Chiking
Latest News

മോദിക്ക് അവാര്‍ഡ്: പരിഹാസവുമായി രാഹുല്‍

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആദ്യത്തെ ഫിലിപ് കോട്‌ലര്‍ പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് ലഭിച്ചതില്‍ ആശംസയും പരിഹാസവുമായി കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പുറത്തുവിട്ട ട്വീറ്റ് വിവാദത്തില്‍. ‘ദ വയര്‍’ പുറത്തുവിട്ട റിപ്പോര്‍ട്ടിനേത്തുടര്‍ന്ന് പുരസ്‌കാരം തന്നെ വിവാദമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുല്‍ ട്വീറ്റ് ചെയ്തത്.

ലോകപ്രശസ്തമായ കോട്‌ലര്‍ പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് നേടിയ പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങള്‍. ജൂറിയില്ലാത്തിനാല്‍ അത് പ്രശസ്തമാണ്, നേരത്തേ ആര്‍ക്കും ലഭിച്ചിട്ടില്ലാത്തതുമാണ്. പ്രശസ്തമായ ഈ പുരസ്‌കാരത്തിന് പിന്നില്‍ അലിഗഡിലെ അറിയപ്പെടാത്ത കമ്പനിയാണ്. ഇവന്റ് പാര്‍ട്ണര്‍ പതഞ്ജലിയും റിപ്പബ്ലിക് ടിവിയും ട്വീറ്റില്‍ രാഹുല്‍ പറയുന്നതിങ്ങനെ.

സ്വന്തം കുടുംബത്തിലുള്ളവര്‍ക്ക് ഭാരതരത്‌നം കൊടുക്കാന്‍ തീരുമാനിച്ച കുടുംബത്തില്‍ നിന്നുവന്നയാളുടെതാണ് ഈ കമന്റ് എന്ന് സ്മൃതി ഇറാനി അതിനെ പരിഹസിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തു.

കഴിഞ്ഞദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുരസ്‌കാരം ഏറ്റുവാങ്ങിയത്. രാജ്യത്തിന് നല്‍കിവരുന്ന വിശിഷ്ടമായ നേതൃത്വത്തിന്റെ പേരിലാണ് പുരസ്‌കാരം നല്‍കുന്നതെന്ന് പുരസ്‌കാരം ഏര്‍പ്പെടുത്തിയ വേള്‍ഡ് മാര്‍ക്കറ്റിങ് സമ്മിറ്റ് (ഡബ്ല്യുഎംഎസ്) ഗ്രൂപ്പ് വ്യക്തമാക്കി. എന്നാല്‍ പരിപാടിയുടെയോ, അത് നടപ്പിലാക്കിയ ഡബ്ല്യുഎംഎസിന്റേയോ വെബ്‌സൈറ്റിലോ മറ്റെവിടെയെങ്കിലുമോ ഇതേക്കുറിച്ച് ഇതുവരെ ഒന്നും രേഖപ്പെടുത്തിയില്ലെന്നാണ് ‘ദ വയര്‍’ റിപ്പോര്‍ട്ട് ചെയ്തത്.

മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോഴാണ് ഈ പുരസ്‌കാരത്തേക്കുറിച്ച് അറിയുന്നത് എന്ന് വ്യക്തമാക്കിയാണ് ‘ദ വയര്‍’ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പൊതുമേഖലാ സ്ഥാപനമായ ഗെയില്‍, ബാബാ രാംദേവിന്റെ പതഞ്ജലി, ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖറിന്റെ റിപ്പബ്ലിക് ടി.വി എന്നിവരാണ് 2018 ലെ വേള്‍ഡ് മാര്‍ക്കറ്റിങ് സമ്മിറ്റിന്റെ കോ സ്‌പോണ്‍സര്‍മാര്‍. ഡബ്ല്യുഎംഎസ് ഗ്രൂപ്പിന്റെ സ്ഥാപകനും മാര്‍ക്കറ്റിങ്, മാനേജ്‌മെന്റ് ഗുരുവുമായ ഫിലിപ് കോട്‌ലറുടെ പേരില്‍ ആരംഭിച്ചതാണ് ഈ പുരസ്‌കാരം.

പ്രധാനമന്ത്രിക്ക് പുരസ്‌കാരം കിട്ടിയത് അറിയിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ പ്രസ് റിലീസില്‍ അവാര്‍ഡ് ജൂറി ആരൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടുമില്ല. പരസ്യ, മാര്‍ക്കറ്റിങ് രംഗത്തുള്ളവര്‍ക്ക് മാത്രമാണ് മുന്‍ വര്‍ഷങ്ങളില്‍ പുരസ്‌കാരം നല്‍കിയതെന്നും ദ വയര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, സ്മൃതി ഇറാനി, മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങ്, മുന്‍ മുഖ്യമന്ത്രിമാരായ രമണ്‍ സിങ്, വസുന്ധര രാജെ എന്നിങ്ങനെ നിരവധി പേര്‍ മോദിക്ക് ആശംസകളര്‍പ്പിച്ച് ട്വീറ്റ് ചെയ്തു.

Top