Chiking
Latest News

ബി ജെ പി ഹര്‍ത്താലില്‍ കൂട്ട അറസ്റ്റ്; പൊതുപണിമുടക്കില്‍ അക്രമം നടത്തിയവരുടെ കണക്കില്‍ കൈമലര്‍ത്തി പൊലീസ്

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമം നടത്തിയവരെ കണ്ടെത്തി ഉടനടി അറസ്റ്റു ചെയ്ത കേരള പൊലീസ് രണ്ടു ദിവസത്തെ പൊതുപണിമുടക്കില്‍ അക്രമം നടത്തിയവരെ കണ്ടില്ലെന്നു നടിക്കുന്നു. പൊതുപണിമുടക്കിലെ അക്രമത്തിന്റെ കണക്കില്‍ കൈമലര്‍ത്തുകയാണ് പൊലീസ്.

ഹര്‍ത്താലിന് അക്രമം നടത്തിയ ബിജെപി പ്രവര്‍ത്തകരുടെ ജില്ലാതലത്തിലുള്ള കണക്കുകള്‍ വരെ പുറത്തുവിട്ട പൊലീസ് പൊതുപണിമുടക്കിന് അക്രമം നടത്തിയവരുടെ കണക്കുകള്‍ ശേഖരിക്കാന്‍ വേണ്ട ഊര്‍ജം കാട്ടുന്നില്ലെന്നാണ് ആക്ഷേപമുയരുന്നത്.
നിലയ്ക്കലിലും മറ്റും അക്രമം നടത്തിയവരുടെ ഫോട്ടോ ആല്‍ബം വരെ തയാറാക്കി കുറ്റമറ്റ രീതിയില്‍ നടപടി സ്വീകരിച്ച പൊലീസ്, പണിമുടക്കിലെ അക്രമ സംഭവങ്ങളില്‍ സിപിഎം നേതാക്കള്‍ പ്രതികളായതോടെ ഫോട്ടോ ആല്‍ബം പോലും തയ്യാറാക്കാതെ കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നത്.
ഹര്‍ത്താല്‍ദിനത്തിലെ അക്രമികളുടെ ജില്ലാതലത്തിലുള്ള വിവരം ശേഖരിച്ചിട്ടുണ്ടെങ്കിലും പൊതുപണിമുടക്കില്‍ അക്രമം കാട്ടിയവരുടെ ക്രോഡീകരിച്ച വിവരം ശേഖരിച്ചിട്ടില്ലെന്ന് ഡിജിപിയുടെ ഓഫിസ് വ്യക്തമാക്കി.

പൊലീസ് അവസാനമായി പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് ഹര്‍ത്താല്‍ അക്രമങ്ങളില്‍ 2,187 കേസുകളിലായി 6,914 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. എന്നാല്‍, പൊതുപണിമുടക്കിന്റെ പേരില്‍ അക്രമം കാട്ടിയവരെക്കുറിച്ച് വിവരമില്ല.
ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി 8,9 തീയതികളില്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്കിനു തലേദിവസം ഡിജിപി മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. സമരം നിര്‍ബന്ധിത ഹര്‍ത്താലായി മാറാതിരിക്കാനാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്.
പണിമുടക്കില്‍ അക്രമം നടത്തുന്നവരെ ഉടനെ അറസ്റ്റു ചെയ്യുമെന്നും ഇവര്‍ക്കെതിരേ കേസ് റജിസ്റ്റര്‍ ചെയ്യുമെന്നും ഡിജിപി വ്യക്തമാക്കിയിരുന്നു. എന്നാല്‍ സിഐടിയു ഉള്‍പ്പെടെയുള്ള സംഘടനകള്‍ സമരരംഗത്തുള്ളതിനാല്‍ ഡിജിപിയുടെ നിര്‍ദേശം പാലിക്കപ്പെട്ടില്ല.

ഹര്‍ത്താല്‍ നാശനഷ്ടങ്ങള്‍ക്ക് കഠിനമായ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ച ദിവസം തന്നെ സംസ്ഥാനത്ത് വ്യാപകമായ അക്രമങ്ങള്‍ പണിമുടക്കിന്റെ പേരില്‍ അരങ്ങേറി.
പണിമുടക്ക് ദിനങ്ങളിലെ അക്രമ സംഭവങ്ങളില്‍ ഉന്നത നേതാക്കള്‍ പ്രതികളായതോടെ കൊടിയുടെ നിറം മറന്ന് ഒത്തുതീര്‍പ്പിന് ശ്രമം ആരംഭിച്ചിട്ടുണ്ട്. സിപിഎം നേതാക്കള്‍ പ്രതികളായ കേസുകളില്‍ വിട്ടുവീഴ്ച ചെയ്താല്‍ ബിജെപി നേതാക്കള്‍ പ്രതികളായ കേസുകളിലും വിട്ടുവീഴ്ച ചെയ്യാമെന്ന തരത്തിലാണ് ചര്‍ച്ചകള്‍.
പൊതുമുതല്‍ നശിപ്പിച്ചതിനും ട്രെയിന്‍ തടഞ്ഞതിനും സിപിഎം നേതാക്കള്‍ക്കെതിരെ റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഉള്‍പ്പെടെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ റിമാന്‍ഡിലായാല്‍ സര്‍ക്കാര്‍ ജോലിയുള്ള നേതാക്കളുടെ ജോലിയെ ബാധിക്കും. ട്രെയിന്‍ തടഞ്ഞതിനു ശിക്ഷ ലഭിച്ചാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുണ്ടാകും.
പൊതുപണിമുടക്ക് ദിവസം ട്രെയിന്‍ തടഞ്ഞതിനു സംയുക്ത സമരസമിതി കണ്‍വീനര്‍ വി.ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവരുള്‍പ്പെടെ ആയിരത്തിലധികംപേര്‍ പ്രതികളാണ്. സെക്രട്ടേറിയറ്റിനോട് ചേര്‍ന്ന എസ്ബിഐ മെയിന്‍ ട്രഷറി ശാഖ ആക്രമിച്ച കേസില്‍ എന്‍ജിഒ സംസ്ഥാന കമ്മറ്റി അംഗം സുരേഷ് ബാബു, ജില്ലാ കമ്മറ്റി അംഗം സുരേഷ് കുമാര്‍ എന്നിവര്‍ പ്രതികളാണ്.
ട്രെയിന്‍ തടഞ്ഞതിന് തിരുവനന്തപുരം ഡിവിഷനില്‍ 32 കേസുകളാണ് റെയില്‍വേ സുരക്ഷാ സേന റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ട്രെയിന്‍ തടഞ്ഞാല്‍ റെയില്‍വേ ആക്ട് 174 എ അനുസരിച്ച് രണ്ടുവര്‍ഷം തടവും 2000 രൂപ പിഴയുമാണ് ശിക്ഷ.
റെയില്‍വേ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയാല്‍ റെയില്‍വേ ആക്ട് 146 അനുസരിച്ച് ആറുമാസം തടവും 500 രൂപ പിഴയുമാണ് ശിക്ഷ. സ്റ്റേഷനുള്ളില്‍ അതിക്രമിച്ച് കയറിയാല്‍ റെയില്‍വേ ആക്ട് 147 അനുസരിച്ച് ആറുമാസം തടവും 1,000രൂപ പിഴയും ശിക്ഷ ലഭിക്കും.

Top