Chiking
Latest News

ഉത്തരമേഖലയില്‍ എഡിജിപി ഇല്ലാതായിട്ട് പത്ത് മാസം; അക്രമികള്‍ അഴിഞ്ഞാടിയത് ആസൂത്രണത്തിലെ പാളിച്ച കാരണമെന്ന് മുതിര്‍ന്ന സേനാംഗങ്ങള്‍

Web Desk
Indian Telegram Android App Indian Telegram IOS App

കോഴിക്കോട്: കേരള പൊലീസിന്റെ ഉത്തരമേഖലയില്‍ എഡിജിപി ഇല്ലാതായിട്ട് പത്ത് മാസം. എഡിജിപിയുടെ ചുമതലയുണ്ടായിരുന്ന രാജേഷ് ദിവാന്‍ വിരമിച്ച ശേഷം ഇതുവരെ പുതിയ എഡിജിപിയായി ആര്‍ക്കും നിയമനം നല്‍കിയിട്ടില്ല. ദക്ഷിണമേഖലയുടെ ചുമതലയുള്ള അനില്‍കാന്ത് ഐ.പി.എസിനാണ് നിലവില്‍ ഉത്തരമേഖലയുടേയും താല്‍ക്കാലിക ചുമതലയെങ്കിലും അദ്ദേഹത്തിനും ഇവിടെയുള്ള വിഷയങ്ങളില്‍ പൂര്‍ണമായും ഇടപെടാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതോടെ കേരള പൊലീസിന്റെ ഉത്തര മേഖലാ നാഥനില്ലാത്ത അവസ്ഥയിലുമായി.

ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ജനുവരി രണ്ടാംതീയതി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ അടക്കം ആസൂത്രിത കലാപമെന്ന തരത്തിലായിരുന്നു അക്രമം നടന്നത്. പലയിടത്തും ജില്ലാ പൊലീസ് മേധാവികള്‍ക്ക് കാര്യങ്ങള്‍ കൈവിട്ട് പോയതോടെ പൊലീസുകാരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് മാത്രം 16 പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. നിരവധി കടകള്‍ തകര്‍ക്കപ്പെടുകയും അക്രമികള്‍ നഗരത്തില്‍ അഴിഞ്ഞാടുകയും ചെയ്തു. ഇത് ആസൂത്രണത്തിലെ പാളിച്ചയാണ് എന്ന് ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് മേധാവിക്കെതിരെ പൊലീസ് സേനയില്‍ നിന്നടക്കം രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്. സംഭവങ്ങള്‍ ഇത്രയുമെത്താന്‍ കാരണം എഡിജിപിയുടെ നിയമനം ഉണ്ടാവാത്തത് കൊണ്ടാണ് എന്നാണ് മുതിര്‍ന്ന സേനാംഗങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടുന്നത്. ഇതോടെ പുതിയ എഡിജിപിയെ ഉടന്‍ നിയമിക്കണമെന്ന ശക്തമായ ആവശ്യവും ഉയര്‍ന്ന് വന്നിരുന്നു.

Top