Chiking
Latest News

കൊടനാട് എസ്റ്റേറ്റ് ജീവനക്കാരന്റെ കൊലപാതകം: രേഖകള്‍ കവര്‍ന്നത് എടപ്പാടി പളനിസാമിക്ക് വേണ്ടിയാണെന്ന് മലയാളിയായ രണ്ടാംപ്രതി

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കൊടനാട് എസ്റ്റേറ്റിലെ സുരക്ഷാജീവനക്കാരനെ കൊലപ്പെടുത്തി രേഖകള്‍ കവര്‍ന്നത് നിലവിലെ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിക്ക് വേണ്ടിയെന്ന ആരോപണവുമായി രണ്ടാംപ്രതിയും മലയാളിയുമായ കെ.വി.സയന്‍. അഞ്ചു കോടി രൂപയ്ക്കാണ് കവര്‍ച്ചയ്ക്കുള്ള ക്വട്ടേഷന്‍ നല്‍കിയതെന്നും ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സയന്‍ പറഞ്ഞു.

Image result for കൊടനാട് എസ്റ്റേറ്റ് സയന്‍

ജയലളിതയുടെ വേനല്‍ക്കാല വസതിയായ കൊടനാട് എസ്റ്റേറ്റിലെ കവര്‍ച്ചയിലും തുടര്‍ന്നുണ്ടായ മരണങ്ങളിലും മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്ക് പങ്കുണ്ടെന്നാണ് പ്രതികളായ ഇരിങ്ങാലക്കുട സ്വദേശി കെ.വി. സയനും വാളയാര്‍ മനോജും ആരോപിക്കുന്നത്. കവര്‍ച്ചയുടെ മുഖ്യസൂത്രധാരനും എസ്റ്റേറ്റിലെ ഡ്രൈവറുമായ കനകരാജായിരുന്നു ക്വട്ടേഷന്‍ നല്‍കിയത്. അഞ്ചുകോടി രൂപയായിരുന്നു വാഗ്ദാനം. 2017 ഏപ്രില്‍ 23ന് കൊടനാടെത്തിയ പത്തംഗസംഘം സുരക്ഷ ജീവനക്കാരനെ കെട്ടിയിട്ടു. നാലുപേര്‍ ഉള്ളില്‍കടന്നു. രണ്ടായിരം കോടി പണം എസ്റ്റേറ്റില്‍ ഉണ്ടെന്നായിരുന്നു മറ്റുള്ളവരോട് പറഞ്ഞിരുന്നത്. എന്നാല്‍ യഥാര്‍ഥ ലക്ഷ്യം രേഖകളായിരുന്നു. എടപ്പാടി പളനിസാമിക്ക് വേണ്ടിയായിരുന്നു രേഖകളെന്ന് കനകരാജ് തന്നോടു പറഞ്ഞെന്ന് സയന്‍ മാധ്യമങ്ങളോടു പറഞ്ഞു.

Kodanad Murder Case

2017 ഏപ്രില്‍ 23 നു രാത്രി കവര്‍ച്ചാശ്രമം തടയുന്നതിനിടെയാണ് സുരക്ഷാ ജീവനക്കാരന്‍ ഓം ബഹദൂര്‍ കൊല്ലപ്പെട്ടത്. പ്രതികളും സാക്ഷികളുമായി പിന്നീടുണ്ടായ തുടര്‍മരണങ്ങള്‍ സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിച്ചു. ഏപ്രില്‍ 28ന് സേലത്തുണ്ടായ വാഹനാപകടത്തില്‍ കനകരാജ് കൊല്ലപ്പെട്ടു. തൊട്ടടുത്ത ദിവസം സയനും ഭാര്യയും സഞ്ചരിച്ച കാര്‍ പാലക്കാട് കണ്ണാടിയില്‍ വച്ച് ലോറിക്ക് പിന്നിലിടിച്ചു. ഭാര്യ വിനുപ്രിയയും അഞ്ചുവയസ്സുകാരി മകള്‍ നീതുവും മരിച്ചു. പരുക്കുകളോടെ സയന്‍ രക്ഷപെട്ടു. പിന്നാലെ എസ്റ്റേറ്റിലെ കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ദിനേശ് കുമാറിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ഒന്നാംപ്രതി കനകരാജ് കൊല്ലപ്പെട്ടതോടെ ക്വട്ടേഷന്‍ തുക ലഭിച്ചില്ലെന്നാണ് സയന്‍ പറയുന്നത്. എടപ്പാടി പളനിസാമിയെ ലക്ഷ്യംവച്ച് പ്രതികളുടെ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത് ഇന്ത്യ എഹെഡ് എഡിറ്റര്‍ മാത്യു സാമുവലാണ്. കവര്‍ന്ന രേഖകളുടെ ബലത്തിലാണ് പളനിസാമി മുഖ്യമന്ത്രിയായി തുടരുന്നതെന്നും സയനും മനോജും പറയുന്നു. ജയലളിതയുടെ മരണത്തിലടക്കമുളള ദുരൂഹതകളെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്തുവരുമെന്നും ഇവരുടെ മൊഴി പുറത്തുകൊണ്ടു വന്ന മാധ്യമപ്രവര്‍ത്തകന്‍ മാത്യു സാമുവല്‍ അറിയിച്ചു.

Top