Chiking
Latest News

ജിയോക്ക് റെക്കോര്‍ഡ് ലാഭം;ജൂണില്‍ 10,383 കോടിയുടെ വരുമാനം;വരിക്കാരുടെ എണ്ണം 28 കോടി

Web Desk
Indian Telegram Android App Indian Telegram IOS App

മുംബൈ:രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോയുടെ മൂന്നാം പാദത്തിലെ വന്‍ കുതിപ്പിനെ കുറിച്ചാണ് മിക്ക ടെക്, സാങ്കേതിക വിദഗ്ധരും ചര്‍ച്ച ചെയ്യുന്നത്. പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 2018 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നാം പാദത്തിലെ ജിയോയുടെ ഓപ്പറേറ്റിങ് വരുമാനം 10,383 കോടിയാണ്. മുന്‍ വര്‍ഷം ഇക്കാലയളില്‍ ഇത് 6,879 കോടിയായിരുന്നു. ഇത് 50.9 ശതമാനത്തിന്റെ മുന്നേറ്റമാണ് കാണിക്കുന്നത്.

മൂന്നാം പാദത്തില്‍ ജിയോയുടെ അറ്റാദായം 831 കോടി രൂപയാണ്. മുന്‍ വര്‍ഷം മൂന്നാം പാദത്തില്‍ ഇത് 681 കോടി രൂപയായിരുന്നു. ലാഭത്തില്‍ 65 ശതമാനത്തിന്റെ കുതിപ്പാണ് ജിയോ നടത്തിയിരിക്കുന്നത്. ആളോഹരി റീചാര്‍ജ് കുറഞ്ഞെങ്കിലും വരിക്കാരുടെ എണ്ണം കുത്തനെ കൂടിയതാണ് ജിയോയ്ക്ക് നേട്ടമായത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ജിയോ വരിക്കാരുടെ എണ്ണം 28 കോടിയാണ്. കഴിഞ്ഞ ഡിസംബറില്‍ കമ്പനിയുടെ വരിക്കാരുടെ എണ്ണം 13.1 കോടിയായിരുന്നു.

ജിയോ വരിക്കാര്‍ മാസം ശരാശരി 10.8 ജിബി ഡേറ്റ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഓരോ മാസവും 794 മിനിറ്റ് വോയ്‌സ് കോളുകളും വിളിക്കുന്നു. ഒരു മാസം ജിയോ വഴി കാണുന്നത് 460 കോടി മണിക്കൂര്‍ വിഡിയോയാണ്. ഇത്രയും കുറഞ്ഞ കാലത്തിനിടെ ഒരു സംരംഭം ലാഭത്തിലാകുന്നത് ശ്രദ്ധേയമാണ്. ട്രായിയുടെ ചില തീരുമാനങ്ങളും കുറഞ്ഞ നിരക്കിലുള്ള താരിഫ് പ്ലാനുകളുമാണ് കമ്പനിയെ ഇത്രയും വലിയ ലാഭത്തിലാക്കിയത്.

ഇന്റര്‍കണക്ഷന് നല്‍കേണ്ട തുക 14 പൈസയില്‍ നിന്ന് ആറു പൈസയായി വെട്ടിക്കുറച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് ജിയോ തന്നെയായിരുന്നു. കാരണം അണ്‍ലിമിറ്റഡ് കോള്‍ സര്‍വീസ് തുടങ്ങിയ ജിയോയെ സംബന്ധിച്ചിടത്തോളം ഈ വഴിക്ക് എയര്‍ടെല്‍, ഐഡിയ, വോഡഫോണ്‍ കമ്പനികള്‍ക്ക് വന്‍ തുക നല്‍കേണ്ടി വന്നിരുന്നു.നിലവില്‍ വിപണിയില്‍ നിന്ന് ലഭ്യമായ റിപ്പോര്‍ട്ട് പ്രകാരം മിക്ക വരിക്കാരും രണ്ട് കമ്പനികളുടെ സിം ഉപയോഗിക്കുന്നുണ്ട്. ഇവരില്‍ മിക്കവരും വിളിക്കാന്‍ ഉപയോഗിക്കുന്നത് ജിയോയും ഇന്‍കമിങ് സിം മറ്റു കമ്പനികളുടേതുമാണ്.

Top