Chiking
Latest News

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തിരുവനന്തപുരത്ത് മത്സരിക്കും;അനില്‍ ആന്റണിയുടേത് രാഷ്ട്രീയ നിയമനമല്ലെന്നും:ശശി തരൂര്‍

Web Desk
Indian Telegram Android App Indian Telegram IOS App

shashi tharoor on anil antonys appointment
കോഴിക്കോട്: എഐസിസി പ്രവര്‍ത്തകസമിതി എ കെ ആന്റണിയുടെ മകനെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി തിരുവനന്തപുരം എംപി ശശിതരൂര്‍ രംഗത്തെത്തി. അനില്‍ ആന്റണി ഡിജിറ്റല്‍ രംഗത്തെ കുറിച്ച് നല്ല ബോധ്യമുള്ളയാളാണെന്നും അനിലിന്റേത് രാഷ്ട്രീയ നിയമനമല്ലെന്നും തരൂര്‍ വ്യക്തമാക്കി. നിലിന്റെ കഴിവില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തിരുവനന്തപുരത്ത് വീണ്ടും മത്സരിക്കുമെന്നും ശശി തരൂര്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് ചെയ്യാന്‍ ധാരാളം കാര്യങ്ങള്‍ ബാക്കിയുണ്ടെന്ന് പറഞ്ഞ അദ്ദേഹം അന്തിമ തീരുമാനം പാര്‍ട്ടിയുടേതാണെന്നും വിശദീകരണം നല്‍കി.നേരത്തെ അനില്‍ ആന്റണിയെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി നിയമിച്ചതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സംഘടനക്ക് വേണ്ടി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചവരെ തഴഞ്ഞ് വീണ്ടും മക്കള്‍ രാഷ്ട്രീയം നടപ്പാക്കുകയാണെന്നാണ് വിമര്‍ശനം.

കെപിസിസി നിര്‍വ്വാഹകസമിതി അംഗം കൂടിയായ ആര്‍എസ് അരുണ്‍രാജ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാജേഷ് ചന്ദ്രദാസ് അടക്കമുള്ളവര്‍ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ അനില്‍ ആന്റണിയുടെ നിയമനത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.അനില്‍ ആന്റണിയെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി കഴിഞ്ഞ ദിവസമാണ് നിയമിച്ചത്. കെപിസിസി അധ്യക്ഷന്‍ ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം നടന്നത്.

ഡാറ്റാ അനലിറ്റിക് രംഗത്ത് പരിചയമുള്ള അനില്‍ ആന്റണിയും, അഹമ്മദ് പട്ടേലിന്റ മകന്‍ ഫൈസല്‍ പട്ടേലും ചേര്‍ന്ന് തയ്യാറാക്കിയ കണക്കുകള്‍ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തിരുന്നുവെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. കേരളത്തിലും സമാനസേവനം പ്രയോജനപ്പെടുത്തുന്നതില്‍ എന്താണ് തെറ്റെന്നാണ് കെപിസിസി നേതൃത്വം വിശദീകരിക്കുന്നത്.

Top