Chiking
Latest News

ഒടുവില്‍ ഹാരിസിനെ കണ്ടെത്തി

Web Desk
Indian Telegram Android App Indian Telegram IOS App

അബുദാബി: ഡിസംബര്‍ 8ന് അബുദാബിയില്‍നിന്നും കാണാതായ നീലേശ്വരം പാലായി സ്വദേശി ഹാരിസ് പൂമാടത്തിനെ (26) കണ്ടെത്തി. ചികിത്സയ്ക്കായി പ്രവേശിപ്പിച്ച സൗദി അറേബ്യയിലെ ആശുപത്രിയില്‍ നിന്നാണ് ഹാരിസിനെക്കുറിച്ചുള്ള വിവരങ്ങള്‍ ബന്ധുക്കള്‍ക്ക് ലഭിച്ചത്. അബുദാബി ഹംദാന്‍ സ്ട്രീറ്റിലെ ലിവ റോഡിലെ സ്വകാര്യഹോട്ടലില്‍ ഡ്രൈവറായ ഹാരിസിനെ ഡിസംബര്‍ എട്ട് മുതലാണ് കാണാതായത്.

അല്‍ സംഹയിലെ സഹോദരന്റെ അടുത്തുപോയി അബുദാബി നഗരത്തിലേക്ക് തിരിച്ച ഹാരിസിനെ പിന്നീട് കാണാതാവുകയായിരുന്നു. ജോലി സ്ഥലത്തെ വിസ ക്യാന്‍സല്‍ ചെയ്ത് നാട്ടിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലായിരുന്നു ഹാരിസ്.  ഹാരിസിനെ കണ്ടെത്തി നല്‍കണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ അബുദാബി പൊലീസിനും, യു.എ.ഇ. രഹസ്യാന്വേഷണ വിഭാഗം, അബുദാബി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം എന്നിവിടങ്ങളിലും പരാതി നല്‍കിയിരുന്നു.

പൊലീസ് ശക്തമായി അന്വേഷിക്കുന്നതിനിടയിലാണ് ഹാരിസിനെ അല്‍ അസ്ഹയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. സൗദി അറേബ്യയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയവുമായി ബന്ധപ്പെട്ട് ഹാരിസിനെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കത്തിലാണിപ്പോള്‍ യു.എ.ഇ. ഇന്ത്യന്‍ സ്ഥാനപതി കാര്യാലയവും ബന്ധുക്കളും.

ഡിസംബര്‍ മാസം നടന്ന സഹോദരീപുത്രിയുടെ വിവാഹത്തിന് പങ്കെടുക്കാന്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍ ഹാരിസ് അവധിക്ക് അപേക്ഷിച്ചിരുന്നു. അത് കിട്ടാതെ വന്നപ്പോള്‍ വിസ റദ്ദാക്കാന്‍ സ്ഥാപനത്തോട് ആവശ്യപ്പെട്ടപ്പോള്‍ പതിനഞ്ചുദിവസം കാത്തിരിക്കാനാണ് കമ്പനി അറിയിച്ചത്.

ഇതിനുശേഷം അബുദാബിയില്‍നിന്ന് കാണാതായ ഹാരിസ് സൗദി അതിര്‍ത്തിയില്‍ എത്തുകയായിരുന്നു. രേഖകളില്ലാതെ സൗദി അതിര്‍ത്തി കടന്ന ഹാരിസിനെ അതിര്‍ത്തി സുരക്ഷാ സേന കസ്റ്റഡിയിലെടുത്ത് അല്‍ അഹ്‌സ സെന്‍ട്രല്‍ ജയിലിനു കൈമാറി. രേഖകളില്ലാതെ സൗദിയിലേക്ക് നുഴഞ്ഞുകയറി എന്നതാണ് ഇവിടെയുള്ള കേസ്.

ഏകദേശം ഒരു മാസത്തോളമായി അല്‍ അഹ്‌സ സെന്‍ട്രല്‍ ജയില്‍ ഹാരിസ് എത്തിയിട്ട്. ജയിലില്‍ ആഹാരത്തോടു വിമുഖത കാണിക്കുകയും ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തപ്പോള്‍ ജയില്‍ അധികൃതര്‍ ചികിത്സയ്ക്കായി ഹാരിസിനെ അല്‍ അഹ്‌സ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. ഹോസ്പിറ്റലിലെ മലയാളി നഴ്‌സാണ് ഹാരിസിനെ പ്രവേശിപ്പിച്ച വിവരം ബന്ധുക്കളെ അറിയിച്ചത്. രേഖകള്‍ ശരിയാക്കി ഹാരിസിനെ നാട്ടിലേക്ക് അയക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അല്‍ അസ്ഹയിലെ സന്നദ്ധ പ്രവര്‍ത്തകര്‍.

Top