Chiking
Latest News

ശബരിമലയില്‍ കയറിയ യുവതികളുടെ പട്ടികയില്‍ പിഴവ് വന്നതില്‍ വകുപ്പുകള്‍ തമ്മില്‍ പരസ്പരം പഴിചാരുന്നു; കോടതിയില്‍ നേരിട്ട് നല്‍കാനല്ല ലിസ്റ്റ് കൊടുത്തതെന്ന് പൊലീസ്; ലിസ്റ്റിന്റെ ആധികാരികതയില്‍ സംശയം ഉണ്ടെന്ന് ആരും പറഞ്ഞില്ലെന്ന് നിയമവകുപ്പ്

Web Desk
Indian Telegram Android App Indian Telegram IOS App


തിരുവനന്തപുരം: ശബരിമലയില്‍ കയറിയെന്ന് അവകാശപ്പെട്ട് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ യുവതികളുടെ പട്ടികയില്‍ പിഴവ് വന്നതില്‍ വകുപ്പുകള്‍ തമ്മില്‍ പരസ്പരം പഴിചാരുന്നു. പട്ടികയിലെ പൊരുത്തക്കേടുകള്‍ പുറത്ത് വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിനോടും നിയമവകുപ്പിനോടും വിശദീകരണം തേടിയിരുന്നു. അതിന് മറുപടി നല്‍കിയതില്‍ ഇരുവകുപ്പുകളും പരസ്പരം പഴി ചാരുകയാണ്. കോടതിയില്‍ നേരിട്ട് നല്‍കാനല്ല ലിസ്റ്റ് കൊടുത്തതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ബിന്ദുവും കനക ദുര്‍ഗയും അല്ലാതെ മറ്റാരെങ്കിലും കയറിയോ എന്ന ചോദ്യം കോടതി ഉന്നയിച്ചാല്‍ മാത്രം നല്‍കാനായിരുന്നു പട്ടിക. വെര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ നല്‍കിയ വിവരങ്ങള്‍ എന്ന് വ്യക്തമാക്കിയാണ് പട്ടിക നല്‍കിയതെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ ലിസ്റ്റിന്റെ ആധികാരികതയില്‍ സംശയം ഉണ്ടെന്ന് ആരും പറഞ്ഞില്ലെന്നാണ് നിയമവകുപ്പ് വ്യക്തമാക്കുന്നത്.

വിര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്ത് പമ്പയില്‍ വന്ന് പാസ്സ് വാങ്ങിപ്പോയ ആളുകളുടെ കണക്കാണ് നല്‍കിയിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. ബിന്ദുവും കനകദുര്‍ഗയുമല്ലാതെ വേറെ ആരെങ്കിലും കയറിയോ എന്ന് ചോദിച്ചാല്‍ മാത്രം നല്‍കാനാണ് ഈ ലിസ്റ്റ് നല്‍കിയത്. എന്നാല്‍ ഇത് കൈകഴുകലാണ്, ഉത്തരവാദിത്തത്തോടെ പൊലീസ് തന്ന പട്ടികയാണിതെന്ന് നിയമവകുപ്പും പറയുന്നു. പൊലീസിന്റെ ലിസ്റ്റ് കിട്ടിയ ശേഷം ഏറെ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് കോടതിയില്‍ കൊടുക്കാന്‍ തീരുമാനിച്ചതെന്ന നിയമവകുപ്പും വിശദീകരിക്കുന്നു.

അതിനിടെ ഇതെങ്ങനെ ഡല്‍ഹിയിലെ ഓഫീസില്‍ നിന്ന് ചോര്‍ന്നു എന്ന പ്രശ്‌നവും സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ്. പ്രസിദ്ധപ്പെടുത്താനല്ല, രഹസ്യമായി കോടതിരേഖകളുടെ ഭാഗമാക്കാന്‍ മാത്രമാണ് സര്‍ക്കാര്‍ ഈ പട്ടിക സുപ്രീംകോടതിയ്ക്ക് മുമ്പാകെ സമര്‍പ്പിച്ചത്.

സര്‍ക്കാരിന് യുവതികളുടെ പട്ടികയില്‍ ആശയക്കുഴപ്പമില്ലെന്നാണ് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറയുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഒരു പട്ടിക കൊടുത്തെങ്കില്‍ അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിന് തന്നെയാണെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കുന്നു. പട്ടികയെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നും ദേവസ്വംബോര്‍ഡിന് എത്ര സ്ത്രീകള്‍ കയറിയെന്നറിയില്ലെന്നും ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാറും വ്യക്തമാക്കുന്നു. പട്ടികയുടെ ഉത്തരവാദിത്തം ദേവസ്വംബോര്‍ഡിനില്ലെന്നാണ് പദ്മകുമാറിന്റെ നിലപാട്.

Top