Chiking
Latest News

ദൃശ്യം മോഡലില്‍ യുവതിയെ കൊലപ്പെടുത്തി; ബിജെപി നേതാവും മൂന്ന് മക്കളും അറസ്റ്റില്‍

Web Desk
Indian Telegram Android App Indian Telegram IOS App

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ ഇരുപത്തിരണ്ടുകാരിയെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവും മക്കളും പിടിയില്‍. ബിജെപി നേതാവ് ജഗദീഷ് കരോട്ടിയയും മൂന്ന് മക്കളുമുള്‍പ്പടെ അഞ്ച് പേരാണ് അറസ്റ്റിലായത്. 2016 ഒക്ടോബര്‍ 16നു മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ ട്വിങ്കിള്‍ ഡാഗരെയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ജഗദീഷ് കരോട്ടിയ(65), മക്കളായ അജയ്(36), വിജയ്(38), വിനയ്(36), സഹായി നീലേഷ് കശ്യപ്(28) എന്നിവരാണു പിടിയിലായത്.

കൊല്ലപ്പെട്ട പെണ്‍ക്കുട്ടിക്കു ജഗദീഷുമായി അവിഹിത ബന്ധമുണ്ടായിരുന്നതായും ജഗദീഷിനോടൊപ്പം കഴിയണമെന്നു ട്വിങ്കിള്‍ വാശി പിടിച്ചതോടെ മൂന്നു മക്കളുടെയും സഹായത്താല്‍ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഡിഐജി ഹരിനാരായണാചാരി മിശ്ര പറഞ്ഞു. 2016 ഒക്ടോബര്‍ 16നു ട്വിങ്കിളിനെ കഴുത്തുഞെരിച്ച് കൊന്ന ശേഷം മൃതദേഹം കത്തിച്ചു. പിന്നീട് മൃതദേഹം മറവു ചെയ്യുകയും അതേസമയം മറ്റൊരിടത്ത് ഒരു നായയെ കുഴിച്ചിടുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ ആദ്യം ഈ സ്ഥലമാണു ജഗദീഷും സംഘവും ചൂണ്ടിക്കാട്ടിയത്. പൊലീസിനെ വഴിതെറ്റിക്കാനായിരുന്നു ഇത്. കൊലപാതകത്തിന് മുന്‍പ് ഇവര്‍ ‘ദൃശ്യം’ സിനിമ ഒട്ടേറെ തവണ കണ്ടതായി ഡിഐജി പറഞ്ഞു. ഇതിന്റെ സ്വാധീനത്തിലാണു നായയെ കുഴിച്ചിട്ടത്.

പിന്നീട് ഗുജറാത്തിലെ ലബോറട്ടറിയില്‍ ജഗദീഷിനും രണ്ടും മക്കള്‍ക്കും നടത്തിയ ബ്രെയിന്‍ ഇലക്ട്രിക്കല്‍ ഓക്‌സിലേഷന്‍ സിഗ്‌നേച്ചര്‍ (ബിഇഒഎസ്) ടെസ്റ്റ് വഴിയാണു കുറ്റം തെളിഞ്ഞതെന്നു ഡിഐജി പറഞ്ഞു. ‘ മസ്തിഷ്‌ക വിരലടയാളം’ എന്നറിയപ്പെടുന്ന ബിഇഒഎസ് വഴി ഇന്‍ഡോറില്‍ തെളിയിക്കുന്ന ആദ്യ കുറ്റകൃത്യമാണ് ഇത്. കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അറസ്റ്റിലായ ജഗദീഷ് കരോട്ടിയ ഒരു മുന്‍ ബിജെപി എംഎല്‍എയുടെ അടുത്ത ആളാണെന്നും പൊലീസില്‍ സ്വാധീനം ഉപയോഗിച്ച് കേസില്‍ നിന്നു രക്ഷപെടുമെന്നും ട്വിങ്കിളിന്റെ കുടുംബം ആരോപിച്ചു.

Top