Chiking
Latest News

എസ്ബിഐ ബാങ്ക് ആക്രമണം: എന്‍ജിഒ യൂണിയന്‍ പ്രധാന നേതാക്കളെ അറസ്റ്റ് ചെയ്യാതെ പൊലീസ്; കേസ് 2 പേരില്‍ മാത്രം ഒതുക്കാന്‍ ശ്രമം

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനത്തില്‍ തിരുവനന്തപുരത്ത് എസ്ബിഐ ട്രഷറി ഓഫീസ് ആക്രമിച്ച കേസില്‍ എന്‍ജിഒ യൂണിയന്‍ പ്രധാന നേതാക്കളെ അറസ്റ്റ് ചെയ്യാതെ പൊലീസ്. ക്യാബിന്‍ ആക്രമണക്കേസ് 2 പേരില്‍ മാത്രം ഒതുക്കാന്‍ ശ്രമം നടക്കുന്നു. മറ്റ് 5 പേരെ അറസ്റ്റ് ചെയ്യാതെ കുറ്റപത്രത്തില്‍ മാത്രം പേര് പരാമര്‍ശിക്കാനാണ് നീക്കം.

അതേസമയം നഷ്ടം നല്‍കി കേസ് പിന്‍വലിപ്പിക്കാനാണ് ശ്രമം. ഡിവൈഎഫ്‌ഐ നേതാവ് മുഖേനയാണ് ചര്‍ച്ചയ്ക്ക് ശ്രമിക്കുന്നത്. അക്രമികളുടെ ജോലി പോവുമെന്നും ദയയുണ്ടാവണമെന്നുമാണ് അപേക്ഷ. എന്നാല്‍ ബാങ്ക് അനുകൂലമായി പ്രതികരിച്ചിട്ടില്ല. ധാരണയാവും വരെ അറസ്റ്റ് വൈകിപ്പിക്കാനാണ് നീക്കം.

എന്നാല്‍ എൻജിഒ യൂണിയൻ സംസ്ഥാന നേതാക്കളായ സുരേഷ് ബാബുവിനെയും സുരേഷിനെയും തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. അക്രമം നടത്തിയവരില്‍ അനിൽകുമാർ, അജയകുമാർ, ശ്രീവൽസൻ, ബിജുരാജ്, വിനുകുമാർ എന്നിവരെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു.

അക്രമിസംഘത്തിൽ രണ്ട് പേരെ കൂടി തിരിച്ചറിയാനുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ രണ്ട് എന്‍ജിഒ യൂണിയൻ പ്രവർത്തകരുടെ ജാമ്യം ഇന്ന് തിരുവനന്തപുരം സെഷൻസ് കോടതി പരിഗണിക്കും. അക്രമത്തില്‍ ബാങ്കില്‍ ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കമ്പ്യൂട്ടർ, ലാന് ഫോൺ, മൊബെൽ ഫോൺ, ടേബിൾ ഗ്ലാസ് എന്നിവ അക്രമികള്‍ നശിപ്പിച്ചിരുന്നു.

എന്‍ജിഒ യൂണിയന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഹരിലാല്‍, എന്‍ജിഒ യൂണിയന്‍ തൈക്കാട് ഏരിയാ സെക്രട്ടറി അശോകന്‍ എന്നീ ജില്ലാ നേതാക്കള്‍ കേസിലെ പ്രതിയാണ്. ഇരുവരും എസ്ബിഐ ഓഫീസില്‍ കയറി ബ്രാഞ്ച് മാനേജരുമായി തര്‍ക്കിക്കുന്നതും ഓഫീസ് സാധനങ്ങള്‍ തകര്‍ക്കുന്നതും ബാങ്കിന്റെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

അതിനിടെ ഇടത് നേതാക്കള്‍ക്കെതിരെ പരാതിയുമായി ബാങ്ക് വനിതാ ജീവനക്കാരും രംഗത്തെത്തി. നേതാക്കള്‍ തങ്ങളെ അസഭ്യം വിളിച്ച് അപമാനിച്ചതായി റീജണല്‍ മാനേജര്‍ക്ക് പരാതി നല്‍കി. പരാതി പൊലീസിന് കൈമാറിയേക്കും.

Top