Chiking
Latest News

വ്യക്തിഗത അഭിപ്രായങ്ങള്‍ ടീമിന്റേതല്ല: പുലിവാല് പിടിച്ച പാണ്ഡ്യയെയും രാഹുലിനെയും കൈവിട്ട് കോഹ്‌ലി

Web Desk
Indian Telegram Android App Indian Telegram IOS App

സിഡ്‌നി: സ്വകാര്യ ടിവി ചാനലിലെ പരിപാടിയില്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ കുഴപ്പത്തിലായ ഇന്ത്യന്‍ ടീമംഗങ്ങളായ ഹാര്‍ദിക് പാണ്ഡ്യ, ലോകേഷ് രാഹുല്‍ എന്നിവരെ കൈവിട്ട് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഇത്തരം പരാമര്‍ശങ്ങള്‍ ഒരു കാരണവശാലും സ്വീകാര്യമല്ലെന്ന കാര്യം ഇരുവരെയും അറിയിച്ചിട്ടുണ്ടെന്ന് കോഹ്‌ലി വ്യക്തമാക്കി. ഇത്തരം വ്യക്തിഗത അഭിപ്രായപ്രകടനങ്ങള്‍ ടീമിന്റെ അഭിപ്രായമായി വ്യാഖ്യാനിക്കരുതെന്നും കോഹ്‌ലി ആവശ്യപ്പെട്ടു.

ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ ‘കോഫി വിത്ത് കരണ്‍’ എന്ന ടിവി ഷോയില്‍ ഇരുവരും നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ കടുത്ത വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. ഒന്നിലധികം സെലിബ്രിറ്റികളുമായി താന്‍ ഒരേസമയം അടുപ്പത്തിലായിരുന്നെന്നും ഇക്കാര്യം മാതാപിതാക്കള്‍ക്കും അറിവുണ്ടായിരുന്നുവെന്നും നിസ്സാരമട്ടിലാണ് ടോക് ഷോയില്‍ ഹാര്‍ദിക് വെളിപ്പെടുത്തിയത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ കടുത്ത പ്രതിഷേധമുയര്‍ന്നതോടെ ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയ ബിസിസിഐ, ഇവരെ രണ്ടു മല്‍സരങ്ങളില്‍നിന്ന് വിലക്കുന്ന കാര്യവും പരിഗണിച്ചുവരികയാണ്.

‘ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കാഴ്ചപ്പാടില്‍ ഇരുവരും നടത്തിയ പരാമര്‍ശങ്ങള്‍ ഒട്ടും സ്വീകാര്യമല്ല. തങ്ങള്‍ നടത്തിയ പ്രസ്താവനയുടെ ഗൗരവം ഇരുവര്‍ക്കും ഇതിനകം ബോധ്യമായിട്ടുണ്ട്. ഇനിയും ഇത്തരം പരാമര്‍ശങ്ങള്‍ ഇവര്‍ ആവര്‍ത്തിക്കില്ലെന്നാണ് പ്രതീക്ഷ. ടീമെന്ന നിലയില്‍ ഇത്തരം പരാമര്‍ശങ്ങളും പ്രസ്താവനകളും പ്രോത്സാഹിപ്പിക്കില്ലെന്ന കാര്യം ഇരുവരെയും നേരിട്ട് അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമും ഉത്തരവാദിത്തമുള്ള താരങ്ങളെന്ന നിലയില്‍ ഞങ്ങളോരോരുത്തരും ഇത്തരം പരാമര്‍ശങ്ങളെ തെറ്റായിട്ടാണു കാണുന്നത്. അവര്‍ പറഞ്ഞത് തീര്‍ത്തും വ്യക്തിപരമായ പരാമര്‍ശങ്ങള്‍ മാത്രമാണ്’ സിഡ്‌നിയിലെ ഒന്നാം ഏകദിനത്തിനു മുന്നോടിയായി മാധ്യമപ്രവര്‍ത്തകരെ കാണവെ കോഹ്‌ലി പറഞ്ഞു.

പാണ്ഡ്യയുടെയും രാഹുലിന്റെയും കാര്യത്തില്‍ ബിസിസിഐയുടെ അന്തിമ തീരുമാനത്തിനു കാക്കുകയാണെന്നും കോഹ്‌ലി പറഞ്ഞു. മോശം പരാമര്‍ശങ്ങളുടെ പേരില്‍ ഇരുവര്‍ക്കും രണ്ടു മല്‍സരങ്ങളില്‍നിന്നു വിലക്കേര്‍പ്പെടുത്താന്‍ ബിസിസിഐ ഇടക്കാല ഭരണസമിതി ചെയര്‍മാന്‍ വിനോദ് റായി നിര്‍ദ്ദേശിച്ചിരുന്നു.

അതേസമയം, ഇരുവരുടെയും പ്രസ്താവനകള്‍ വരുത്തിവച്ച വിവാദം ഇന്ത്യന്‍ ടീമിന്റെ കെട്ടുറപ്പിനെ ഒരു കാരണവശാലും ബാധിക്കില്ലെന്നും കോഹ്‌ലി ഉറപ്പുനല്‍കി. പാണ്ഡ്യയ്ക്കു വിലക്കേര്‍പ്പെടുത്തുന്ന പക്ഷം ടീമിന്റെ തന്ത്രങ്ങളില്‍ മാറ്റങ്ങളുണ്ടായേക്കാമെന്നും കോഹ്‌ലി സൂചന നല്‍കി. പാണ്ഡ്യയ്ക്കു പകരം രവീന്ദ്ര ജഡേജയെ ടീമിലുള്‍പ്പെടുത്താനാണ് സാധ്യത.

Top