Chiking
Latest News

കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നത് ബിജെപിയുടെ അതിമോഹം: മുല്ലപ്പള്ളി രാമചന്ദ്രന്‍

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട് കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ബിജെപി ആവശ്യം തള്ളി കോണ്‍ഗ്രസ്. കേരളത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍. ക്രമസമാധാനനില തകര്‍ന്നു. ബി.ജെ.പിയും ഇതിന് കാരണക്കാരാണ്. രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്നത് ബി.ജെ.പിയുടെ അതിമോഹമാണെന്നും മുല്ലപ്പള്ളി ഡല്‍ഹിയില്‍ പറഞ്ഞു.

ലോക്‌സഭയില്‍ ആണ് ഈ ആവശ്യം ബിജെപി ഉന്നയിച്ചത്. രാഷ്ട്രീയ അക്രമങ്ങള്‍ ജുഡീഷ്യല്‍ സമിതി അന്വേഷിക്കണമെന്നും ബിജെപി എം.പി നിഷികാന്ത് ദുബെ ആവശ്യപ്പെട്ടു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ബിജെപി ആവശ്യം കോണ്‍ഗ്രസ് തള്ളി. മുഖ്യമന്ത്രി വായാടിത്തം അവസാനിപ്പിച്ച് അക്രമികളെ പിടിക്കണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പ്രതികരിച്ചു.

ത്രിപുരയില്‍ സിപിഐഎമ്മിനെ തകര്‍ത്ത് അധികാരം പിടിച്ചതുപോലെ കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് മനസിലാക്കിയാണ് സിപിഎം അക്രമം അഴിച്ചുവിടുന്നതെന്ന് ലോക്‌സഭയില്‍ നിഷികാന്ത് ദുബെ പറഞ്ഞു. കൊലപാതക രാഷ്ട്രീയവും ഗുണ്ടായിസവുമാണ് സിപിഎം നടത്തിവരുന്നത്. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ ഏകപക്ഷീയമായ ആക്രമണമാണ് നടക്കുന്നത്. വി മുരളീധരന്റെ വീട് ക്രൂരമായി ആക്രമിക്കപ്പെട്ടു.

പാര്‍ലമെന്റിന്റെ വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ ബിജെപി എം.പിമാര്‍ പ്രതിഷേധിച്ചു. വി മുരളീധരന്റെ വീടിന് നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ ആരോപിച്ചു. ക്രമസമാധാനം തകര്‍ന്നതിന് ബിജെപിയും സിപിഎമ്മും ഒരുപോലെ കാരണക്കാരാണെന്ന് കോണ്‍ഗ്രസിന്റെ പ്രതികരണം.

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപിയുടെ അതിമോഹമാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ അക്രമസംഭവങ്ങളെക്കുറിച്ച് ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് എ സമ്പത്ത് അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നെങ്കിലും പരിഗണിച്ചില്ല.

Top