Chiking
Latest News

വീര്‍ സവര്‍ക്കറെ മോദി സര്‍ക്കാരും മറന്നു; ഭാരത് രത്‌നയ്ക്ക് പരിഗണിക്കാത്തത് ശരിയായില്ലെന്ന് ശിവസേന

Web Desk
Indian Telegram Android App Indian Telegram IOS App

മുംബൈ: രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിന്റെ പ്രതീകമായിരുന്ന വീര്‍ സവര്‍ക്കറെ മോദി ഭരണകാലത്ത് ഭാരത് രത്‌നയ്ക്കു പരിഗണിക്കാതിരുന്നതു നിര്‍ഭാഗ്യകരമായിപ്പോയെന്നു ശിവസേന. അന്തരിച്ച ഭൂപന്‍ ഹസാരികയ്ക്കു ഉയര്‍ന്ന ബഹുമതി നല്‍കിയതു ലോക്‌സഭാ തെരഞ്ഞെടുപ്പു കണ്ണുവച്ചാണെന്നും അതു തെറ്റാണെന്നും സേന കുറ്റപ്പെടുത്തി.

കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ബിജെപി സഖ്യകക്ഷിയാണെങ്കിലും ബന്ധത്തിലെ വിള്ളല്‍ പലതവണ പുറത്തുവന്നിരുന്നു. സവര്‍ക്കറിനു ഭാരത രത്‌ന നല്‍കണമെന്ന ആവശ്യം ദീര്‍ഘകാലമായി ശിവസേന ഉയര്‍ത്തുകയാണ്. ഇതേ ആവശ്യം ഉന്നയിച്ചു ശിവസേനയുടെ രാജ്യസഭാംഗമായ സഞ്ജയ് റാവത്ത് പ്രധാനമന്ത്രിക്കു കത്തയച്ചിരുന്നു.

‘ഹിന്ദുത്വത്തിന്റെ ശക്തനായ വക്താവായ സവര്‍ക്കറെ കോണ്‍ഗ്രസ് ഭരണത്തില്‍ അപമാനിക്കുകയായിരുന്നു. എന്നാല്‍ മോദി സര്‍ക്കാരും അധികാരത്തില്‍ വന്നതിനുശേഷം എന്താണു ചെയ്തത്? പ്രതിപക്ഷത്തായിരുന്നപ്പോള്‍ സവര്‍ക്കര്‍ക്കു ഭാരത് രത്‌ന നല്‍കണമെന്നു ബിജെപി ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാമക്ഷേത്രം നിര്‍മിക്കാനോ സവര്‍ക്കര്‍ക്കു ഭാരത രത്‌ന നല്‍കാനോ അവര്‍ക്കായില്ല’- മുഖപത്രമായ ‘സാമ്‌ന’യിലെഴുതിയ മുഖപ്രസംഗത്തില്‍ ശിവസേന കുറ്റപ്പെടുത്തി.

കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി ആന്‍ഡമാന്‍ സന്ദര്‍ശിച്ചിരുന്നു. സവര്‍ക്കറെ പാര്‍പ്പിച്ചിരുന്ന ജയില്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നുവെന്നും സേന ഓര്‍മിപ്പിച്ചു. ‘അദ്ദേഹം കുറച്ചു ധ്യാനം നടത്തി, പക്ഷേ, കടലിന്റെ തിരകളില്‍ അതെല്ലാം ഒലിച്ചുപോയി’- പരിഹാസത്തോടെ സേന കുറിച്ചു.

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കു ഭാരത രത്‌ന നല്‍കിയതു സ്വാഗതം ചെയ്ത സേന, എന്നാല്‍ എന്തുകൊണ്ടു പ്രണബിനു രണ്ടാമതൊരു ഊഴം കൊടുക്കാന്‍ ബിജെപി ശ്രമിച്ചില്ലെന്നതും ചോദിച്ചു.

Top