Chiking
Latest News

കണ്ണൂരില്‍ പികെ ശ്രീമതിയ്ക്ക് പകരം ജയരാജന്‍ മത്സരിക്കുമോ?

Web Desk
Indian Telegram Android App Indian Telegram IOS App

കണ്ണൂര്‍: വടക്കന്‍ കേരളത്തിലെ സിപിഐഎമ്മിന്റെ സ്ഥാനാര്‍ഥിച്ചര്‍ച്ചകളിലെ പ്രധാന വിഷയമാണ് പികെ ശ്രീമതിയെ മാറ്റി കണ്ണൂരില്‍ നിന്ന് ജില്ലാ സെക്രട്ടറി പി ജയരാജന്‍ മത്സരിക്കുമോ എന്ന്. അവസാനമായി 13 വര്‍ഷം മുമ്പ് ഒരു തെരഞ്ഞെടുപ്പില്‍ മത്സരിച്ച ജയരാജനെ ഇറക്കാനാണ് പാര്‍ട്ടി തീരുമാനമെങ്കില്‍ സംസ്ഥാനത്തെ മൊത്തം പ്രചാരണരംഗത്തെ അത് സ്വാധീനിക്കും.

സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് ചെവി കൊടുക്കാതെ, പ്രതികരിക്കാതെ കരുതലിലാണ് പി ജയരാജന്‍. കണ്ണൂരില്‍ രണ്ടാമൂഴം കാക്കുന്ന സിറ്റിങ് എം.പി പികെ ശ്രീമതി കുറച്ചധികം കരുതലിലും. ജയരാജന്റെ സാധ്യതകളെക്കുറിച്ച് മുതിര്‍ന്ന നേതാക്കളോട് ചോദിച്ചാല്‍ മറുപടി ശ്രദ്ധയോടെ മാത്രം.

”നിരവധി സമര്‍ഥരായ പാര്‍ട്ടി നേതാക്കളുണ്ട്. അവരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതയുള്ളവരാണ്. അവരില്‍ കൂടുതല്‍ യോഗ്യതയുള്ളവരെ ഞങ്ങള്‍ സ്ഥാനാര്‍ഥികളായി നിശ്ചയിക്കും.” പി ബി അംഗം എസ് രാമചന്ദ്രന്‍ പിള്ള പറയുന്നു.

ഐആര്‍പിസി വഴി സാന്ത്വനപരിചരണ രംഗത്തും മറ്റുമായി ജില്ലയില്‍ ജയരാജന്റെ വേരുകളുടെ ഉറപ്പ് പാര്‍ട്ടിക്ക് നന്നായറിയാം. ജയരാജനിറങ്ങിയാല്‍ അരയും തലയും മുറുക്കി അണികള്‍ ആവേശത്തോടെ രംഗത്തുണ്ടാകുമെന്നുമുറപ്പാണ്. ഈ ജനകീയത വ്യക്തിപൂജ ആരോപണവും നടപടിയുമായി ജയരാജനെ തിരിച്ചടിക്കുന്നതും കണ്ടു.

സാധ്യതകള്‍ ഇങ്ങനെയാണെങ്കിലും വനിതാ പ്രതിനിധിയായ ശ്രീമതിയെ മാറ്റിയൊരു പരീക്ഷണം കണ്ണൂരില്‍ പാര്‍ട്ടിക്ക് കടുപ്പമാണ്. മാത്രമല്ല, ഷുക്കൂര്‍, കതിരൂര്‍ മനോജ് വധക്കേസുകള്‍ക്ക് പിന്നാലെ ശുഹൈബ് വധം കൂടിയുള്ളത് കൊണ്ട് ജയരാജനെതിരായ വികാരം ആളിക്കത്തിക്കാനും പ്രചാരണം വഴിതിരിക്കാനും എതിരാളികള്‍ക്ക് ആയുധം വേണ്ടുവോളമുണ്ട്. രാഷ്ട്രീയ എതിരാളികളുമായി നിലനിര്‍ത്തിയ കടുത്ത പോരും, ന്യൂനപക്ഷ മലയോര വോട്ടുകളുള്ള അഴീക്കോട്, കണ്ണൂര്‍, ഇരിക്കൂര്‍, പേരാവൂര്‍ നിയമസഭാ മണ്ഡലങ്ങളും കടമ്പയാണ്.

ഇങ്ങനെയിരിക്കെ വടകരയിലേക്കാണ് സാധ്യതകളുടെ ത്രാസിന് തൂക്കമല്‍പ്പം കൂടുതല്‍. പി ജയരാജന്റെ വീടും വോട്ടുമുള്‍പ്പെടുന്ന തലശ്ശേരിയും കൂത്തുപറമ്പും വടകര മണ്ഡലത്തിലാണ്. പി ജയരാജന്റെ പോരാളി പ്രതിച്ഛായ കണ്ണൂരില്‍ മാത്രം നില്‍ക്കുന്നതുമല്ല. വ്യക്തിപൂജ വിവാദത്തിലും വീഴാതിരുന്ന ജയരാജനെ കണ്ണൂര്‍ രാഷ്ട്രീയത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് പറിച്ച് നടുമെന്ന ഊഹങ്ങളും അന്തരീക്ഷത്തിലുണ്ട്.

എന്നാല്‍ ജയരാജന് പകരം സഹോദരി സതീദേവി കളത്തിലിറങ്ങാനും സാധ്യത കല്‍പിക്കപ്പെടുന്നുണ്ട്. സതീദേവിയെത്തിയാല്‍ വടകരയിലേക്കുള്ള വഴിയടയുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

Top