Chiking
Latest News

ബസില്‍ പാസ്‌പോര്‍ട്ടും ടിക്കറ്റും മറന്നുവച്ച യാത്രക്കാരന് തിരിച്ച് എയര്‍പോര്‍ട്ടിലെത്തി തിരികെ നല്‍കി കെഎസ്ആര്‍ടിസി ജീവനക്കാര്‍; കൈയടിച്ച് സോഷ്യല്‍മീഡിയ

Web Desk
Indian Telegram Android App Indian Telegram IOS App

കൊച്ചി: ബസില്‍ പാസ്‌പോര്‍ട്ടും ടിക്കറ്റും മറന്നുവച്ച യാത്രക്കാരന് തിരികെ എയര്‍പോര്‍ട്ടിലെത്തി കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇത് കൈമാറി. കോഴിക്കോട് നിന്നും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വഴി എറണാകുളത്തേക്ക് സര്‍വ്വീസ് നടത്തുകയായിരുന്ന Jn 412 KURTC ലോഫ്‌ളോര്‍ വോള്‍വോ ബസും ജീവനക്കാരുമാണ് പാസ്‌പോര്‍ട്ടും ടിക്കറ്റും കൈമാറി സോഷ്യല്‍മീഡിയയിലെ താരങ്ങളായി മാറിയത്.

കോഴിക്കോട് നിന്നും എത്തി നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരെ ഇറക്കി തിരികെ ഹൈവേയിലെത്തി യാത്ര തുടരുകയായിരുന്നു ബസ്. ഇതിനിടെയാണ് പാസ്‌പോര്‍ട്ട് അടങ്ങിയ കിറ്റ് ശ്രദ്ധയില്‍പ്പെടുന്നത്. ഗള്‍ഫിലേക്ക് പോകുകയായിരുന്ന ഏതോ ഒരു പ്രവാസി യാത്രക്കാരന്‍ മറന്നുവച്ചതായിരുന്നു അത്.

കെഎസ്ആര്‍ടിസിയും ജീവനക്കാരായ കൃഷ്ണദാസും നിസാറും യാത്രക്കാരോട് സംസാരിച്ച ശേഷം ഉടന്‍ തന്നെ ബസുമായി തിരികെ എയര്‍പോര്‍ട്ടിലെത്തി കിറ്റ് കൈമാറുകയായിരുന്നു. ബസിലെ യാത്രക്കാരനായിരുന്ന അനീഷ് അഷ്‌റഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റോടെയാണ് സംഭവം പുറം ലോകമറിയുന്നത്.

അനീഷ് അഷ്‌റഫിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.

…KSRTC യിലെ ഹീറോസ്… സല്യൂട്ട്

(6/01 /2019 രാത്രി 11 മണി ആയിക്കാണും)
ഇന്നലെ കോഴിക്കോട്ട് നിന്ന് ഈ ബസിലാണ് ഞാന്‍ കൊച്ചീലോട്ട് യാത്ര തിരിച്ചത്. യാത്രക്കാര്‍ നിറയെ ഉണ്ടായിരുന്നു ബസില്‍. ബസ് നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ എത്തി ഗള്‍ഫ് യാത്രയ്ക്കുള്ളവര്‍ എയര്‍പോര്‍ട്ടിലിറങ്ങി. ബസ് യാത്ര തുടങ്ങി കുറച്ച് ഓടിയപ്പോള്‍ കണ്ടക്ടര്‍ നിസാര്‍ സാറിനോട് എന്റെ മൊബൈല്‍ ചാര്‍ജ് ചെയ്യണമെന്ന് പറഞ്ഞു പുള്ളി ചാര്‍ജ് ചെയ്യാന്‍ സ്ഥലം കാണിച്ചപ്പോള്‍ അവിടെ നിന്നും ഒരു കിറ്റ് കിട്ടി യാത്രക്കാരില്‍ ഒരാള്‍ കിറ്റ് തുറന്നു നോക്കി. കുടുംബം പുലര്‍ത്താന്‍ ഗള്‍ഫിലേക്ക് ജോലിക്ക് പോകുന്ന മൊയ്ദീന്‍ എന്നയാളുടെ പാസ്‌പോര്‍ട്ടും വിസയും മറ്റു രേഖകളും അടങ്ങുന്ന കിറ്റായിരുന്നു അത് .. ബസ് സൈടൊതുക്കി. മൊയ്തീന്റെ ഫോണ്‍ നമ്പര്‍ ഇല്ലായിരുന്നു. ബസ് വെയിറ്റ് ചെയ്യുമെങ്കില്‍ ഞാന്‍ എയര്‍പോര്‍ട്ടില്‍ കൊണ്ട് പോയി കൊടുക്കാമെന്ന് പറഞ്ഞു. കുറച്ചു നേരം ബസില്‍ ചര്‍ച്ചയായിരുന്നു. ബസിന്റ സാരഥി കൃഷ്ണദാസും കണ്ടക്ടര്‍ നിസാര്‍ നിലമ്പൂരും കൂടി യാത്രക്കാരോട് ചോദിച്ചു കൊണ്ട് തീരുമാനമെടുത്തു. ബസ് ഒന്നുകൂടി എയര്‍പോര്‍ട്ട് ലക്ഷ്യം വെച്ചു നീങ്ങി .എയര്‍ പോര്‍ട്ടിലെത്തി ബസ് ഹോണടി തുടങ്ങി .ഞാനുള്‍പ്പെടെ രണ്ട് മൂന്ന് യാത്രക്കാര്‍ പുറത്തിറങ്ങി അന്വാഷിച്ചു കുറച്ചു സമയത്തിനുള്ളില്‍ മൊയ്തീനെ കണ്ടു പാസ്‌പോര്‍ട്ടും രേഖകളും കൈമാറി. അയാള്‍ക്ക് സമാധാനമായി നമ്മുക്ക് സന്തോഷവും. ഈ ബസിലെ ഡ്രൈവര്‍ കൃഷ്ണദാസിനെയും കണ്ടക്ടര്‍ നിസാര്‍ നിലമ്പൂരിനെയും. മൊയ്തീനും യാത്രക്കാരായ ഞങ്ങളും മറക്കില്ല നിങ്ങള്‍ക്കൊരു… ബിഗ് സല്യൂട്ട്..

Top