Chiking
Latest News

സിബിഐ കേസില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി; അലോക് വര്‍മ്മ വീണ്ടും സിബിഐ തലപ്പത്ത്

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അലോക് വര്‍മ്മയെ മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടി സുപ്രീംകോടതി റദ്ദാക്കി. സര്‍ക്കാര്‍ നടപടിക്കെതിരെ അലോക് വര്‍മ്മ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. അതേസമയം സിബിഐയെ സംബന്ധിച്ച നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്നും അലോക് വര്‍മ്മയെ കോടതി വിലക്കിയിട്ടുണ്ട്.

പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും ചീഫ് ജസ്റ്റിസും അടങ്ങിയ ഉന്നതാധികാര സമിതിയാണ് സിബിഐ ഡയറക്ടറെ നിശ്ചയിക്കുന്നത്. അലോക് വര്‍മയെ സിബിഐ മേധാവി സ്ഥാനത്ത് നിലനിര്‍ത്തുന്നത് സംബന്ധിച്ച കാര്യത്തിലും ഈ സമിതി തന്നെ അന്തിമ തീരുമാനം എടുക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ഒരാഴ്ച്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ ഉന്നതാധികാര സമിതി തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി വിധിയില്‍ പറഞ്ഞിട്ടുണ്ട്. സിബിഐ മേധാവി സ്ഥാനത്ത് 2019 ജനുവരി 31 വരെയാണ് അലോക് വര്‍മ്മയുടെ കാലാവധി.

ഒക്‌ടോബര്‍ 23ന് അര്‍ധരാത്രിയിലാണ് അലോക് വര്‍മ്മയെ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിത അവധിയില്‍ അയച്ചത്. ഡയറക്ടര്‍ സ്ഥാനത്തു നിന്നു മാറ്റി അവധിയില്‍ വിട്ടതു ചോദ്യം ചെയ്ത് ആലോക് വര്‍മ്മ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി. ഇന്ന് ചീഫ് ജസ്റ്റിസ് ഗൊഗോയ് അവധിയിലായിരുന്നതിനാല്‍ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് എസ്.കെ.കൗളാണ് വിധി പ്രസ്താവം നടത്തിയത്. കെ.എം.ജോസഫാണ് ബെഞ്ചിലുണ്ടായിരുന്ന മറ്റൊരു ജഡ്ജി.

സിബിഐ ഡയറക്ടറെ നിയമിക്കുന്നത് പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും പ്രതിപക്ഷ നേതാവും ഉള്‍പ്പെട്ട സെലക്ഷന്‍ കമ്മറ്റിയാണ്. സിബിഐ ഡയറക്ടറെ മാറ്റാനും ഈ സെലക്ഷന്‍ കമ്മിറ്റിക്കേ കഴിയൂ എന്ന അലോക് വര്‍മയുടെ വാദം സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. അതേ സമയം അലോക് വര്‍മക്കെതിരെയുള്ള പരാതി സുപ്രീംകോടതി പരിഗണിച്ചിട്ടില്ല.

ഒക്ടോബര്‍ 23 ന് അലോക് വര്‍മ്മയെ മാറ്റിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം റദ്ദാക്കുകയാണ് ഇപ്പോള്‍ കോടതി ചെയ്തിരിക്കുന്നത്. അതേ സമയം അലോക് വര്‍മ്മ തിരികെ ഈ സ്ഥാനത്തേക്ക് വന്നാലും സുപ്രധാനപരമായ തീരുമാനങ്ങള്‍ എടുക്കരുതെന്ന കോടതിയുടെ ഉപാധി സര്‍ക്കാരിന് താത്ക്കാലിക ആശ്വാസം നല്‍കുന്നുണ്ട്.

കേന്ദ്രസര്‍ക്കാരിന് ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള കേസായിരുന്നു ഇത്. പരസ്പരം അഴിമതിയാരോപണമുന്നയിച്ച വര്‍മ്മയെയും സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെയും മാറ്റിനിര്‍ത്തി എം. നാഗേശ്വര റാവുവിന് സി.ബി.ഐ. ഡയറക്ടറുടെ ചുമതല നല്‍കുകയായിരുന്നു.

ഇതിനെതിരേ വര്‍മ്മയും അസ്താനയും സന്നദ്ധസംഘടനയായ കോമണ്‍ കോസും സുപ്രീംകോടതിയിലെത്തി. അസ്വാഭാവിക സാഹചര്യങ്ങള്‍ ഉണ്ടായതുകൊണ്ടാണ് സി.ബി.ഐ. ഡയറക്ടര്‍ക്കെതിരെ അസ്വാഭാവിക നടപടികളും വേണ്ടിവന്നതെന്നാണ് സി.വി.സി.വാദിച്ചത്‌. വര്‍മ്മയും അസ്താനയും കേസുകള്‍ അന്വേഷിക്കുന്നതിനുപകരം പരസ്പരമുള്ള കേസുകളാണ് അന്വേഷിച്ചിരുന്നതെന്നും സി.വി.സി. കുറ്റപ്പെടുത്തി.

Top