Chiking
Latest News

കെപിസിസി ഭാരവാഹികളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു; പുനഃസംഘടന വേണ്ടെന്ന് ഗ്രൂപ്പുകള്‍

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. 15ാം തീയതി പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പ്രഖ്യാപിച്ചെങ്കിലും തീരുമാനമായില്ലെന്നാണ് വിവരം. ഭാഗിക പുനസംഘടനപോലും നടത്തുന്നത് പാര്‍ട്ടിക്കുള്ളില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ നിലപാട്.

ജനറല്‍ സെക്രട്ടറിമാരിലും സെക്രട്ടറിമാരിലും ഇപ്പോഴുള്ള ഒഴിവുകള്‍ നികത്തിയാല്‍ മതിയെന്നാണ് ഏറ്റവും ഒടുവിലത്തെ ധാരണ. നിലവിലെ കമ്മിറ്റയിലെ 23 ജനറല്‍ സെക്രട്ടറിമാരില്‍ 19 പേരെ നിലവിലുള്ളു. ശേഷിച്ചവര്‍ മറ്റ് സ്ഥാനങ്ങള്‍ ലഭിച്ചപ്പോള്‍ ഒഴിവായി. 44 സെക്രട്ടറിമാരുണ്ടായിരുന്ന സ്ഥാനത്തു ഇപ്പോള്‍ 33 പേര്‍. ഈ ഒഴിവുകള്‍ മാത്രമായിരിക്കും നികത്തുക.

ഇതില്‍ മുന്‍ ഡി.സി.സി അധ്യക്ഷന്‍മാര്‍ക്കായിരിക്കും മുന്‍ഗണന. ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 15 ആക്കി ചുരുക്കി പുനസംഘടന നടത്തുന്നതിനോടും എ, ഐ ഗ്രൂപ്പുകള്‍ക്ക് താല്‍പര്യമില്ല. അടുത്തമാസം മൂന്നുമുതല്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ യാത്ര തുടങ്ങുകയാണ്. അതിനുള്ളില്‍ ഭാഗിക പുനസംഘടനയാണെങ്കിലും പൂര്‍ത്തിയാക്കാനാകില്ല. മാത്രമല്ല പുനസംഘടനയെച്ചൊല്ലിയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇനി സമയമില്ല.

അതുകൊണ്ടാണ് പുനസംഘടന വേണ്ടെന്ന നിലപാടില്‍ ഇരു ഗ്രൂപ്പുകളും ഉറച്ചുനില്‍ക്കുന്നത്. തല്‍ക്കാലം ഒഴിവുകള്‍ നികത്തിയും വിവിധ പ്രചാരണകമ്മിറ്റികള്‍ രൂപീകരിച്ചും തിരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ഉമ്മന്‍ചാണ്ടിയുടേയും ചെന്നിത്തലയുടേയും നിലപാട്. എന്നാല്‍ ഇതിനെ പൂര്‍ണമായും അംഗീകരിക്കാന്‍ മുല്ലപ്പള്ളി തയാറായിട്ടില്ല. പുനഃസംഘടന സംബന്ധിച്ച് 15 നു മുന്‍പ് പ്രഖ്യാപനം ഉണ്ടാകുമെന്നു കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപിച്ച സ്ഥിതിക്ക് ഇക്കാര്യത്തില്‍ ഒരു താല്‍ക്കാലിക സമവായം ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Top