Chiking
Latest News

ശ്രീനിവാസന്‍ പറഞ്ഞാലും ലാലിനെ കളിയാക്കാന്‍ ഞാന്‍ സമ്മതിക്കില്ലല്ലോ; ചര്‍ച്ചയായ ഡയലോഗിനെക്കുറിച്ച് സത്യന്‍ അന്തിക്കാട് (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

കൊച്ചി: ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് ഞാന്‍ പ്രകാശന്‍. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പതിനാറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രംകൂടിയാണിത്. മോഹന്‍ലാല്‍- ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ എപ്പോഴാണ് ഒരു ചിത്രം വരുന്നതെന്നാണ് സിനിമാ പ്രേമികള്‍ക്ക് ഇനി അറിയേണ്ടത്. ഇതിനെക്കുറിച്ച് സത്യന്‍ അന്തിക്കാട് പറഞ്ഞത് ഇങ്ങനെ:

‘ഞാന്‍ പ്രകാശന് വേണ്ടി അത്തരമൊരു ആലോചന നടത്തിയിരുന്നു. ശ്രീനിവാസനും ലാലും റെഡി ആയിരുന്നു. എന്നാല്‍ കഥ വന്നുചേര്‍ന്നത് ഒരു ചെറുപ്പക്കാരനിലാണ്. ആ കഥയ്ക്ക് ഏറ്റവും യോജിച്ച ആള്‍ ഫഹദ് ഫാസിലായിരുന്നു. എന്റെ വലിയ ആഗ്രഹമാണ് മൂവരും ഒന്നിച്ചൊരു ചിത്രമെന്നത്. അത് സംഭവിച്ചേക്കാം.’

”മോഹന്‍ലാലും ശ്രീനിവാസനും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. തെറ്റിദ്ധാരണയാണത്. വാട്‌സ്ആപ്പില്‍ അത്തരം പ്രചാരണങ്ങളൊക്കെ വന്നിട്ടുണ്ട്. ഈ സിനിമയിലുള്ള നിര്‍ദോഷമായ ഒരു തമാശ പോലും മോഹന്‍ലാലിനെ കളിയാക്കിയതാണെന്ന് പറഞ്ഞവരുണ്ട്, ശ്രീനിവാസന്‍ പറഞ്ഞാലും ലാലിനെ കളിയാക്കാന്‍ ഞാന്‍ സമ്മതിക്കില്ലല്ലോ’.

”ഫഹദിന്റെ കഥാപാത്രം ‘വീട്ടില്‍ സ്വര്‍ണം വെച്ചിട്ടെന്തിന് എന്ന ഡയലോഗ് പറയുമ്പോള്‍ ‘അതാ പറഞ്ഞവന്റെ വീട്ടിലുണ്ടാകും’ എന്ന് ശ്രീനി മറുപടി നല്‍കുന്ന സീനുണ്ട്. അത് മോഹന്‍ലാലിനെ ഉദ്ദേശിച്ചാണ് എന്ന തരത്തിലൊക്കെയാണ് വ്യാഖാനിച്ചത്. മോഹന്‍ലാലിന്റെ ടാലന്റിന്റെ ആരാധകനാണ് ശ്രീനി, തിരിച്ചും അങ്ങനെ തന്നെയാണ്. അവര്‍ക്ക് പരസ്പരം തല്ലാനും ചീത്തപറയാനും ഒക്കെ അധികാരമുണ്ട്,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.

‘ഞാന്‍ പ്രകാശന്‍ ഇപ്പോള്‍ സൂപ്പര്‍ഹിറ്റായി ഓടുന്നു. ഒരിക്കലും വിജയം അനായാസമായി ഉണ്ടാകുന്നില്ല. വലിയൊരു ഹോം വര്‍ക്ക് അതിനു പിന്നിലുണ്ട്. ഒന്നര വര്‍ഷത്തോളം പുതിയ സിനിമയ്ക്കായി ഞാനും ശ്രീനിയും പ്രവര്‍ത്തിച്ചിരുന്നു. മൂന്നുകഥകള്‍ ഏകദേശം പൂര്‍ത്തിയായിട്ടും അവസാനനിമിഷം ചെയ്യേണ്ടെന്ന് തീരുമാനിച്ചു. ഇത് നാലാമത്തെ കഥയാണ്. പതിനാറ് വര്‍ഷത്തിനു ശേഷമാണ് ഞങ്ങള്‍ ഒന്നിക്കുന്നത്, അതുകൊണ്ട് തന്നെ ആളുകള്‍ തമാശ പ്രതീക്ഷിക്കും. അങ്ങനെയാണ് പലകഥകളും മാറ്റിവെച്ചത്. അവസാനം കഥ തേടി എവിടെയും പോകേണ്ടന്ന തീരുമാനമെടുത്തു. 2018 ലെ ഒരു ചെറുപ്പക്കാരനെ പിന്തുടരുക. മലയാളിപ്പയ്യന്‍. അവനെ പിന്തുടര്‍ന്നാല്‍ രസകരമായ കഥ കിട്ടും. അങ്ങനെയാണ് സിനിമയ്ക്ക് ആദ്യം മലയാളി എന്ന പേരിട്ടത്,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.

‘മലയാളികളുടെ സ്വഭാവങ്ങളെപ്പറ്റിയും, ഞങ്ങള്‍ക്കു തന്നെ സംഭവിച്ചിട്ടുള്ള അബദ്ധങ്ങളെപ്പറ്റിയും ചിന്തിച്ചു തുടങ്ങി. അത്തരം രംഗങ്ങള്‍ വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ പ്രകാശന്റെ കഥാപാത്രം രൂപപ്പെട്ടു. പിന്നെയാണ് മലയാളി എന്ന പേരില്‍ പണ്ടൊരു സിനിമ ഇറങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞത്. അതുകൊണ്ട്, സിനിമയുടെ പേരു മാറ്റാമെന്നു ആലോചിക്കുകയും, ഇതിനു വലിയ ചിന്തോദ്ദീപകമായ പേരൊന്നും ആവശ്യമില്ലെന്നു തോന്നുകയും ചെയ്തു. പ്രകാശന്‍ പ്രകാശനായി മാറുന്നതാണ് കഥ. അപ്പോള്‍ ഞാന്‍ പ്രകാശന്‍ എന്നു പേരിടാം എന്ന തീരുമാനത്തിലെത്തി, സത്യന്‍ അന്തിക്കാട് സിനിമയുടെ പേരിനു പിന്നിലെ ചിന്തകള്‍ പങ്കു വച്ചു’.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

Top