Chiking
Latest News

ഖത്തറില്‍ ഇ-തട്ടിപ്പ്; ഞെട്ടിപ്പിച്ച് കണക്കുകള്‍

Web Desk
Indian Telegram Android App Indian Telegram IOS App

ദോഹ: ഇലക്ട്രോണിക് തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത നിര്‍ദേശവുമായി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.  ഇത്തരം ഇലക്ട്രോണിക് കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു  വരികയാണെന്ന് ക്രിമിനല്‍  ഇന്‍വെസ്റ്റിഗേഷന്‍  വിഭാഗത്തിലെ ഇക്കണോമിക് ആന്‍ഡ് ഇലക്ട്രോണിക് ക്രൈം വിഭാഗം  ഡയറക്ടര്‍ കേണല്‍ അലി ഹസ്സന്‍ അല്‍  കുബെയ്‌സി പറഞ്ഞു.

എസ്എംഎസ് വഴിയാണ്  പ്രധാനമായും ഇലക്ട്രോണിക് തട്ടിപ്പുകള്‍ ഉണ്ടാവുന്നത്‌.  മൊബൈല്‍ ഫോണില്‍ വരുന്ന ഇത്തരം വ്യാജ സന്ദേശങ്ങളോടു പ്രതികരിക്കുന്നവരെ തട്ടിപ്പിന് ഇരയാക്കുകയാണു ചെയ്യുന്നത്. ഇലക്ട്രോണിക് തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളില്‍ കഴിഞ്ഞ വര്‍ഷം 40% വര്‍ധനവുണ്ടായെന്ന് അല്‍ കുബെയ്‌സി പറഞ്ഞു.

തട്ടിപ്പ് ലിങ്കുകള്‍

വാട്‌സ്ആപ്പ്, എസ്എംഎസ് സന്ദേശങ്ങള്‍ വഴിയാണ് തട്ടിപ്പ് പ്രധാനമായും നടക്കുന്നത്. ഇത്തരം സന്ദേശങ്ങളില്‍ ലിങ്ക് ഉണ്ടായിരിക്കും. യഥാര്‍ഥമെന്നു പൂര്‍ണമായും തോന്നുന്ന തരത്തിലായിരിക്കും ഇത്തരത്തിലുള്ള വ്യാജ ലിങ്കുകള്‍. ഈ ലിങ്കുകളില്‍ പ്രവേശിച്ചു വിവരങ്ങള്‍ നല്‍കുന്നവരാണു തട്ടിപ്പിന് ഇരകളായിട്ടുള്ളത്. ബാങ്ക്, ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങളുള്‍പ്പെടെയുള്ളവ ഇത്തരത്തില്‍ തട്ടിപ്പുകാര്‍ കൈവശപ്പെടുത്തുന്നുണ്ട്.

ബാങ്കുകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടേതിനു സമാനമായ വെബ്‌സൈറ്റ് അഡ്രസുകളും മറ്റുമാണു തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്. ഒറ്റ നോട്ടത്തില്‍ ഇതു തിരിച്ചറിയാനാവില്ല. എസ്എംഎസ്, വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ക്കു പുറമെ, ഇ മെയില്‍ ഉള്‍പ്പെടെയുള്ളവ ഇതിനു വേണ്ടി തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നു. ബാങ്കില്‍ നിന്നാണെന്ന വ്യാജേന ഫോണില്‍ നേരിട്ടു വിളിച്ചു വിശദാംശങ്ങള്‍ തിരക്കുന്ന തട്ടിപ്പുകാരുമുണ്ട്.

വിവരങ്ങള്‍ സൂക്ഷിക്കുക

ബാങ്ക്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഒരാളുമായും പങ്കുവയ്ക്കരുതെന്ന് കേണല്‍ അലി ഹസ്സന്‍ അല്‍ കുബെയ്‌സി പറഞ്ഞു. സന്ദേശങ്ങളിലുള്ള ലിങ്കിലൂടെ പ്രവേശിച്ച് വ്യക്തിഗത വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടാകും ചിലപ്പോള്‍ സന്ദേശങ്ങള്‍ ലഭിക്കുക. ഒരു കാരണവശാലും ഈ ലിങ്കുകളില്‍ പ്രവേശിക്കുകയോ, വ്യക്തിഗത വിവരങ്ങള്‍ പങ്കുവയ്ക്കുകയോ ചെയ്യരുത്.

ചിലപ്പോള്‍ വലിയ സമ്മാനങ്ങള്‍ ലഭിച്ചുവെന്നു പറഞ്ഞായിരിക്കും സന്ദേശങ്ങള്‍ ലഭിക്കുക. സമ്മാനം കൈമാറ്റം ചെയ്യാനായി ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ആവശ്യപ്പെടും. യൂസര്‍ പേര്, പാസ്‌വേര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍, പിന്‍ നമ്പറുകള്‍ എന്നിവയാണ് ഇത്തരത്തില്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെടുക. ഇത്തരം സന്ദേശങ്ങളോടു പ്രതികരിക്കരുത്.

പരാതികള്‍ അറിയിക്കുക

എന്തെങ്കിലും തട്ടിപ്പു ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ ബാങ്കുമായി ബന്ധപ്പെടുക. ബാങ്കുകളിലെ കസ്റ്റമര്‍ സര്‍വീസ് ഫോണുകളില്‍ ബന്ധപ്പെട്ടാല്‍ വിശ്വസനീമായ വിവരങ്ങള്‍ ലഭിക്കും. തട്ടിപ്പിനിരയായാല്‍ ഇക്കണോമിക് ആന്‍ഡ് ഇലക്ട്രോണിക് ക്രൈംസ് വിഭാഗത്തില്‍ പരാതി നല്‍കുക. മെട്രാഷ് 2 ആപ്ലിക്കേഷന്‍ വഴിയോ, ടെലിഫോണ്‍ വഴിയോ(2347444), ഹോട്ട് ലൈന്‍ വഴിയോ( 66815757), ഇ മെയില്‍ വഴിയോ(cccc@moi.gov.qa) പരാതി നല്‍കാം.

Top