Chiking
Latest News

കത്താറയില്‍ കൗതുകമൊരുക്കി കുന്തിരിക്കമുത്ത് ആഭരണ പ്രദര്‍ശനം

Web Desk
Indian Telegram Android App Indian Telegram IOS App

ദോഹ:  കത്താറയില്‍ കോടികള്‍ വിലമതിക്കുന്ന കുന്തിരിക്ക മുത്തുകളുടെയും ആഭരണങ്ങളുടെയും പ്രദര്‍ശനം ആരംഭിച്ചു. ഖത്തറില്‍  ഈ പ്രദര്‍ശനം ആദ്യമാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും പ്രകൃതിദത്തവുമായ  മുത്തുകളും ആഭരണങ്ങളുമാണ്  പ്രദര്‍ശനത്തെ ഏറ്റവുമധികം ശ്രദ്ധേയമാക്കുന്നത്. പിതൃഅമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ ആദ്യദിനംതന്നെ പ്രദര്‍ശനം കാണാനെത്തി.

കുന്തിരക്ക മരത്തിന്റെ കറ സംസ്‌കരിച്ച് പ്രത്യേക രീതിയില്‍ കടഞ്ഞെടുത്താണ് മുത്തുകള്‍ ഉണ്ടാക്കുന്നത്. പല നിറത്തിലും വലുപ്പത്തിലുമുള്ള മുത്തുകള്‍, ജപമാലകള്‍, നെക്‌ലസുകള്‍, ബ്രേസ്‌ലെറ്റുകള്‍ തുടങ്ങിയ ആഭരണങ്ങളും പ്രദര്‍ശനത്തിലുണ്ട്.

മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ പ്രദര്‍ശനമാണിത്. കത്താറ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തിയാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. ഖത്തറിനു പുറമേ തുര്‍ക്കി, കുവൈത്ത്, ലബനന്‍, പോളണ്ട്, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് 80 വ്യാപാരികളുടെ സ്റ്റാളുകളും പ്രദര്‍ശനത്തിലുണ്ട്.

ആദ്യ പ്രദര്‍ശനത്തിന്റെ ഒന്നാംദിനം തന്നെ വലിയ ജനപങ്കാളിത്തമാണ് ലഭിച്ചതെന്നും കുന്തിരക്ക മുത്തുവ്യവസായത്തിന് വന്‍ വളര്‍ച്ച നേടിക്കൊടുക്കാന്‍ ഇതു സഹായിക്കുമെന്നും അല്‍ സുലൈത്തി പറഞ്ഞു. കത്താറ ബില്‍ഡിങ് 12ലാണ് സ്റ്റാളുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്കു 3 മുതല്‍ രാത്രി 10വരെ സ്റ്റാളുകള്‍ തുറന്നിരിക്കും. പ്രവേശനം സൗജന്യമാണ്. സമാപന ദിവസമായ നാളെ രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് പ്രവേശനം.

Top