Chiking
Latest News

ഉന്നത നേതാക്കളെ അപമാനിക്കുന്നു; ‘ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റ’റിന്റെ പ്രദര്‍ശനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു

Web Desk
Indian Telegram Android App Indian Telegram IOS App

കൊല്‍ക്കത്ത: കൊല്‍ക്കത്ത നഗരത്തിലെ ക്വസ്റ്റ് മാളിലുള്ള മള്‍ട്ടിപ്ലക്‌സ് തീയറ്ററില്‍ പ്രദര്‍ശിപ്പിച്ച ‘ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റ’റിന്റെ പ്രദര്‍ശനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളെ അപമാനിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രദര്‍ശനം തടഞ്ഞത്. പ്രതിഷേധത്തിനിടെ സ്ഥലത്തെത്തിയ പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷം പ്രദര്‍ശനം തുടര്‍ന്നു.

പ്രകടനങ്ങള്‍ക്കിടെ ‘രാഹുല്‍ഗാന്ധി സിന്ദാബാദ്’, ‘കോണ്‍ഗ്രസ് സിന്ദാബാദ്’ മുദ്രാവാക്യങ്ങള്‍ പ്രവര്‍ത്തകര്‍ ഏറ്റുവിളിച്ചു. കോണ്‍ഗ്രസ് പതാകകളുമായെത്തിയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രവര്‍ത്തകര്‍ തിയറ്ററില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിങ് എന്നിവരെ അപമാനിക്കുന്നതാണ് ചിത്രമെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. ചിത്രം ഒരു തിയറ്ററിലും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാകേഷ് സിങ് പറഞ്ഞതായി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യതു.

അതേ സമയം ചിത്രം ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണെന്നും എന്നാല്‍ ഇത്തരം അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഓംപ്രകാശ് മിശ്ര പ്രതികരിച്ചു. സിനിമ വസ്തുതകളെ വളച്ചൊടിക്കുന്നതാണെന്നായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതികരണം.

ഡോ. മന്‍മോഹന്‍ സിങ് ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന കാലത്തെ കഥ പറയുന്ന ബോളിവുഡ് ചിത്രമാണ് ‘ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’. ചിത്രത്തിനെതിരെ മുന്‍പും കോണ്‍ഗ്രസ് രംഗത്തെത്തിരുന്നു. അനുപം ഖേര്‍ നായകനാകുന്ന ചിത്രം, മന്‍മോഹന്‍ സിങിന്റെ ജീവിതത്തെ ആസ്പദമാക്കി അദ്ദേഹത്തിന്റെ മുന്‍ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരു എഴുതിയ പുസ്തകത്തെ ആധാരമാക്കിയാണ് നിര്‍മിച്ചിരിക്കുന്നത്.

Top