Chiking
Latest News

അടിമുടി മാറാനൊരുങ്ങി അങ്കണവാടികള്‍; ആധുനിക സൗകര്യങ്ങളോടെ മാതൃകാ അങ്കണവാടികള്‍ സ്ഥാപിക്കാന്‍ പദ്ധതിയായി

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: കളിക്കൊപ്പം പഠനവും ആധുനിക സംവിധാനങ്ങളുമായി അങ്കണവാടികള്‍ മോടികൂട്ടുന്നു. പ്ലേ സ്‌കൂളിനൊപ്പം പ്രീ സ്‌കൂള്‍ സംവിധാനങ്ങളാണ് പുതുതായി ഒരുക്കുന്നത്. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ (സി.ഡി.സി.) മന്ത്രി കെ.കെ.ശൈലജയ്ക്കു സമര്‍പ്പിച്ചു.

ആറു വയസ്സുവരെയുള്ള കുട്ടികള്‍ക്കായി എല്ലാ ജില്ലയിലും മാതൃകാ അങ്കണവാടികള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പാഠ്യപദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. കളിയിലൂടെയും കലയിലൂടെയും വിഷയങ്ങള്‍ പഠിപ്പിക്കുന്ന ഇതിവൃത്താധിഷ്ഠിത പാഠ്യപദ്ധതി(തീം ബേസ്ഡ് കരിക്കുലം)യാകും പിന്തുടരുന്നത്. മുതിര്‍ന്ന കുട്ടികളെ എഴുത്തും വായനയും പഠിപ്പിക്കാനും സൗകര്യമൊരുക്കും.

ഇതിനായി ‘അങ്കണപ്പൂമഴ’ എന്ന കുട്ടികളുടെ കൈപ്പുസ്തകത്തിന്റെ രണ്ടാം ഭാഗം തയ്യാറാക്കും. പ്രീസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമുമുണ്ടാകും. 10 സെന്റ് സ്ഥലത്ത് പഠനമുറി, വിശ്രമസ്ഥലം, ഭക്ഷണം കഴിക്കാനുള്ള സ്ഥലം, അടുക്കള, ഭക്ഷ്യസാധനങ്ങള്‍ സൂക്ഷിക്കാനുള്ള സ്റ്റോര്‍, കളിക്കാനുള്ള സ്ഥലം, മള്‍ട്ടിപര്‍പ്പസ് ഹാള്‍, ചെറിയ പൂന്തോട്ടം എന്നിവയൊക്കെ അങ്കണവാടിയിലുണ്ടാകും.

ആദ്യഘട്ടത്തില്‍ എല്ലാ ജില്ലയിലും ഓരോ മാതൃകാ അങ്കണവാടി തുടങ്ങും. പഞ്ചായത്തിന്റെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെയാണ് സ്ഥലം കണ്ടെത്തുക. പത്തു സെന്റിനു പുറമേ മൂന്നു സെന്റ്, അഞ്ചു സെന്റ്, ഏഴര സെന്റ് എന്നിങ്ങനെ സ്ഥലസൗകര്യത്തിനനുസരിച്ചു സ്ഥാപിക്കാവുന്ന കെട്ടിടങ്ങളുടെ മൂന്നു മാതൃകകളും തയ്യാറാക്കിയിട്ടുണ്ട്.

കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍ ട്രിവാന്‍ഡ്രമാണ് രൂപകല്പന നിര്‍വഹിച്ചത്.

Top