Chiking
Latest News

വിവാദ പരാമര്‍ശം; ഹര്‍ദിക് പാണ്ഡ്യ മാപ്പ് പറഞ്ഞു; മാപ്പ് കൊണ്ട് ഒതുക്കാവുന്ന തെറ്റല്ലിതെന്ന് ബിസിസിഐ; പുലിവാല്‍ പിടിച്ച് ഹര്‍ദിക്

Web Desk
Indian Telegram Android App Indian Telegram IOS App

മുബൈ: സ്ത്രീകളെ അധിക്ഷേപിച്ചുള്ള പരാമര്‍ശങ്ങള്‍ നടത്തിയ ഹര്‍ദിക് പാണ്ഡ്യ മാപ്പ് പറഞ്ഞു. കോഫി വിത് കരണ്‍ ജോഹര്‍ എന്ന ചാറ്റ് ഷോയ്ക്കിടെ ഞാന്‍ നടത്തിയ പരമാര്‍ശങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്നാണ് ഹര്‍ദിക് തന്റെ ട്വിറ്ററില്‍ കുറിച്ചത്.

എന്നാല്‍, പാണ്ഡ്യയുടെ മാപ്പ് അപേക്ഷയില്‍ ബിസിസിഐ തൃപ്തരായിട്ടില്ല. സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യത്തില്‍ എത്ര കൂളായിട്ടാണ് പാണ്ഡ്യ പെരുമാറുന്നതെന്നതിന്റെ ഉദാഹരണമാണ് ഈ വെളിപ്പെടുത്തലുകളെന്ന് ബിസിസിഐയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് വ്യക്തമാക്കി.

‘ഒരു അന്തര്‍ദേശീയ കായികതാരമാണ് താനെന്ന കാര്യം പാണ്ഡ്യ മറന്നു. പാണ്ഡ്യ തന്റെ സ്ഥാനം മറന്നാണ് സംസാരിച്ചത്. ഒരു മാപ്പ് കൊണ്ട് ഒതുക്കാനോ അവസാനിപ്പിക്കാനോ കഴിയുന്ന കാര്യമല്ല ഇത്. ശരിയും തെറ്റും ഏതാണെന്ന് പാണ്ഡ്യ തിരിച്ചറിയേണ്ടതുണ്ട്’ എന്നാണ് ബിസിസിഐ ഉദ്യോഗസ്ഥന്‍ വിഷയത്തോട് പ്രതികരിച്ചത്.

ഏതായാലും വിഷയം വളരെ പ്രാധാന്യത്തോട് കൂടി തന്നെയാണ് ബിസിസിഐ സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തം. പാണ്ഡ്യയുടെ നിലനില്‍പ്പിനെ തന്നെ ഒരുപക്ഷേ ഇത് ബാധിച്ചേക്കാം. പാണ്ഡ്യയ്‌ക്കെതിരെ ബിസിസിഐ കടുത്ത നിലപാട് എടുക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ആ ഷോയുടെ സ്വഭാവം എന്നെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഒരു അര്‍ഥത്തിലും ആരേയും വേദനിപ്പിക്കുവാനോ, അധിക്ഷേപിക്കുവാനോ ഉദ്ദേശിച്ചിട്ടില്ലെന്നും പാണ്ഡ്യ പ്രസ്താവനയില്‍ പറയുന്നു. സ്ത്രീകളെ അധിക്ഷേപിച്ചും, തന്റെ ലൈംഗീക ജീവിതത്തെ കുറിച്ചുമുള്ള പാണ്ഡ്യയുടെ വാക്കുകള്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

നിങ്ങള്‍ എന്താണ് ക്ലബുകളില്‍ വെച്ച് സ്ത്രീകളുടെ പേര് ചോദിക്കാത്തത്? മറ്റെന്താണ് നിങ്ങള്‍ ചോദിക്കുന്നത് എന്നായിരുന്നു കരണ്‍ ജോഹറിന്റെ ചോദ്യങ്ങളില്‍ ഒന്ന്. എങ്ങിനെയാണ് സ്ത്രീകളുടെ ചലനങ്ങള്‍ എന്നാണ് ഞാന്‍ നിരീക്ഷിക്കാറ് എന്നായിരുന്നു ഹര്‍ദിക്കിന്റെ പ്രതികരണങ്ങളില്‍ ഒന്ന്.

ഇത് കൂടാതെ, തന്റെ ലൈംഗീക ബന്ധങ്ങളെ കുറിച്ച് മാതാപിതാക്കളുമായി സംസാരിക്കാറുണ്ടെന്നും പാണ്ഡ്യ പറഞ്ഞിരുന്നു. ഹര്‍ദിക്കിനൊപ്പം രാഹുലും ചാറ്റ് ഷോയിലുണ്ടായിരുന്നു. ഷോയുടെ സംപ്രേക്ഷണം കഴിഞ്ഞതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ വിമര്‍ശനമാണ് ഹര്‍ദിക്കിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ഉയര്‍ന്നത്.

Top