Chiking
Latest News

ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന് ഡല്‍ഹിയില്‍ തുടക്കമായി

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന് തുടക്കമായി. ഡല്‍ഹിയിലെ രാംലീലാ മൈതാനിയിലാണ് യോഗം. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെക്കുറിച്ച് രൂപരേഖ തയ്യാറാക്കാനാണ് എക്‌സിക്യൂട്ടീവ് ചേരുന്നത്. ബിജെപിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എക്‌സിക്യൂട്ടീവ് യോഗമാണ് നടക്കുന്നത്. 12,000ത്തോളം അംഗങ്ങളാണ് ഈ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായാണ് ഉദ്ഘാടനപ്രസംഗം നടത്തിയത്. നാളെ വൈകീട്ടോടെ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിന്റെറെ സമാപനപ്രസംഗം നടത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അജണ്ടകളെക്കുറിച്ച് മോദി പ്രസംഗത്തില്‍ സംസാരിക്കും. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി എന്നിവരും എക്‌സിക്യൂട്ടീവില്‍ പങ്കെടുക്കുന്നുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്തെല്ലാം തന്ത്രങ്ങള്‍ സ്വീകരിക്കണം, ഏതെല്ലാം കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ പ്രധാനപ്രചാരണവിഷയങ്ങളാക്കണം എന്നതും എക്‌സിക്യൂട്ടീവില്‍ ചര്‍ച്ചയാകും. മുന്നാക്കസംവരണബില്ലും, പട്ടികജാതിപട്ടികവര്‍ഗനിയമഭേദഗതിയും അടക്കമുള്ള കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി ‘സബ്കാ സാഥ്, സബ്കാ വികാസ്’ എന്ന മുദ്രാവാക്യം ഉയര്‍ത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്.

2019ലും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നാണ് ഉദ്ഘാടനപ്രസംഗത്തില്‍ അധ്യക്ഷന്‍ അമിത് ഷാ അവകാശപ്പെട്ടത്. മോദിയുടെ വികസനപദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ വീണ്ടും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരണം അമിത് ഷാ പറഞ്ഞു. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം ഉറപ്പാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ഏറെക്കാലമായി ഇന്ത്യന്‍ ജനതയുടെ ആവശ്യമായിരുന്നെന്നാണ് അമിത് ഷാ പറഞ്ഞത്. ”ചെറുകിട വ്യവസായികള്‍ക്കും വ്യാപാരികള്‍ക്കും ജിഎസ്ടി രജിസ്‌ട്രേഷന്‍ വ്യവസ്ഥകള്‍ ഉദാരമാക്കിയ മോദി സര്‍ക്കാരിന്റെ നടപടികള്‍ അഭിനന്ദനാര്‍ഹമാണ്. ഇത് ചെറുകിടവ്യവസായങ്ങള്‍ വളരാന്‍ സഹായകമാകും. രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യവികസനത്തിന് ഉതകുന്ന രണ്ട് പ്രധാനതീരുമാനങ്ങള്‍ എടുത്തതിന് ഞാന്‍ സര്‍ക്കാരിനെ അഭിനന്ദിക്കുന്നു.” അമിത് ഷാ പറഞ്ഞു.

”നരേന്ദ്രമോദിയെപ്പോലെ ജനപ്രിയനേതാവ് ഈ ലോകത്തിലെങ്ങുമില്ല. ഉത്തര്‍പ്രദേശില്‍ 72 മുതല്‍ 74 സീറ്റുകള്‍ വരെ നേടുമെന്നാണ് എന്റെ പ്രവചനം. സംസ്ഥാനത്ത് ബിജെപി അനുകൂലതരംഗം പ്രകടമാണ്”, അമിത് ഷാ വ്യക്തമാക്കി.

Top