Chiking
Latest News

അലോക് വര്‍മ്മയ്‌ക്കെതിരായ നടപടി നിശ്ചയിക്കുന്ന സമിതിയില്‍ ചീഫ് ജസ്റ്റിസ് ഉണ്ടാകില്ല

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: അലോക് വര്‍മ്മയ്‌ക്കെതിരായ നടപടി നിശ്ചയിക്കുന്ന സമിതിയില്‍ ചീഫ് ജസ്റ്റിസ് ഉണ്ടാകില്ല. പകരം ജസ്റ്റിസ് എ.കെ.സിക്രിയുടെ പേര് നിര്‍ദേശിച്ചു. അലോക് വര്‍മ്മ നല്‍കിയ ഹര്‍ജിയില്‍ വിധി പ്രസ്താവിച്ചത് ചീഫ് ജസ്റ്റിസ് ആയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസ് മാറി നില്‍ക്കുന്നത്.

ഇതനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, ജസ്റ്റിസ് എ കെ സിക്രി, ലോക്സഭയിലെ പ്രതിപക്ഷനേതാവ് മല്ലികാർജ്ജുൻ ഖാർഗെ എന്നിവരാകും സമിതിയിലെ അംഗങ്ങള്‍. ഒരാഴ്ചക്കകം സമിതി യോഗം ചേരണമെന്ന് സുപ്രീം കോടതി ഇന്നലെ വിധിച്ചിരുന്നു. അതിനിടെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ അലോക് വര്‍മ്മ ഇന്ന് ഓഫീസിലെത്തി ചുമതലയേറ്റു. ഇന്ന് രാവിലെ ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് എത്തിയാണ് ചുമതലയേറ്റത്.

ഉന്നതാധികാരസമിതി ഇന്ന് രാത്രിയാണ് യോഗം ചേരുക. വർമയ്ക്കെതിരായ തുടർനടപടികളെന്താകണം എന്ന് യോഗം ചർച്ച ചെയ്ത് തീരുമാനമെടുക്കും. ഇനി 19 ദിവസം മാത്രമാണ് വർമ്മയ്ക്ക് സിബിഐയിൽ സർവീസ് ബാക്കിയുള്ളത്.

അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ ചുമതലയില്‍ നിന്ന് നീക്കി സര്‍ക്കാരും കേന്ദ്ര വിജിലന്‍സ് കമ്മീഷനും ഇറക്കിയ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. വര്‍മ്മയെ സിബിഐ ഡയറക്ടറായി കോടതി വീണ്ടും നിയമിച്ചു. എന്നാല്‍ സിബിഐയുടെ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്നും അലോക് വര്‍മ്മയെ കോടതി വിലക്കി.

ഡല്‍ഹി സെപ്ഷ്യല്‍ പൊലീസ് നിയമ പ്രകാരം സിബിഐ ഡയറക്ടറുടെ കുറഞ്ഞ കാലാവധി രണ്ട് വര്‍ഷമാണെന്ന് വ്യക്തമാക്കിയും സിബിഐ ഡയറക്ടര്‍ക്ക് മേല്‍ ബാഹ്യ ഇടപെടല്‍ പാടില്ല എന്ന് നിഷ്കര്‍ഷിച്ചും 1997ലെ വിനീത് നാരായണ്‍ കേസില്‍ സുപ്രീംകോടതി വിധി പറഞ്ഞിരുന്നു. അലോക് വര്‍മ്മയെ ചുമതലയില്‍ നിന്ന് നീക്കിയ ഒക്ടോബര്‍ 23ലെ കേന്ദ്ര സര്‍ക്കാര്‍ നടപടി ഈ വിധിയുടെ ലംഘനമാണെന്ന് സുപ്രീംകോടതി ഇന്ന് നിരീക്ഷിച്ചു. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും അടങ്ങിയ ഉന്നതാധികാര സമിതിക്കാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ അധികാരമുള്ളതെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി.

എന്നാല്‍ സിബിഐയുടെ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്നും അലോക് വര്‍മ്മയെ കോടതി വിലക്കി. അലോക് വര്‍മ്മക്കെതിരെ അഴിമതി ആരോപണവും കേസും നിലനില്‍ക്കുന്നതിനാലാണ് നടപടി. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അലോക് വര്‍മ്മക്ക് ക്ലീൻ ചിറ്റ് നൽകാതെയുളള റിപ്പോര്‍ട്ടായിരുന്നു ഇത്. ഈ സാഹചചര്യത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി ഒരാഴ്ചക്കകം യോഗം ചേര്‍ന്ന് അലോക് വര്‍മ്മയുടെ അധികാര സ്ഥിതി സംബന്ധിച്ച് തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Top