Chiking
Latest News

റഫാലില്‍ നിന്ന് ആര്‍ക്കും മോദിയെ രക്ഷിക്കാന്‍ കഴിയില്ല; ആലോക് വര്‍മയെ വീണ്ടും നിയമിച്ചതോടെ കുറച്ച് നീതി നടപ്പായി: രാഹുല്‍ ഗാന്ധി

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ ആലോക് വര്‍മയെ മാറ്റിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയതിലൂടെ കുറച്ചെങ്കിലും നീതി നടപ്പായെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. റഫാല്‍ ഇടപാടില്‍ അന്വേഷണം തുടങ്ങാനിരിക്കെയാണ് അര്‍ധരാത്രി ആലോക് വര്‍മയെ സിബിഐ തലപ്പത്ത് നിന്ന് നീക്കിയതെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. റഫാലില്‍ നിന്ന് ആര്‍ക്കും മോദിയെ രക്ഷിക്കാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം, ആലോക് വര്‍മയെ വീണ്ടും സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിയമിച്ചത് സര്‍ക്കാരിനേറ്റ തിരിച്ചടിയല്ലെന്ന വാദവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്തെത്തിയിരുന്നു. സി.ബി.ഐയുടെ കെട്ടുറപ്പ് സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ഇടപെട്ടത്. സി.വി.സിയുടെ ശുപാര്‍ശ നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

വിധി കേന്ദ്രസര്‍ക്കാരിന് ഏറ്റ കനത്ത ആഘാതമായാണ് കണക്കാക്കപ്പെടുന്നത്. ഒക്ടോബര്‍ ഇരുപത്തിമൂന്നിന് അര്‍ധരാത്രിയില്‍ അസാധാരണ നടപടിയിലൂടെ ആലോക് വര്‍മ്മയെ മാറ്റിയ നടപടിയാണ് പരമോന്നത കോടതി റദ്ദാക്കിയത്. ചീഫ് ജസ്റ്റീസ് അവധിയിലായതിനാല്‍ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ ആണ് വിധി വായിച്ചത്. സിബിഐ ഡയറക്ടറെ മാറ്റണമെങ്കില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉള്ള മൂന്നംഗ ഉന്നതതലസമിതിയുടെ അനുമതി അനിവാര്യമാണെന്ന ആലോക് വര്‍മയുടെ വാദം മൂന്നംഗബെഞ്ച് അംഗീകരിച്ചു. കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും സിബിഐ ഡയറക്ടര്‍ക്ക് പ്രവര്‍ത്തന കാലാവധി നല്‍കണമെന്ന വിനീത് നാരായന്‍ കേസിലെ വിധിയും കോടതി ചൂണ്ടിക്കാട്ടി.

ആലോക് വര്‍മയ്‌ക്കെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട സി.വി.സി അന്വേഷണറിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ ഉന്നതതലസമിതി പരിഗണിക്കണം. അതുവരെ നയപരമായ തീരുമാനം എടുക്കുന്നതില്‍ നിന്ന് ആലോക് വര്‍മയെ കോടതി വിലക്കി.

സി.ബി.ഐ. ഡയറക്ടറുടെ ഭരണസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്ന വിധിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നടത്തിയത്. കേന്ദ്രത്തില്‍ ഇനി ആരു ഭരണത്തില്‍വന്നാലും സി.ബി.ഐ. ഡയറക്ടറെ രണ്ടുവര്‍ഷത്തിനുള്ളില്‍ മാറ്റാന്‍ മുതിരില്ല. ഡയറക്ടറെ മാറ്റാന്‍ ഉന്നതതലസമിതിയുടെ അനുമതി അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. 1997ല്‍ വിനീത് നാരായണ്‍ കേസിലെ വിധിയില്‍ സി.ബി.ഐ. ഡയറക്ടറുടെ കാലാവധി സുപ്രീംകോടതി രണ്ടുവര്‍മായി നിശ്ചിയിട്ടുണ്ട്.

2014 മുതല്‍ പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയാണ് ഡയറക്ടറെ നിശ്ചയിക്കുന്നത്. സ്ഥലംമാറ്റണമെങ്കിലും സമിതിയുടെ അനുമതിവേണം. ഇക്കാര്യമാണ് ആലോക് വര്‍മയുടെ കാര്യത്തില്‍ ലംഘിക്കപ്പെട്ടത്. ഇന്നത്തെ വിധിയുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി അധ്യക്ഷനായ സമിതി ഒരാഴ്ചയ്ക്കകം ചേര്‍ന്ന് ആലോക് വര്‍മ തുടരണോയെന്ന് തീരുമാനിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയും കോണ്‍ഗ്രസ് ലോക്‌സഭാകക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദി ആലോക് വര്‍മയ്‌ക്കെതിരെ നിലപാടെടുത്താലും മല്ലികാര്‍ജുന്‍ ഖാര്‍ഗെ എതിര്‍ക്കും. അപ്പോള്‍ ചീഫ് ജസ്റ്റിസിന്റെ നിലപാടാകും സമിതിയുടെ അന്തിമതീരുമാനത്തില്‍ നിര്‍ണായകമാവുക. സമിതി അംഗീകരിച്ചാല്‍ മാത്രമേ ആലോക് വര്‍മയ്ക്ക് സി.ബി.ഐ. ഡയറക്ടര്‍ എന്ന നിലയില്‍ നയപരമായ തീരുമാനങ്ങളെടുക്കാന്‍ കഴിയൂ. ആലോക് വര്‍മയുടെ കാലാവധി ഈ മാസം 31ന് അവസാനിക്കും.

Top