റെ പേരില്‍ നിരീശ്വര വാദം പ്രചരിപ്പിക്കുന്നു. വിശ്വാസം സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. സര്‍ക്കാര്‍ പരാജയപ്പെടുമ്പോള്‍ വിശ്വാസികള്‍ രംഗത്തിറങ്ങുന്നത് തെറ്റല്ലെന്നും എന്‍എസ്എസ് പറഞ്ഞു.ജനങ്ങള്‍ നല്‍കിയ അധികാരം കൈയില്‍ വെച്ച് പാര്‍ട്ടി നയം നടപ്പാക്കുന്നു.സമാധാനമായി പരിഹരിക്കാവുന്ന പ്രശ്‌നം സര്‍ക്കാര്‍ സങ്കീര്‍ണമാക്കിയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

സുപ്രീംകോടതി വിധിയുടെ മറവില്‍ നവോത്ഥാനത്തിന്റെ പേരില്‍ യുവതീപ്രവേശനത്തിലൂടെ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കി. നിരീശ്വരവാദം നടപ്പാക്കാനുള്ള ആസൂത്രിത നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടന്നുവരുന്നത്. ജനങ്ങള്‍ നല്‍കിയ അധികാരം കൈയില്‍ വച്ചുകൊണ്ട് ഏത് ഹീനമാര്‍ഗവും ഉപയോഗിച്ച് പാര്‍ട്ടിയുടെ നയം നടപ്പാക്കുക എന്നതാണ് ഇതിന്റെ പിന്നിലെ ലക്ഷ്യമെന്ന് സംശയിക്കുന്നതില്‍ തെറ്റ് പറയാനാകില്ലെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയിലൂടെ വിമര്‍ശിക്കുന്നു.

ഇതിന്റെ പേരില്‍ നടക്കുന്ന കലാപങ്ങള്‍ക്കെല്ലാം കാരണക്കാര്‍ സംസ്ഥാന സര്‍ക്കാരാണെന്നാണ് ജനം വിധിയെഴുതുന്നത്. ആദ്യം മുതല്‍ തന്നെ സമാധാനപരമായി പരിഹരിക്കാവുന്ന ഒരു പ്രശ്‌നം ഇത്രയും സങ്കീര്‍ണമാക്കിയതും സര്‍ക്കാരാണെന്ന് സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തുന്നു. അനാവശ്യമായ നിരോധനാജ്ഞ നടപ്പാക്കുക, നിരപരാധികളായ ഭക്തജനങ്ങളെ കേസില്‍ കുടുക്കി ജയിലിലടക്കുക, നാട്ടില്‍ മുഴുവന്‍ അരാജകത്വം സൃഷ്ടിക്കുക, ഏത് കള്ളവും മാറി മാറി പറഞ്ഞ് തങ്ങളുടെ ലക്ഷ്യം സാധൂകരിക്കാന്‍ ശ്രമിക്കുക. ഹൈന്ദവ ആചാര്യന്മാരെ നികൃഷ്ടമായി അധിക്ഷേപിക്കുക, വിശ്വാസികളെ വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്യുക ഇതെല്ലാമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നതെന്നും അദ്ദേഹം വിമര്‍ശിക്കുന്നു.

ഇതൊരു ജനാധിപത്യ സര്‍ക്കാരിന് യോജിച്ചതാണോ എന്നും അദ്ദേഹം ചോദിക്കുന്നു. നിലവിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിച്ച് ഈശ്വര വിശ്വാസം നിലനിര്‍ത്തേണ്ടത് ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ ആവശ്യമാണ്. അത് സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. സര്‍ക്കാര്‍ അത് നിറവേറ്റിയില്ലെങ്കില്‍ വിശ്വാസികള്‍ അതിനായി രംഗത്തിറങ്ങുന്നത് തെറ്റാണെന്ന് പറയാനാകുമോ എന്നും അദ്ദേഹം ചോദിക്കുന്നു. ഇതിന് രാഷ്ട്രീയ നിറം നല്‍കി പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല.

ഏത് മതത്തിന്റേതായാലും വിശ്വാസം സംരക്ഷിക്കേണ്ടതാണ്. മനുഷ്യരാശിയുടെ നിലനില്‍പ്പിന് ഇതാവശ്യമാണ്. അവിടുത്തെ വിശ്വാസം തകര്‍ക്കാന്‍ ആരേയും അനുവദിക്കാന്‍ കഴിയില്ല. എല്ലാ സമുദായത്തില്‍ പെട്ട വിശ്വാസികളും സമാധാനപരമായി ഇതിനെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും സുകുമാരന്‍ നായര്‍ പറയുന്നു.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

Top