Chiking
Latest News

രാഹുല്‍ ഗാന്ധിക്ക് ദുബൈയില്‍ ഹൃദ്യമായ വരവേല്‍പ്പ്; യുഎഇ പര്യടനം ഇന്ന് തുടങ്ങും (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

ദുബൈ: യു.എ.ഇ. സന്ദര്‍ശനത്തിനായി എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് ദുബൈ വിമാനത്താവളത്തില്‍ ഹൃദ്യമായ വരവേല്‍പ്. വ്യാഴാഴ്ച വൈകീട്ട് ഏഴോടെ വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലെത്തിയ രാഹുലിനെ മജ്‌ലിസില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി., കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എം.പി., കെ. സുധാകരന്‍, എം.പി.മാരായ എം.കെ. രാഘവന്‍, ആന്റോ ആന്റണി, എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. തുടങ്ങിയവര്‍ചേര്‍ന്ന് സ്വീകരിച്ചു. രാഹുലിന് സ്വാഗതം എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി കുട്ടികളുള്‍പ്പെടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പുറത്ത് കാത്തുനിന്നിരുന്നു. കരഘോഷങ്ങളോടെ ഇവര്‍ രാഹുലിനെ വരവേറ്റു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സാം പിട്രോഡയും രാഹുലിനൊപ്പം ഉണ്ടായിരുന്നു.

വെള്ളിയാഴ്ച തുടങ്ങുന്ന യു.എ.ഇ. പര്യടനത്തിനായി വലിയ ഒരുക്കങ്ങളും പ്രചാരണങ്ങളുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിവരുന്നത്. വന്‍ സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനമാണ് രാഹുലിന്റെ പ്രധാന പരിപാടി. ഉച്ചതിരിഞ്ഞ് ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സില്‍ (ഐ.ബി.പി.സി.) ഒരുക്കുന്ന മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കും. കാലത്ത് പത്തിന് ദുബൈ ജബല്‍അലിയിലെ ഒരു ലേബര്‍ ക്യാമ്പ് സന്ദര്‍ശനത്തോടെയാണ് യു.എ.ഇ. പര്യടനത്തിന്റെ തുടക്കം.

ശനിയാഴ്ച ദുബൈയില്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും ഒരു സംഘത്തോട് രാഹുല്‍ സംസാരിക്കും. തുടര്‍ന്ന് അബുദാബിയിലേക്ക് പോകും. ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍സ് ഗ്രൂപ്പ് ഒരുക്കുന്ന മുഖാമുഖം, ശൈഖ് സായിദ് പള്ളി സന്ദര്‍ശനം എന്നിവയാണ് പ്രധാന പരിപാടികള്‍. ഞായറാഴ്ച ഷാര്‍ജയിലെ ഒരു പരിപാടിയിലും അദ്ദേഹം സംബന്ധിക്കുമെന്നാണ് സൂചന.

ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ‘ഇന്ത്യ എന്ന ആശയം’ എന്ന സന്ദേശത്തോടെയുള്ള സാംസ്‌കാരിക പരിപാടിയാണ് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുക. വൈകീട്ട് നാലിന് ആരംഭിക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള കലാരൂപങ്ങള്‍ അരങ്ങേറും. അഞ്ചരയോടെ രാഹുല്‍ വേദിയിലെത്തും. ഇതിനുമുമ്പ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കെ.സി. വേണുഗോപാല്‍ എം.പി., മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. എന്നിവര്‍ പ്രസംഗിക്കും. സാം പിട്രോഡ അധ്യക്ഷനായിരിക്കും.

മൂന്നുവര്‍ഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനായി എത്തിയ വന്‍ജനക്കൂട്ടത്തെ മറികടക്കുന്നതാവണം രാഹുലിനുള്ള വരവേല്‍പ്പ് എന്നാണ് എ.ഐ.സി.സി. നേതാക്കള്‍ മുതല്‍ കോണ്‍ഗ്രസ് അനുഭാവസംഘടനയായ ഇന്‍കാസിന്റെ പ്രവര്‍ത്തകര്‍വരെ നല്‍കുന്ന ആഹ്വാനം.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

Top