Chiking
Latest News

മുന്‍ ബിജെപി എംഎല്‍എയുടെ കൊലപാതകം: മുഖ്യപ്രതിയായ ബിജെപി നേതാവ് യു എസിലേക്ക് കടന്നതായി റിപ്പോര്‍ട്ട്

Web Desk
Indian Telegram Android App Indian Telegram IOS App

അഹമ്മദാബാദ്: ഗുജറാത്തിലെ മുന്‍ ബിജെപി എംഎല്‍എയായ ജയന്തി ഭാനുശാലിയുടെ കൊലപാതക കേസില്‍ മുഖ്യപ്രതിയായ ബി ജെ പി നേതാവ് യു എസിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. കേസിലെ മുഖ്യപ്രതിയായ ബിജെപി നേതാവ് ഛാബില്‍ പട്ടേലാണ് യു എസിലേക്ക് പറന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തിങ്കളാഴ്ച രാത്രിയാണ് നബുജില്‍ നിന്നും അഹമ്മാദാബാദിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ അജ്ഞാതനായ ആളുടെ വെടിയേറ്റ് ഭാനുശാലി കൊല്ലപ്പെടുന്നത്.

ചൊവ്വാഴ്ച രാവിലെ അഞ്ചുമണിക്കുള്ള വിമാനത്തില്‍ പട്ടേല്‍ യു എസിലേക്കു പോയെന്നാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ ഡി എസ് പി ജഗദീഷ് സിങ് റോള്‍ പറയുന്നത്. അതേസമയം രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ പട്ടേല്‍ ഭാനുശാലിയെ കൊലപ്പെടുത്തിയതെന്നാണ് അദ്ദേഹത്തിന്റെ ബന്ധുക്കളുടെ ആരോപണം. പട്ടേലിനെ കൂടാതെ ഇയാളുടെ മകന്‍ സിദ്ധാര്‍ത്ഥ് ഉള്‍പ്പടെ മറ്റുമൂന്നുപേര്‍ കൂടി കൊലപാതകത്തില്‍ പങ്കാളികളാണെന്നും കുടുംബം ആരോപിക്കുന്നുണ്ട്.

ജയന്തി ഭാനുശാലി സംഭവ ദിവസം സായ്ജി നഗരി എക്‌സ്പ്രസിലെ എ സി കോച്ചിലായിരുന്നു യാത്ര ചെയ്തിരുന്നത്. കട്ടാരിയസുര്‍ബാരി എന്നീ സ്‌റ്റേഷനുകള്‍ക്കിടയില്‍ വെച്ചാണ് വെടിയേറ്റതെന്നായിരുന്നു റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം അബ്ദാസ മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയായ ജയന്തിലാലിനെതിരെ ബലാത്സംഗ ആരോപണവുമായി യുവതി രംഗത്തെത്തിരുന്നു.

ഫാഷന്‍ ഡിസൈനിങ് കോളജില്‍ പ്രവേശനം നേടിത്തരാമെന്ന് വാഗ്ദാനം ചെയ്ത് തന്നെ നിരവധി തവണ പീഡിപ്പിച്ചുവെന്നായിരുന്നു സൂറത്ത് സ്വദേശിനിയായ 21കാരിയുടെ ആരോപണം. ഇതോടെ ഇദ്ദേഹം രാജി വെക്കുകയും ചെയ്തു. കച്ച് ജില്ലയിലെ ബി ജെ പി വൈസ് പ്രസിഡന്റായിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ രാജി.

Top