Chiking
Latest News

രാഹുലിന്റെ സന്ദര്‍ശനത്തിന് യുഎഇ ഒരുങ്ങിക്കഴിഞ്ഞു; നാളെ പൊതുസമ്മേളനം

Web Desk
Indian Telegram Android App Indian Telegram IOS App

ദുബൈ:  വിശ്വാസികളുടെ ഐക്യം നേടിയെടുക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ യു.എ.ഇ. സന്ദര്‍ശനം ചരിത്രസംഭവമാക്കാനുള്ള എല്ലാവിധ  തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി യു.ഡി.എഫ്. നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.  ദുബൈ ക്രിക്കറ്റ്  സ്റ്റേഡിയത്തില്‍  വെള്ളിയാഴ്ച  വൈകിട്ട് അഞ്ചരയ്ക്കാണ് രാഹുല്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനം.

രാഹുല്‍ ഗാന്ധി  പ്രസംഗിക്കുന്നതിനുമുമ്പ്   മുന്‍  മുഖ്യമന്ത്രി  ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം കെ.സി. വേണുഗോപാല്‍, മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. എന്നിവരും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമെന്ന് നേതാക്കള്‍ അറിയിച്ചു.ഇന്ത്യയുടെ  മുഖമുദ്രയായ  സഹിഷ്ണുതയും  മതേതരത്വവും  ഉള്‍പ്പെടെയുള്ള  മൂല്യങ്ങള്‍  തിരിച്ചുപിടിക്കാനുളള പ്രയത്‌നത്തിലാണ്‌രാഹുല്‍  ഗാന്ധിയുടെ  നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്.

അഖിലേന്ത്യാതലത്തില്‍ തന്നെ സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ വിശാലമായ പ്രതിപക്ഷനിര രൂപംകൊണ്ടിരിക്കുന്നു.  ദുബൈയിലെ പൊതുസമ്മേളനം മതേതരത്വവും സഹിഷ്ണുതയും പുലര്‍ന്നുകാണണമെന്ന് ആഗ്രഹിക്കുന്നവരുടെ  സംഗമമായിരിക്കുമെന്ന് കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി. പറഞ്ഞു.

എന്നാല്‍ അഖിലേന്ത്യാ തലത്തില്‍ ഉയര്‍ന്നുവരുന്ന ഇത്തരം ഐക്യനിരയോട് സി.പി.എം. നേതൃത്വം പുറം തിരിഞ്ഞുനില്‍ക്കുകയാണ്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുപ്പതോളം മണ്ഡലങ്ങളില്‍ പരാജയപ്പെട്ടത് ചെറിയ വോട്ടുകള്‍ക്കാണ്.  അവിടെ സി.പി.ഐ.എം ഒറ്റയ്ക്ക് മത്സരിച്ച് കോണ്‍ഗ്രസിന്റെ സാധ്യത ഇല്ലാതാക്കിയത് ഇതിന്റെ ഉദാഹരണമാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

ജനാധിപത്യ മതേതര വിശ്വാസികളുടെ ഐക്യം കൂടുതല്‍ ഉറപ്പിക്കാനായി രാഹുല്‍ഗാന്ധി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് യു.എ.ഇ. പ്രവാസ സമൂഹത്തില്‍നിന്നും വലിയ പ്രതികരണമാണ് ലഭിക്കുന്നതെന്ന് എം.കെ. രാഘവന്‍ എം.പി. പറഞ്ഞു. പ്രവാസികള്‍ വര്‍ഷങ്ങളായി നേരിടുന്ന പ്രയാസങ്ങളും പ്രശ്‌നങ്ങളും കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തും.

മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ നേതൃത്വത്തില്‍ ഇതിനായി ഒരു കമ്മിറ്റിതന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനത്തിനിടയില്‍ നടക്കുന്ന കൂടിക്കാഴ്ചകളില്‍ ഉയര്‍ന്നുവരുന്ന ക്രിയാത്മക നിര്‍ദേശങ്ങളും ഈ കമ്മിറ്റിയുടെ ശ്രദ്ധയിലെത്തിക്കും. അടുത്ത തിരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ യു.പി.എ. അധികാരത്തിലെത്തുമെന്നും ഈ നിര്‍ദേശങ്ങള്‍ക്കെല്ലാം ഉചിതമായ പരിഹാരം കാണുമെന്നും രാഘവന്‍ പറഞ്ഞു.

സംഘപരിവാര്‍ ശക്തികള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് സംസ്‌കാരം ഇന്ത്യ തൂത്തെറിയുമെന്ന് യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി തങ്ങള്‍ പറഞ്ഞു. രാഹുലിനുവേണ്ടി നടക്കുന്ന പ്രചാരണപ്രവര്‍ത്തനങ്ങളും അതിന്റെ ആവേശവും അതാണ് തെളിയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ എക്കാലവും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന മൂല്യങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങളെ ചെറുക്കാനുള്ള മുന്നേറ്റം എല്ലായിടത്തും ഉയര്‍ന്നുവരുന്നതായി ആന്റോ ആന്റണി എം.പി. പറഞ്ഞു. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ., അബ്ദുറഹിമാന്‍ രണ്ടത്താണി, ഇബ്രാഹിം എളേറ്റില്‍, പി.കെ. ഫിറോസ്, പുന്നക്കന്‍ മുഹമ്മദലി, എന്‍.ആര്‍. മായന്‍ എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

മുന്നാക്കവിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് സാമ്പത്തികസംവരണം ഏര്‍പ്പെടുത്താന്‍ മോദി ഗവണ്‍മെന്റ് കൊണ്ടുവന്ന ബില്‍ രാഷ്ട്രീയ അടവുനയത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. മൂന്ന് സംസ്ഥാനങ്ങളിലെ തോല്‍വിയാണ് ബി.ജെ.പി.യെ പുതിയ തന്ത്രത്തിലേക്ക് നയിച്ചത്. നാലരവര്‍ഷമായി ആലോചിക്കാതിരുന്ന ഒരുകാര്യം പെട്ടെന്ന് നിയമമാക്കി കൊണ്ടുവന്നതുതന്നെ അവരുടെ കാപട്യം വെളിവാക്കുന്നതാണെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ മുന്നാക്കവിഭാഗത്തിനായുള്ള ഈ സംവരണത്തോട് മുസ്‌ലിംലീഗിന് യോജിക്കാനാവില്ലെന്ന് തൊട്ടടുത്തിരുന്ന മുനവ്വറലി തങ്ങള്‍ അഭിപ്രായപ്പെട്ടു. അതിനാലാണ് ബില്ലിനെ എതിര്‍ത്ത് മുസ്‌ലിംലീഗ് വോട്ടുചെയ്തത്. എന്നാല്‍ ഈ വിയോജിപ്പ് ബി.ജെ.പി.ക്ക് എതിരായ ഐക്യത്തിന് തടസ്സമാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top