Chiking
Latest News

എസ്ബിഐ ആക്രമണത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു; ആക്രമണം നടത്തിയവരില്‍ എന്‍ജിഒ യൂണിയന്‍ നേതാക്കളും; രണ്ടാം ദിനത്തില്‍ പണിമുടക്ക് കേരളത്തില്‍ ഭാഗികം; വടക്കേ ഇന്ത്യയില്‍ സമ്മിശ്ര പ്രതികരണം

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനത്തില്‍ തിരുവനന്തപുരത്ത് എസ്ബിഐയുടെ ട്രഷറി ബ്രാഞ്ചില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. പൊതുമുതല്‍ നശിപ്പിച്ചതടക്കം ഏഴു വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

അതേസമയം ആക്രമണം നടത്തിയത് സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെയെന്ന് സ്ഥിരീകരിച്ചു. രജിസ്‌ട്രേഷന്‍ ജിഎസ്ടി വകുപ്പിലെ ഉദ്യോഗസ്ഥരാണ് ബാങ്കില്‍ ആക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞു.

എസ്ബിഐ ബ്രാഞ്ചിലെ ജീവനക്കാരനും എട്ടംഗ സംഘത്തില്‍ ഉണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് സമീപത്തെ ബ്രാഞ്ചിലായിരുന്നു സമരക്കാരുടെ അക്രമം. മാനേജറുടെ മുറിയിലെ കമ്പ്യൂട്ടറും ഫോണും ചില്ലുകളും അടിച്ചുതകര്‍ത്തു.

കന്റോണ്‍മെന്റ് പൊലീസിന് മാനേജര്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രകോപനമില്ലാതെയാണ് സമരക്കാര്‍ ആക്രമണം നടത്തിയതെന്ന് ബാങ്ക് മാനേജര്‍ പറഞ്ഞു. ജീവനക്കാരെ സമരാനുകൂലികള്‍ ഭീഷണിപ്പെടുത്തിയെന്നും മാനേജര്‍ പ്രതികരിച്ചു.

ഇന്ന് സംസ്ഥാനത്ത് പണിമുടക്ക് ഭാഗികമാണ്. ട്രെയിൻ തടഞ്ഞത് ഇന്നും റെയിൽ ഗതാഗതം താറുമാറാക്കി. പമ്പയിലേക്ക് മാത്രമാണ് കെഎസ്ആർടിസി സർവീസ് നടത്തിയത്. തിരുവനന്തപുരം സെൻട്രലിൽ രാവിലെ സമരക്കാർ വേണാട്, ശബരി എക്സ്പ്രസ്സുകൾ തടഞ്ഞു. നാൽപത് മിനിട്ട് വൈകിയാണ് ട്രെയിനുകൾ പുറപ്പെട്ടത്. കെഎസ്ആർടിസി പമ്പയിലേക്ക് മാത്രമാണ് സർവീസ് നടത്തിയത്. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലയിൽ പണിമുടക്ക് രണ്ടാം ദിവസവും ജനജീവിതത്തെ സാരമായി ബാധിച്ചു.സ്വകാര്യ ബസുകൾ ഒന്നും സർവീസ് നടത്തുന്നില്ല. നഗരത്തിൽ സർവീസ് നടത്തിയ ടാക്സി വാഹനങ്ങൾ സമരക്കാർ തടഞ്ഞു.

ചങ്ങനാശേരിയിൽ വേണാട് എക്സ് പ്രസും കോട്ടയത്ത് ശബരി എക്സ് പ്രസും സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ തടഞ്ഞു. കുമരകം അടക്കമുള്ള ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെയും പണിമുടക്ക് ബാധിച്ചു. കൊച്ചിയിലെ പണിമുടക്ക് പൂർണ്ണമാണ്. കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങളിലെ ഹാജർ നില ഇന്നും കുറവായിരുന്നു. ഓട്ടോ-ടാക്സികൾ ഭാഗികമായി സർവീസ് നടത്തി. കോഴിക്കോട് മിഠായി തെരുവിൽ ഇന്ന് കൂടുതൽ കടകൾ തുറന്നു. നഗരത്തിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തി. കൊയിലാണ്ടിയിൽ തുറന്ന കടകൾ സമരക്കാർ അടപ്പിച്ചു.

അതിനിടെ ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസവും വടക്കേ ഇന്ത്യയില്‍ സമ്മിശ്ര പ്രതികരണമാണ്. സമരസമിതിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി.

ബംഗാളിലും ഛത്തീസ്ഗഡിലും ഒഡീഷയിലും പണിമുടക്കിനിടെ അക്രമങ്ങളുണ്ടായി. രാവിലെ പതിന്നൊന്നരയോടെ മണ്ഡി ഹൗസില്‍ നിന്നാരംഭിച്ച മാര്‍ച്ച് പാര്‍ലമെന്റ് സ്ട്രീറ്റില്‍ പൊലീസ് തടഞ്ഞു. അടിസ്ഥാന ശമ്പള വര്‍ധനവുള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

മുംബൈ, ഡല്‍ഹി, പൂനെ ഉള്‍പ്പടെയുള്ള നഗരങ്ങളെ പണിമുടക്ക് ബാധിച്ചില്ല. എന്നാല്‍ കൊല്‍ക്കത്തയില്‍ പരക്കെ അക്രമം ഉണ്ടായി. ഹൗറയില്‍ ബസിനു നേരെയുള്ള കല്ലേറില്‍ രണ്ടുവിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ദിന്‍ഹത്തയിലും ട്രാന്‍സ്‌പോര്‍ട്ട് ബസ് അടിച്ചുതകര്‍ത്തു. പ്രതിഷേധങ്ങളെ തുടര്‍ന്ന് ജീവനക്കാര്‍ ഹെല്‍മറ്റ് ധരിച്ചായിരുന്നു ബസ് ഓടിച്ചത്.

ഭുവനേശ്വറിലും ചത്തീസ്ഗഡിലും പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചു. മഹാരാഷ്ട്രയിലെ ഗ്രാമീണ മേഖലയില്‍ പണിമുടക്ക് പൂര്‍ണമാണ്. ഇടതുപക്ഷ സംഘടനകള്‍ക്ക് സ്വാധീനമുള്ള ധാണു, പാല്‍ഘര്‍, വിക്രംഘട്ട് പ്രദേശങ്ങളില്‍ ഇന്നും കടകളും ഫാക്ടറികളും അടഞ്ഞുകിടക്കുകയാണ്.

ബൊയിസറില്‍ സമരക്കാര്‍ മഹാറാലി നടത്തി. ഗോവയിലെ ടൂറിസം മേഖലയില്‍ സമരം ബാധിച്ചില്ല. ഖനി ഊര്‍ജവ്യാവസായിക മേഖല രണ്ടാം ദിവസവും സ്തംഭിച്ചു. ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, പോസ്റ്റല്‍ മേഖലകളെയും സമരം ബാധിച്ചു.

Top