Chiking
Latest News

എസ്ബിഐ ബാങ്ക് ആക്രമിച്ച പ്രതികള്‍ ഒളിവില്‍ കഴിയുന്നത് തിരുവനന്തപുരത്ത് തന്നെയെന്ന് സൂചന; ഇവര്‍ കഴിയുന്നത് സിപിഐഎമ്മിന്റെ സംരക്ഷണത്തിലെന്ന് പൊലീസ് വിലയിരുത്തല്‍

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്ബിഐ ശാഖ അടിച്ചുതകര്‍ത്ത പ്രതികള്‍ ഒളിവില്‍ കഴിയുന്നത് തിരുവനന്തപുരത്ത് തന്നെയെന്ന് സൂചന. സിപിഐഎമ്മിന്റെ സംരക്ഷണത്തിലാണ് ഇവര്‍ എന്നാല്‍ പൊലീസ് വിലയിരുത്തുന്നത്. ആക്രമണത്തിന് നേതൃത്വം നല്‍കിയ രണ്ട് ഇടതുനേതാക്കളുടെ ഫോണ്‍ ലൊക്കേഷന്‍ വഴുതക്കാടാണെന്ന് പൊലീസ് കണ്ടെത്തി.

എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റിയംഗവും അടക്കം 15 പേര്‍ പ്രതികളെന്ന് തിരിച്ചറിഞ്ഞെങ്കിലും രണ്ട് പേര്‍ കീഴടങ്ങിയതല്ലാതെ ആരെയും പിടിച്ചിട്ടില്ല. അക്രമം നടത്തിയ സംഭവത്തിലെ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു.

അനില്‍ കുമാര്‍ (സിവില്‍ സപ്ലൈസ്), അജയകുമാര്‍ (സെയില്‍സ്ടാക്‌സ്), ശ്രീവല്‍സന്‍ (ട്രഷറി ഡയറക്ടറേറ്റ്), ബിജു രാജ് (ആരോഗ്യവകുപ്പ്), വിനുകുമാര്‍ എന്നിവരാണു മുഖ്യപ്രതികള്‍. ദൃശ്യങ്ങളുണ്ടായിട്ടും എന്‍ജിഒ സംസ്ഥാന നേതാക്കളെ പട്ടികയില്‍നിന്ന് ഒഴിവാക്കി.

അതേസമയം കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമം നടക്കുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. ദുര്‍ബല വകുപ്പുകള്‍ ചുമത്തി കേസെടുക്കുക, ഉന്നത നേതാക്കളെ ഒഴിവാക്കുക, അറസ്റ്റ് വൈകിപ്പക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്ത് പൊലീസ് പാര്‍ട്ടിയെ സഹായിക്കുന്നതായും ആക്ഷേപമുണ്ട്. സെക്രട്ടേറിയറ്റിനു സമീപം എസ്ബിഐ ശാഖ ആക്രമിച്ച കേസില്‍നിന്ന് എന്‍ജിഒ യൂണിയന്റെ ഉന്നത നേതാക്കളെ ഒഴിവാക്കിയതാണ് ഒടുവിലത്തേത്.

പരാതിയുമായി മുന്നോട്ടുപോയാല്‍ ബാങ്ക് ആക്രമിച്ചവരുടെ ജോലി പോകുമെന്നും ദയയുണ്ടാകണമെന്നുമാണ് ഒത്തുതീര്‍പ്പുകാരുടെ അപേക്ഷ. എന്നാല്‍ വിഷയത്തില്‍ അനുകൂലമായ പ്രതികരണങ്ങള്‍ക്ക് ബാങ്ക് ഇതുവരെ തയാറായിട്ടില്ല.

Top