Chiking
Latest News

നവകേരള നിര്‍മാണത്തിന് ചെലവ് ചുരുക്കണമെന്ന് സര്‍ക്കാര്‍; പഞ്ചായത്ത് ദിനാഘോഷത്തിന് ചെലവായത് 4 കോടി

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: പ്രളയശേഷമുള്ള നവകേരള നിര്‍മാണത്തിന് ചെലവുചുരുക്കുമെന്ന്  പറഞ്ഞ സര്‍ക്കാര്‍ പഞ്ചായത്ത് ദിനാഘോഷത്തിന് ചെലവാക്കിയത് നാലുകോടിയോളം രൂപ. ഇപ്പോഴും ആളുകള്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന തൃശ്ശൂര്‍ ജില്ലയില്‍, വന്‍കിട കണ്‍വെന്‍ഷന്‍ സെന്ററിലാണ് രണ്ടുദിവസത്തെ പരിപാടി. കേരളം പ്രളയത്തിന് ശേഷം കരകയറുന്നതിനിടെയാണ് സര്‍ക്കാര്‍ തന്നെ അധികചെലവ് നടത്തുന്നത്.

നൂറുവീടെങ്കിലും നിര്‍മിച്ചുകൊടുക്കാനുളള പണമാണ് ഇത്തരത്തില്‍ പൊടിക്കുന്നത്. 4000 പ്രതിനിധികളാണ് ഇതില്‍ പങ്കെടുക്കുക. സെമിനാറുകളാണ് പ്രധാന അജന്‍ഡ. 15 കമ്മിറ്റികള്‍ രൂപവത്കരിച്ചു, അവലോകനങ്ങളും നടക്കുന്നു. വരുന്നവര്‍ സംതൃപ്തിയോടെ മടങ്ങണമെന്നാണ് കമ്മിറ്റികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. പഞ്ചായത്തിരാജിന്റെ പിതാവ് എന്നറിയപ്പെടുന്ന മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി ബല്‍വന്ത് റായ് മേത്തയുടെ ജന്‍മദിനമായ ഫെബ്രുവരി 19 ആണ് പഞ്ചായത്ത് ദിനാഘോഷമായി നടത്തുന്നത്.

കേരളം മാത്രമാണ് ഇങ്ങനെയൊരു ആഘോഷം നടത്തുന്നത്. ഇക്കുറി ഫെബ്രുവരി 18, 19 തീയതികളില്‍ തൃശ്ശൂര്‍ പുഴയ്ക്കല്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററിലാണ് ആഘോഷം. കഴിഞ്ഞവര്‍ഷം തദ്ദേശമന്ത്രിയായിരുന്ന കെ.ടി. ജലീലിന്റെ ജില്ലയായ മലപ്പുറത്തായിരുന്നു, ഇക്കൊല്ലം എ.സി. മൊയ്തീന്‍ മന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്റെ ജില്ലയില്‍ നടക്കുന്നു എന്ന വ്യത്യാസംമാത്രം.

41 ഗ്രാമപ്പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 87 മുനിസിപ്പാലിറ്റികള്‍, ആറുകോര്‍പ്പറേഷനുകള്‍, ഒരു ടൗണ്‍ഷിപ്പ്, 14 ജില്ലാപഞ്ചായത്തുകള്‍, 14 ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകള്‍, ഡയറക്ടര്‍ ഓഫീസ്, മന്ത്രിയുടെ ഓഫീസ് എന്നിവടങ്ങളില്‍നിന്ന് രണ്ടുപേരെങ്കിലും വന്നാല്‍ തന്നെ 2432 പേര്‍ ആകും. എന്നാല്‍ അതായിരിക്കില്ല അവസ്ഥ. ആയിരത്തോളം ഡ്രൈവര്‍മാര്‍തന്നെ ഉണ്ടാവും. ചുരുങ്ങിയത് നാലായിരം പേരെങ്കിലും എത്തും എന്ന കണക്കിലാണ് സ്വാഗതസംഘത്തിന്റെ പ്രവര്‍ത്തനം.

30 ലക്ഷം രൂപയുടെ ഭക്ഷണമാണ് രണ്ടുദിവസം മൂന്നുനേരവും വിളമ്പുക. രണ്ടായിരം രൂപയെങ്കിലും വിലമതിക്കുന്ന ഉപഹാരം എല്ലാവര്‍ക്കും ഉണ്ടാവും. രണ്ടുദിവസത്തെ ഹാളിന്റെ വാടക 10 ലക്ഷം രൂപ. താമസത്തിന് തൃശ്ശൂര്‍ നഗരത്തിലെ ഹോട്ടല്‍മുറികള്‍ക്കായി 20 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കി. മൊത്തം വാടക അരക്കോടി രൂപയോളം വരും. തൃശ്ശൂര്‍, പാലക്കാട്, എറണാകുളം, മലപ്പുറം എന്നീ ജില്ലകളില്‍നിന്നുള്ള ചുരുക്കം ചിലരൊഴിച്ച് എല്ലാവരും താമസസൗകര്യം ആവശ്യപ്പെട്ടിട്ടുണ്ട്.

വാഹനങ്ങളുടെ ഇന്ധനച്ചെലവ് സ്ഥാപനങ്ങളുടെ ഫണ്ടില്‍നിന്ന്. പങ്കെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ടി.എ., ഡി.എ. എന്നിവ സര്‍ക്കാര്‍ വക. ജനപ്രതിനിധികള്‍ ഇത് ഫണ്ടില്‍നിന്ന് എഴുതിയെടുക്കും. കലാപരിപാടികള്‍, തേക്കിന്‍കാട് മൈതാനത്ത് പ്രദര്‍ശനം എന്നിവയുമുണ്ട്. ആതിഥേയ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ ഒഴിച്ചുള്ളവയെല്ലാം 15,000 രൂപ തനത് ഫണ്ടില്‍നിന്ന് എടുത്താണ് കഴിഞ്ഞവര്‍ഷം ആഘോഷം നടത്തിയത്. ആതിഥേയജില്ലയ്ക്ക് 20,000 രൂപയായിരുന്നു ഇത്. 40,000 രൂപ വരെ ചെലവഴിക്കാനുള്ള അനുമതിയും കൊടുത്തിരുന്നു. ഇക്കൊല്ലം ഇതുസംബന്ധിച്ച ഉത്തരവ് വന്നിട്ടില്ല. എന്നാല്‍, തുകയില്‍ വ്യത്യാസമുണ്ടാവാന്‍ സാധ്യതയില്ല.

ചെലവുചുരുക്കി സര്‍ക്കാര്‍ നടത്തിയ ചില പരിപാടികള്‍.

*ആറുകോടിയുടെ സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടുകോടിക്ക് നടത്തി.

*ഭിന്നശേഷി ദിനാചരണവും കലോത്സവവും നടത്തിയില്ല.

*ചലച്ചിത്രമേള ആറര കോടിക്കുപകരം മൂന്നരകോടി രൂപയ്ക്കു നടത്തി.

*അന്താരാഷ്ട്ര നാടകോത്സവം 2.1 കോടിക്കു പകരം 95 ലക്ഷം രൂപയ്ക്ക് നടത്താന്‍ ഒരുങ്ങുന്നു.

Top