Chiking
Latest News

ചന്തപ്പെണ്ണ്, കുലസ്ത്രീ എന്നീ വിളിപ്പേരുകള്‍ വാഴ്ത്തലുകളായി എടുക്കുന്നുവെന്ന് റിമ കല്ലിങ്കല്‍; താരസംഘടനയായ അമ്മയോട് ബഹുമാനമുണ്ട്, എന്നാല്‍ നീതിക്ക് വേണ്ടി പോരാടുമെന്ന് പാര്‍വതി

Web Desk
Indian Telegram Android App Indian Telegram IOS App

കൊച്ചി: ചന്തപ്പെണ്ണ്, കുലസ്ത്രീ എന്നൊക്കെയുളള വിളിപ്പേരുകള്‍ ജാതി പറഞ്ഞു വിളിക്കുന്നതിനു സമാനമായേ തോന്നിയിട്ടുളളുവെന്ന് നടി റിമ കല്ലിക്കല്‍ പറഞ്ഞു. അതൊരു കോംപ്ലിമെന്റായാണ് സ്ത്രീയെന്ന നിലയില്‍ എടുക്കുന്നതും. ഏതൊരു കാര്യത്തിനും മുന്നിട്ടിറങ്ങുന്ന, മെനക്കെട്ടു പണിയെടുക്കുന്ന സ്ത്രീകള്‍ പൊതുവെ കേള്‍ക്കുന്ന പഴിയാണ് ഇതെന്നും അതിനാല്‍ വിഷമം തോന്നുന്നില്ലെന്നും റിമ തിരുവനന്തപുരത്ത് സൂര്യ ഫെസ്റ്റിവല്ലില്‍ പറഞ്ഞു.

ചന്തപ്പെണ്ണ്, കുലസ്ത്രീ എന്നൊക്കെയുളള വിളിപ്പേരുകളെ വാഴ്ത്തലോ സ്തുതിവാക്കോ ആയാണ് എടുക്കുന്നത്. ശബരിമല വിഷയം കത്തി നില്‍ക്കുമ്പോള്‍ ഞങ്ങള്‍ അശുദ്ധകളാണ് എന്ന് സ്വയം പ്രഖ്യാപിച്ച് തെരുവിലിറങ്ങിയ സ്ത്രീകളുടെ കാഴ്ച വേദനിപ്പിച്ചു. സാമൂഹികസാസ്‌കാരിക വിഷയങ്ങള്‍ വരുമ്പോള്‍ സ്ത്രീകള്‍ ഇന്നും മുഖ്യധാരയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുന്നു. വനിതാമതില്‍ സംഘടിപ്പിച്ച സമയത്ത് കോട്ടയത്ത് കേട്ട ഒരു നര്‍മ്മുണ്ട്. വനിതാമതില്‍ പങ്കെടുത്ത വീട്ടില്‍ കയറി വരുന്ന ഭാര്യയോട് ഭര്‍ത്താവ് പറയുകയാണ് ഒരു ചായയെടുക്കാന്‍. കേരളത്തിലെ നവോത്ഥാനം എവിടെയെത്തി നില്‍ക്കുന്നുവെന്നതാണ് അത് സൂചിപ്പിക്കുന്നതെന്നും റിമ പരിഹസിച്ചു.

കുലസ്ത്രീകള്‍ ഫെമിനിച്ചികള്‍ എന്നീ ടാഗുകളോട് തനിക്കു പ്രശ്‌നമുണ്ടെന്ന് നേരത്തെ തന്നെ റിമ വ്യക്തമാക്കിയിരുന്നു. ജനിച്ചു വളര്‍ന്ന സാഹചര്യം അനുസരിച്ച് എല്ലാവര്‍ക്കും അവരവരുടേതായ വിശ്വാസങ്ങള്‍ ഉണ്ടായിരിക്കും. ഞാന്‍ ആരെയും കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. എല്ലാവരും ഈ സാമൂഹിക വ്യവസ്ഥയുടെ ഭാഗമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ കൃത്യമായി സംവദിച്ച് നമുക്ക് മുന്‍പോട്ട് പോകാം- റിമ പറഞ്ഞു.

അതേസമയം, താരസംഘടനയായ അമ്മയോട് ബഹുമാനമുണ്ട് എന്നാല്‍ നീതിക്ക് വേണ്ടി പൊരുതുക തന്നെ ചെയ്യുമെന്ന് നടി പാര്‍വതി പറഞ്ഞു. പ്രതിസന്ധികളെ തരണം ചെയ്യാന്‍ തന്റെ കഥാപാത്രങ്ങള്‍ സഹായിച്ചുവെന്നും പാര്‍വതി പറഞ്ഞു.

കാഞ്ചനമാലയും സേറയും സമീരയും തന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ചു. പ്രയാസം നിറഞ്ഞ ഘട്ടങ്ങളിലും തളരാത്തതിന് കാരണം ഈ കഥാപാത്രങ്ങള്‍ തന്ന ഊര്‍ജമാണെന്നും പാര്‍വതി പറഞ്ഞു. കഥാപാത്രങ്ങളെ പൂര്‍ണ്ണമായി ഉള്‍കൊണ്ടാണ് അഭിനയിക്കുന്നത്. അതിനാല്‍ എപ്പോഴും ആ കഥാപാത്രങ്ങള്‍ കൂടെയുണ്ടാകും -പാര്‍വതി പറഞ്ഞു.

താരസംഘടനയായ അമ്മയോട് ബഹുമാനമുണ്ട് എന്നാല്‍ നീതിക്ക് വേണ്ടി പൊരുതുക തന്നെ ചെയ്യുമെന്ന് പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടിയായി പാര്‍വതി പറഞ്ഞു.

Top