Chiking
Latest News

ശബരിമലയിലെ ശുദ്ധിക്രിയ ദേവസ്വം ബോര്‍ഡിന്റെ അറിവോടെ; വെളിപ്പെടുത്തല്‍ ദേവസ്വം ബോര്‍ഡിനു നല്‍കിയ കത്തില്‍

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: യുവതീപ്രവേശനത്തെ തുടര്‍ന്നു ശബരിമലയില്‍ തന്ത്രി കണ്ഠര് രാജീവര് ശുദ്ധിക്രിയ നടത്തിയത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പൂര്‍ണ അറിവോടെ. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, അംഗം കെ.പി. ശങ്കര്‍ദാസ് എന്നിവരെ അറിയിച്ച ശേഷമാണു തന്ത്രി ശുദ്ധിക്രിയ നടത്തിയത്.

സോപാനം സ്‌പെഷല്‍ ഓഫിസര്‍, ശബരിമല അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍, എക്‌സിക്യൂട്ടിവ് ഓഫിസര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ എന്നിവരെയും തന്ത്രി മുന്‍കൂര്‍ വിവരം അറിയിച്ചിരുന്നു. ദേവസ്വം ബോര്‍ഡോ മുതിര്‍ന്ന ഉദ്യോഗസ്ഥരോ ശുദ്ധിക്രിയ ചെയ്യരുതെന്നു തന്ത്രിക്കു നിര്‍ദേശം നല്‍കിയിട്ടില്ല.

ഇരുമുടിക്കെട്ടില്ലാതെ വല്‍സന്‍ തില്ലങ്കേരി 18-ാംപടി കയറിയപ്പോഴും ശുദ്ധിക്രിയ നടത്തിയെന്നു കത്തില്‍ പറയുന്നു. മണ്ഡലം നാളിതുവരെയുള്ള എല്ലാ അശുദ്ധി ബാധകള്‍ക്കും ശുദ്ധിക്രിയ നടത്തി.

യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് സന്നിധാനത്തു തടിച്ചുകൂടിയ ഭക്തര്‍ ആകെ രോഷാകുലരായിരുന്നു. സ്ഥിതി കൂടുതല്‍ വഷളാകാതിരിക്കാനാണ് ശുദ്ധിക്രിയയ്ക്കു തടസ്സം നില്‍ക്കാതിരുന്നതെന്നും എക്‌സിക്യുട്ടിവ് ഓഫിസറും അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസറും ദേവസ്വം ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്.

തന്ത്രി നട അടച്ചിട്ടില്ല. പകരം തിരുനടയുടെ വാതില്‍ പകുതി ചാരിയാണ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയത്. ശബരിമല എക്‌സിക്യൂട്ടിവ് ഓഫിസര്‍ കഴിഞ്ഞ രണ്ടിനു ദേവസ്വം കമ്മിഷണര്‍ക്കു നല്‍കിയ കത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

‘യുവതീപ്രവേശനം മുഖ്യമന്ത്രി സ്ഥിരീകരിച്ച ശേഷം തന്ത്രി തന്നെയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറെയും അദ്ദേഹത്തിന്റെ മുറിയിലേക്ക് വിളിച്ച് ആചാരപരമായ കാര്യങ്ങള്‍ നടത്തണമെന്നറിയിച്ചു. താന്‍ പുണ്യാഹവും ബിംബശുദ്ധിയും നടത്താന്‍ പോവുകയാണെന്നും ഇതു 45 മിനിറ്റിനകം പൂര്‍ത്തിയാക്കുമെന്നും തന്ത്രി ദേവസ്വം ബോര്‍ഡ്  പ്രസിഡന്റിനെ ഫോണിലൂടെ അറിയിച്ചു’-കത്തില്‍ വ്യക്തമാക്കുന്നു.

Top