Chiking
Latest News

രാഹുല്‍ ഗാന്ധിയുടെ  ശബ്ദം ഇന്ന് ഉദയാ സൗണ്ട്‌സിലൂടെ  മുഴങ്ങും; ചരിത്രം ആവര്‍ത്തിക്കുന്നു

Web Desk
Indian Telegram Android App Indian Telegram IOS App

ദുബൈ: യുഎഇയില്‍ ചരിത്രത്തിന്റെ അലയൊലികളാല്‍ രാഹുല്‍ ഗാന്ധിയുടെ  ശബ്ദം ഇന്ന് ഉദയാ സൗണ്ട്‌സിലൂടെ  മുഴങ്ങും. രാഹുലിന്റെ മുതു മുത്തച്ഛന്‍  ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ മുത്തശ്ശി ഇന്ദിരാഗാന്ധി, പിതാവ് രാജീവ് ഗാന്ധി, മാതാവ് സോണിയാ ഗാന്ധി ഇവരെല്ലാം ഉദയ സൗണ്ട്‌സിലൂടെയാണ് സംസാരിച്ചിട്ടുള്ളത്. ഉദയ സ്ഥാപകന്‍ എറണാകുളം പുല്ലേപടി ജംങ്ഷനില്‍ പരേതനായ ടി.കെ.ഖാദറാണ് നെഹ്‌റുവിന് മൈക്ക് നല്‍കിയത്.  1952ല്‍ നെഹ്‌റു മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ പ്രസംഗിച്ചത് ഖാദറിന്റെ മൈക്കിലൂടെയാണ്. പിന്നീട് ഇന്ദിരഗാന്ധിക്കും ഖാദര്‍ തന്നെ മൈക്ക് നല്‍കി.

ഖാദറിന്റെ മകന്‍ ബഷീറാണ് ദുബെെ ഉദയയയുടെ ഉടമ. ബഷീറിന്റെ മകന്‍ റിനുവും സഹോദര പുത്രന്‍ റിയാസും ചേര്‍ന്നാണ് ഇന്ന് രാഹുലിന്റെ പൊതുപരിപാടിയില്‍ ശബ്ദവെളിച്ച നിയന്ത്രണം നടത്തുന്നത്. ഖാദറിന് ഒരു നിയോഗം പോലെയാണ് നെഹ്‌റുവിന് മൈക്ക് നല്‍കേണ്ടി വന്നത്. നെഹ്‌റുവിന്റെ പരിപാടിക്ക് മറ്റൊരു കൂട്ടരുടെ മൈക്കാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ സമയത്ത് അത് പണിമുടക്കി. അപ്പോഴാണ് റോഡിലൂടെ നെഹ്‌റുവിന്റെ പരിപാടി സംബന്ധിച്ച അനൗണ്‍സ്‌മെന്റ് നടത്തി ഖാദര്‍ നിന്നത്.

നെഹ്‌റു ഇതു കേട്ടു. സംഘാടകര്‍ ഉടന്‍ തന്നെ അദ്ദേഹത്തെ കാറോടെ അകത്തേക്കു വിളിപ്പിച്ചു. ഖാദറിന്റെ മൈക്രോഫോണിലൂടെയാണ് പിന്നീട് നെഹ്‌റു സംസാരിച്ചത്. കാറില്‍ കെട്ടിവച്ച കോളാമ്പിയില്‍ ആ ശബ്ദം പ്രതിധ്വനിച്ചതാണ് നാട് കേട്ടത്. ഖാദറിന്റെ മറ്റു മക്കളായ ഷംസുദ്ദീന്‍, യൂസഫ്, ഇക്ബാല്‍, നൗഷാദ് എന്നിവര്‍ ഇതേ മേഖലയിലാണ് നാട്ടില്‍ പ്രവര്‍ത്തിക്കുന്നത്.

രാജീവ് ഗാന്ധി ചാലക്കുടിയില്‍ വന്നപ്പോഴും പിന്നീട് സോണിയാ ഗാന്ധി മറൈന്‍ ഡ്രൈവില്‍ പ്രസംഗിച്ചപ്പോഴുമെല്ലാം ഷംസുദ്ദീനും ഇക്ബാലുമെല്ലാം മൈക്ക് ഓപ്പറേറ്റര്‍മാരായി ഉദയയുടെ പേരു കാത്തു. ഇപ്പോള്‍ രാഹുല്‍ എത്തുമ്പോള്‍ മകനും സഹോദരനായ ഷംസുദ്ദീന്റെ മകന്‍ റിയാസും ചേര്‍ന്ന് ശബ്ദ സംവിധാനം നിയന്ത്രിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ബഷീര്‍ (56) നിറഞ്ഞ ശബ്ദത്തില്‍ പറയുന്നു

17 വര്‍ഷം മുമ്പാണ് ദുബൈയില്‍ ബഷീര്‍ പ്രസ്ഥാനം തുടങ്ങിയത്. അതും ഒരു നിമിത്തം പോലെ. ഇംഗ്ലണ്ടിലേക്ക് അതിന്റെ തലേവര്‍ഷം സാധന സാമഗ്രികള്‍ വാങ്ങാന്‍ പോകുമ്പോള്‍ ദുബൈയില്‍ രണ്ടുമൂന്നു ദിവസത്തേക്കു താമസിക്കേണ്ടി വന്നു. അപ്പോഴാണ് ഇവിടെ ശബ്ദ വില്‍പ്പനയ്ക്കു നല്ല സാധ്യത കണ്ടത്. പിറ്റേവര്‍ഷം ഇവിടെ പ്രസ്ഥാനം ആരംഭിക്കുകയായിരുന്നുവെന്ന് ബഷീര്‍ വെളിപ്പെടുത്തുമ്പോള്‍ അതില്‍ വിജയചരിത്രം കുറിക്കുകയായിരുന്നു.

Top