Chiking
Latest News

രാഹുല്‍ ഗാന്ധിയുടെ യു.എ.ഇ സന്ദര്‍ശനം; വിപുലമായ ഒരുക്കങ്ങളുമായി കോണ്‍ഗ്രസ്‌

Web Desk
Indian Telegram Android App Indian Telegram IOS App

ദുബയ്: യു.എ.ഇ. പ്രവാസി സമൂഹവുമായി സംവദിക്കാന്‍ എത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം വിജയിപ്പിക്കാന്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വം വിപുലമായ ഒരുക്കങ്ങളിലാണ്.

ഇന്ത്യയ്ക്ക് വെളിയിലുള്ള കോണ്‍ഗ്രസ് അനുഭാവികളെ ഒരുമിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ സന്ദര്‍ശനവും പുതിയ കൂട്ടായ്മകള്‍ രൂപപ്പെടുത്താനുള്ള നീക്കങ്ങളും. എ.ഐ.സി.സി. സെക്രട്ടറി ഹിമാംഷു വ്യാസ് രണ്ടാഴ്ചയിലേറെയായി ദുബയില്‍ ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഇതിനകം അറുപതിലേറെ യോഗങ്ങളില്‍ അദ്ദേഹം പങ്കെടുത്തു. ചെറുതും വലുതുമായി ഒട്ടേറെ ഇന്ത്യന്‍ സംഘങ്ങളുമായുള്ള ഇടപഴകലുകള്‍ വേറെയും നടക്കുന്നുണ്ട്.

കോണ്‍ഗ്രസിന്റെ വിദേശത്തെ പോഷക സംഘടനയായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ചുമതലയും ഹിമാംഷുവിനാണ്. സാം പിത്രോഡ ചെയര്‍മാനായുള്ള ഓവര്‍സീസ് കോണ്‍ഗ്രസിന്റെ നേതാവായ ഡോ.ആരതി കൃഷ്ണയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന രണ്ടാമന്‍.

ദിവ്യ സ്പന്ദനയുടെ നേതൃത്വത്തിലുള്ള മറ്റൊരു സംഘം സാമൂഹ്യ മാധ്യമങ്ങളുടെ പ്രചരണത്തിനായ് ചൊവ്വാഴ്ച ദുബയിലെത്തുന്നുണ്ട്.വെള്ളിയാഴ്ച വൈകിട്ട് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതു സമ്മേളനമാണ് രാഹുലിന്റെ പ്രധാന പരിപാടി. രാഷ്ട്രീയസമ്മേളനമെന്ന് ഇതിനെ വിശേഷിപ്പിക്കാന്‍ സംഘാടകര്‍ ആഗ്രഹിക്കുന്നില്ല.

ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷികാഘോഷത്തിന്റെയും യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെയും പ്രാധാന്യം എടുത്തുകാട്ടുന്ന സാംസ്‌കാരിക സമ്മേളനത്തിലെ അതിഥിയായാണ് രാഹുലിന്റെ സന്ദര്‍ശനത്തെ സംഘാടകര്‍ വിശേഷിപ്പിക്കുന്നത്. ഇതിനൊപ്പം വെള്ളിയാഴ്ച ദുബായിലും ശനിയാഴ്ച അബുദാബിയിലും ബിസിനസ് പ്രമുഖരുമായുള്ള കൂടിക്കാഴ്ചയും രാഹുലിനായി ആസൂത്രണം ചെയ്തിട്ടുണ്ട്. യു.എ.ഇ. രാജകുടുംബങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കും ഇവിടെ ശ്രമം നടക്കുന്നുണ്ട്.

സന്ദര്‍ശനം വിജയമാകുമെന്ന് പ്രതീക്ഷ

സെഡ് കാറ്റഗറി സുരക്ഷയുള്ള രാഹുലിനെ യു.എ.ഇ. യില്‍ ഗവണ്‍മെന്റ് അതിഥിയായി പരിഗണിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിച്ച് എ.ഐ.സി.സി. നേതൃത്വം യു.എ.ഇ. യിലെ ഇന്ത്യന്‍ എംബസിക്ക് കഴിഞ്ഞദിവസം കത്ത് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

അക്കാര്യത്തില്‍ തീരുമാനമായാലും ഇല്ലെങ്കിലും രാഹുലിന്റെ യു.എ.ഇ. സന്ദര്‍ശനം വന്‍ വിജയമാകുമെന്ന് ഹിമാംഷു വ്യാസ് മാതൃഭൂമിയോട് പറഞ്ഞു. പ്രസിഡന്റ് പദം ഏറ്റെടുത്തശേഷം അമേരിക്ക, യു.കെ., ജര്‍മനി, സിങ്കപ്പൂര്‍, മലേഷ്യ, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ രാഹുല്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായാണ് ഈ യു.എ.ഇ. സന്ദര്‍ശനം.

ഇന്ത്യയില്‍ അധികാരത്തിലേക്ക് തിരിച്ചുവരാന്‍ കോണ്‍ഗ്രസിന് എല്ലാ സാഹചര്യങ്ങളും ഒരുങ്ങി വരികയാണ്. ഈ സാഹചര്യത്തില്‍ രാഹുലിനെ അന്താരാഷ്ട്ര തലത്തില്‍ പരിചയപ്പെടുത്താനുള്ള ശ്രമം കൂടിയാണ് ഈ സന്ദര്‍ശനം.

അനുകൂലമായ വലിയ പ്രതികരണമാണ് എല്ലായിടത്തുനിന്നും ലഭിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. പ്രവാസികളുമായി വിശേഷിച്ച് യുവാക്കളുമായി നല്ല ബന്ധം പുലര്‍ത്തണമെന്നും അധികാരത്തിലെത്തിയാല്‍ പ്രവാസി സമൂഹത്തിനായി പലതും ചെയ്യണമെന്നും രാഹുല്‍ഗാന്ധി ആഗ്രഹിക്കുന്നുണ്ട്.

ഇക്കാര്യം അദ്ദേഹം നേതാക്കളുമായി പങ്കുവെച്ചിരുന്നു. ഇതിന് പ്രവാസികളുമായി നേരിട്ട് ഇടപഴകണമെന്നും രാഹുല്‍ നിര്‍ദേശിച്ചിരുന്നു. കോണ്‍ഗ്രസിന് എല്ലാ ഗള്‍ഫ് രാഷ്ട്ര നേതാക്കളുമായും എക്കാലത്തും നല്ല ബന്ധമുണ്ട്. എന്നാല്‍ ഇടക്കാലത്ത് അത് വേണ്ടരീതിയില്‍ തുടരാനായില്ല. ആ കോട്ടം നികത്തുക കൂടിയാണ് ഈ പര്യടനം ഹിമാംശു വ്യാസ് പറഞ്ഞു.

കര്‍ണാടകയിലെ പരമ്പരാഗത കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നുള്ള ഡോ.ആരതി കൃഷ്ണ പതിനഞ്ച് വര്‍ഷത്തോളം അമേരിക്കയിലെ ഇന്ത്യന്‍ എംബസ്സിയില്‍ ഇന്ത്യന്‍ സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യമനുസരിച്ചാണ് ഇപ്പോള്‍ സജീവമായി രംഗത്തിറങ്ങിയിരിക്കുന്നത്. വിദേശത്തുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ അണിനിരത്താനുള്ള പരിശ്രമത്തിലാണ് അവരിപ്പോള്‍.

ഇതിനായി സാം പിത്രോഡ അവര്‍ക്ക് മിഡില്‍ ഈസ്റ്റിന്റെ പ്രത്യേക ചുമതലയും നല്‍കിയിട്ടുണ്ട്. യു.എ.ഇ.യിലെ പല ഭാഷക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒന്നിപ്പിച്ച് നിര്‍ത്താനുള്ള ശ്രമംകൂടി ഈ സന്ദര്‍ശനത്തിനിടയില്‍ അവര്‍ ലക്ഷ്യമിടുന്നുണ്ട്. അടുത്ത തിരഞ്ഞെടുപ്പില്‍ ചിക്കമഗളൂരു മണ്ഡലത്തില്‍നിന്ന് ലോക്‌സഭയിലേക്കുള്ള സ്ഥാനാര്‍ഥിയാവാനും അവര്‍ തയ്യാറെടുക്കുകയാണ്. കര്‍ണാടക സര്‍ക്കാരിന്റെ നോണ്‍ റെസിഡന്റ് ഇന്ത്യന്‍ ഫോറത്തിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ കൂടിയാണ് ആരതി.

Top