Chiking
Latest News

സമയത്ത് ആശുപത്രിയില്‍ എത്തിച്ചില്ല; എസ്‌ഐയും യുവാവും നടുറോഡില്‍ രക്തം വാര്‍ന്നു മരിച്ചു

Web Desk
Indian Telegram Android App Indian Telegram IOS App

ആലപ്പുഴ: സമയത്ത് ആശുപത്രിയില്‍ എത്തിക്കാത്തതിനെത്തുടര്‍ന്ന് എസ്‌ഐയും യുവാവും നടുറോഡില്‍ രക്തം വാര്‍ന്നു മരിച്ചു. ആലപ്പുഴ ചങ്ങനാശേരി റോഡില്‍ രണ്ടിടങ്ങളിലുണ്ടായ അപകടത്തില്‍ പരുക്കേറ്റ് സഹായം ലഭിക്കാതെ ഏറെ നേരം കിടന്ന എസ്‌ഐയ്ക്കും യുവാവിനും ദാരുണാന്ത്യം.

മുന്‍പ് അപകടങ്ങളില്‍ ഏറെ ജീവനുകള്‍ രക്ഷിച്ച ഹൈവേ പെട്രോളിങ് സംഘത്തിലെ ഗ്രേഡ് എസ്‌ഐ ബൈക്ക് മറിഞ്ഞ് അര മണിക്കൂറോളം സഹായം ലഭിക്കാതെ റോഡില്‍ കിടന്നു. മറ്റൊരു സംഭവത്തില്‍, സ്‌കൂട്ടറില്‍ ലോറിയിടിച്ച് 10 മിനിറ്റിലേറെ റോഡില്‍ കിടന്ന റിസോര്‍ട്ട് ഷെഫിനും സഹായം വൈകി. കൈനടി സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ആലപ്പുഴ വാടയ്ക്കല്‍ ആഞ്ഞിലിപ്പറമ്പില്‍ എ.ജെ.ജോസഫ് (55), ആലപ്പുഴ വഴിച്ചേരി സെന്റ് ജോസഫ്‌സ് സ്ട്രീറ്റ് ശ്യാം നിവാസില്‍ പരേതനായ ഷാജി ഫ്രാന്‍സിസിന്റെ മകന്‍ ശ്യാം ഷാജി (21) എന്നിവരാണു മരണത്തിനു കീഴടങ്ങിയത്.

ഉച്ചയ്ക്കു രണ്ടരയോടെ ആലപ്പുഴചങ്ങനാശേരി റോഡില്‍ പള്ളിക്കൂട്ടുമ്മ ജംക്ഷനു സമീപത്തായിരുന്നു അപകടം. ബൈക്ക് മറിഞ്ഞു റോഡില്‍ കിടന്ന ജോസഫിന്റെ ഹെല്‍മെറ്റ് ഊരിമാറ്റാന്‍ പോലും സ്ഥലത്തുണ്ടായിരുന്നവര്‍ കാഴ്ചക്കാരായി. അര മണിക്കൂറിനുശേഷം അതുവഴി വന്ന കൈനടി സ്റ്റേഷനിലെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനാണു ജോസഫിനെ ആശുപത്രിയിലെത്തിച്ചത്. ആന്തരിക രക്തസ്രാവമാണു മരണകാരണമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. ആലപ്പുഴ ചങ്ങനാശേരി റോഡിലെ ഹൈവേ പെട്രോളിങ് സംഘത്തിലെ അംഗമായിരുന്നു ജോസഫ്.

ഭാര്യ: റിനി ജോസഫ്. മക്കള്‍: കൃപ ജോസഫ്, സ്‌നേഹ ജോസഫ്, ജീവന്‍ ജോസഫ് (മൂവരും വിദ്യാര്‍ഥികള്‍). സംസ്‌കാരം ഇന്നു മൂന്നിന് വട്ടയാല്‍ സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.

ആലപ്പുഴചങ്ങനാശേരി റോഡില്‍ത്തന്നെ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 1.30 നു കൈതന ജംക്ഷനിലായിരുന്നു ശ്യാമിന്റെ മരണകാരണമായ അപകടം. പുന്നമടയിലെ റിസോര്‍ട്ടിലെ ഷെഫുമാരായ ശ്യാമും പൂച്ചാക്കല്‍ സ്വദേശി മിഥുനും ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു. ഗള്‍ഫിലേക്കു പോകുന്ന മറ്റൊരു സുഹൃത്തിനെ യാത്രയാക്കാന്‍ കളര്‍കോടുള്ള വീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം. മിഥുന്‍ (19) പരുക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ശ്യാമാണു സ്‌കൂട്ടര്‍ ഓടിച്ചത്. വഴിവിളക്കില്ലാത്ത ജംക്ഷനില്‍ തിരിയുന്നതിനിടെ ദേശീയപാതയിലേക്കു വന്ന ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കടന്നുപോയ വാഹനങ്ങളൊന്നും നിര്‍ത്താതിരുന്നതിനാല്‍ ചോരയില്‍ കുളിച്ച് 10 മിനിറ്റിലേറെ ശ്യാം റോഡില്‍ക്കിടന്നു. പിന്നാലെ വന്ന സുഹൃത്തുക്കള്‍ കാര്‍ തടഞ്ഞുനിര്‍ത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രാവിലെ 7 നു മരിച്ചു. അമ്മ: ലത. സഹോദരി: ഗീതു. നിര്‍ത്താതെ പോയ ലോറിയും ഡ്രൈവറും പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി.

Top