Chiking
Latest News

കേന്ദ്രസര്‍ക്കാരിനെ പ്രതികൂട്ടിലാക്കുന്ന 6 പരാതികളില്‍ അലോക് വര്‍മ്മ നോട്ടമിട്ടു; നീക്കം തിരിച്ചടിയെന്ന് മനസിലാക്കി ഇടപെട്ട് പ്രധാനമന്ത്രി

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: വിരമിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കുമ്പോഴാണ് അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതും തുടര്‍ന്ന് അദ്ദേഹം സര്‍വീസില്‍ നിന്ന്  രാജിവെച്ചതും. നിര്‍ബന്ധിതാവധിയില്‍ വിട്ട നടപടിയെ കോടതിയില്‍ വെല്ലുവിളിച്ചാണ് ഉപാധികളോടെയെങ്കിലും അലോക് വര്‍മ്മ ഡയറക്ടര്‍ പദവിയില്‍ തിരിച്ചെത്തിയത്. എന്നാല്‍ 48 മണിക്കൂറിനുള്ളില്‍ വീണ്ടും അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു. ഈ നീക്കങ്ങള്‍ക്കെല്ലാം പിന്നില്‍ പ്രധാനമന്ത്രിയാണെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ഒക്ടോബറോടെ സിബിഐയില്‍ രൂക്ഷമായ തമ്മിലടി പരിഹരിക്കാനായിരുന്നു പ്രധാനമന്ത്രി ആദ്യമായി ഇടപെട്ടത്. അലോക് വര്‍മ്മയെയും രാകേഷ് അസ്താനയെയും നിര്‍ബന്ധിതാവധിയില്‍ വിട്ടു. അര്‍ധരാത്രിയില്‍ ഓഫീസ് അടക്കം പൂട്ടി സര്‍ക്കാര്‍ നടത്തിയ നീക്കത്തിനു പിന്നില്‍ പക്ഷേ, മറ്റു ചില കാരണങ്ങളുണ്ടെന്ന വ്യാഖ്യാനം വന്നു. റഫാല്‍ മാത്രമല്ല, കേന്ദ്ര സര്‍ക്കാരും മുന്‍ ന്യായാധിപന്മാരും അടക്കം പ്രതികൂട്ടിലാകുന്ന മറ്റു 6 പരാതികള്‍ കൂടി അലോക് വര്‍മയുടെ പരിഗണനയിലുണ്ടെന്നതായിരുന്നു കാരണം.

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് റഫാല്‍ യുദ്ധവിമാന ഇടപാടിലെ അഴിമതി അന്വേഷിക്കണമെന്ന ആവശ്യവുമായി അരുണ്‍ ഷൂറിയും യശ്വന്ത് സിന്‍ഹയും പ്രശാന്ത് ഭൂഷണും നല്‍കിയ പരാതിയായിരുന്നു. വിരമിച്ച ഹൈക്കോടതി ജഡ്ജി ഇശ്‌റത്ത് മസ്‌റൂര്‍ ഖുദ്ദുസി, അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്. നാരായണ്‍ ശുക്ല എന്നിവര്‍ സംശയനിഴലിലുള്ള കോഴവിവാദങ്ങള്‍, കോടികള്‍ തട്ടി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയെ സഹായിക്കാന്‍ മോദിയുടെ വിശ്വസ്തനായ ധനമന്ത്രലായം സെക്രട്ടറിയുമായിരുന്ന ഹസ്മുഖ് ആദിയ നടത്തിയ ഇടപെടലുകള്‍, മോദിയുടെ സെക്രട്ടറിയും വിശ്വസ്തനുമായ ഭാസ്‌കര്‍ ഖുല്‍ബേക്കെതിരെയുള്ള കല്‍ക്കരി ഖനനാനുമതി ആരോപണം, പൊതുമേഖലാസ്ഥാപനങ്ങളിലെ നിയമനകാര്യവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും കോഴ നല്‍കിയ കേസ്, 5000 കോടി രൂപ തട്ടിയെടുത്തു രാജ്യം വിട്ട ഗുജറാത്ത് വ്യവസായി നിതിന്‍ സന്ദേസരയുമായി സിബിഐ സ്‌പെഷല്‍ ഡയറക്ടര്‍ അസ്താന നടത്തിയ ഇടപാടുകള്‍ എന്നിവ സംബന്ധിച്ച ഫയലുകളില്‍ അലോക് വര്‍മ്മ നോട്ടമിട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സിബിഐ ഡയറക്ടര്‍ സ്ഥാനം തിരികെ കിട്ടിയ ഉടന്‍ തന്നെ അലോക് വര്‍മ്മ ആദ്യം ചെയ്തത് തന്റെ എതിരാളിയും മോദിയും വിശ്വസ്തനുമായ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരായ കോഴ ആരോപണം അന്വേഷിച്ച സംഘത്തെ കൂട്ടത്തോടെ സിബിഐ ആസ്ഥാനത്തെത്തിക്കുക എന്ന നീക്കമായിരുന്നു. ഈ ഉദ്യോഗസ്ഥരെല്ലാം തന്നെ അലോക് വര്‍മ്മയ്‌ക്കൊപ്പം സ്ഥലംമാറ്റ പ്രതികാര നടപടിക്ക് ഇരയായവരായിരുന്നു. അലോക് വര്‍മ്മയുടെ ഈ നീക്കം ഭയപ്പെടുത്തിയത് ബിജെപി കേന്ദ്രങ്ങളെയായിരുന്നു.

അലോക് വര്‍മ്മയുടെ അടുത്ത നീക്കം റഫാല്‍ ആയുധഇടപാട് അടക്കം കേന്ദ്രസര്‍ക്കാരിന് തലവേദന സൃഷ്ടിച്ചേക്കാവുന്ന ഫയലുകളില്‍ ഇടപെടുക എന്ന അഭ്യൂഹമുയര്‍ന്നു. തെരഞ്ഞെടുപ്പ് വരാനിരിക്കെ ഈ നീക്കം തിരിച്ചടി നല്‍കുമെന്ന് മനസിലാക്കിയാണ് കോടതി നല്‍കിയ ഒരാഴ്ച സാവകാശത്തിന് പോലും നില്‍ക്കാതെ രാത്രി തന്നെ പ്രധാനമന്ത്രി ഉന്നതാധികാര സമിതി യോഗം വിളിച്ചത് അലോക് വര്‍മ്മയെ ഔദ്യോഗിക നടപടിക്രമം പാലിച്ച് മാറ്റിയത്.

അതേസമയം പ്രധാനമന്ത്രിയുടെ ഈ നീക്കം വിപരീത ഫലമാണ് ചെയ്യുക എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കോണ്‍ഗ്രസിന്റെ എതിര്‍പ്പ് വകവെക്കാതെ അലോക് വര്‍മ്മയെ പുറത്താക്കിയ നടപടി പ്രതിപക്ഷം ആയുധമാക്കും. കാരണം സിബിഐ തലവനെന്ന നിലയില്‍ സര്‍ക്കാരിന്റെ പരിധിക്ക് പുറത്ത് നിന്ന് കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചതിന്റെ പേരില്‍ ശിക്ഷാ നടപടിക്ക് വിധേയനായ ആളെന്ന പരിവേഷമാണ് അലോക് വര്‍മ്മയ്്ക്കുള്ളത്. ഉന്നതാധികാര സമിതി യോഗത്തില്‍ നല്‍കിയ കുറിപ്പില്‍ തന്നെ കോണ്‍ഗ്രസ് നയം വ്യക്തമാക്കിയിരുന്നു. മുന്‍ നിശ്ചയിച്ച തീരുമാനമാണു നടപ്പാക്കിയതെന്നു കോണ്‍ഗ്രസ് സഭാകക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ യോഗത്തിനു ശേഷം ആരോപിക്കുകയും ചെയ്തു.

Top